Sunday, July 22, 2007

ഹമ്മോ, പത്ത് വര്‍ഷം !!!

എന്റെ പ്രവാസി ജീവിതം ആരംഭിച്ചിട്ട് ഇന്നലെ 10 വര്‍ഷം തികഞ്ഞു ... കൊടും ചൂടുള്ള ഒരു ജൂലായിലായിരുന്നു ഞാന്‍ ആദ്യമായി കുവൈറ്റില്‍ കാലുകുത്തിയത് ... ജീവിതമെന്തെന്നറിയാത ഒരു 19 വയസ്സുകാരന്റെ അമ്പരപ്പ് അന്ന് എന്റെ മുഖത്തുണ്ടായിരുന്നൊ ?? എനിക്കോര്‍മ്മയില്ല.. അറിയാവുന്നതൊന്നു മാത്രം , നാട്ടില്‍ തകര്‍ത്ത് നടന്ന എനിക്ക് ഒരു ജോലി കിട്ടിയപ്പോള്‍ എനിക്കു സന്തോഷത്തേക്കാളേറെ സങ്കടമായിരുന്നു... എന്റെ നാടും എന്റെ കൂട്ടുകാരും നഷ്ട്‌പ്പെടുന്നതിന്റെ ..

10 വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ എന്തൊക്കെ നേടി ... ഇന്നലെ ചുമ്മാ ഇരുന്നു ആലൊചിച്ചു ... നേട്ടങ്ങള്‍ തന്നെ കൂടുതലും ... എങ്കിലും ചില നഷ്ടങ്ങള്‍ ഓര്‍ത്ത് പോയി ... എന്റെ മാത്രം നഷ്ടങ്ങളാവില്ല അത് ... ചെറു പ്രായത്തിലേ നാട്ടില്‍ നിന്നും യാത്ര പറയുന്ന ഓരൊ ചുള്ളന്‍മാര്‍ക്കും കാണും ഇതു പോലെ ചില നഷ്ടങ്ങള്‍ ... അവയില്‍ ചിലത് ഞാന്‍ ഇവിടെ പങ്കു വെയ്ക്കുന്നു...

1 . ഉറക്കം - എട്ടര വരെ എങ്കിലും നീളുന്ന മൂടിപുതച്ചുള്ള ഉറക്കം ( ബുധനാഴ്ച്ച ഒഴികെ, അന്നു നമുക്കു വേണ്ടപെട്ട ഒരു കൊച്ചിനെ രാവിലെ 7 മണിക്കു സ്പെഷ്യല്‍ ട്യൂഷന്‍ ഉണ്ട്)

2 . ആഞ്ഞിലി മൂട് ജങ്ഷന്‍ - അയല്‍വാസിയും ദരിദ്രവാസിയും എന്റെ ഉറ്റ സുഹ്രുത്തുമായ അജിലും ഞാനും കൂടി വീടിന്റെ മുന്നില്‍ തന്നെയുള്ള വലിയ ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ ചാരി നിന്നും , ഇരുന്നും സ്കൂളിലേക്കു പോവുന്ന എല്ലാ കിടാങ്ങളുടേയും ഹാജര്‍ എടുത്ത് കൊണ്ട് സ്കൂളില്‍ ഫസ്റ്റ് ബെല്‍ അടിക്കുന്ന വരെ തുടരുന്ന പല്ലു തേയ്പ്പ് .

3 . പ്രിണ്‍സ് ടെയിലേര്‍സ് (പ്രൊപ്രൈറ്റര്‍ -പാട്ട രവി) - ഒരു നിരയിലുള്ള മൂന്ന് കടകള്‍ . ആദ്യത്തേതു പ്രിണ്‍സ് ടെയിലേര്‍സ് , കൂടെയുള്ളത് ഭാര്‍ഗ്ഗവച്ചായന്റെ ( ഭാര്‍ഗ്ഗവനച്ചന്‍ എങ്ങനെ ഭാര്‍ഗ്ഗവച്ചായനായീന്നു എനിക്കിന്നും അറിയില്ല ) സ്റ്റേഷനറിയും ചായ കടയും . ഒരു പാടു കാലം ഞങ്ങളുടെ ടീമിന്റെ കേന്ദ്രമായിരുന്നു ഈ സ്ഥലം . പ്രിണ്‍സ് ടെയിലേര്‍സ് രാവിലെ 9 മുതല്‍ വൈകിട്ടു 7 വരെ തയ്യല്‍ കടയും ഒരു പത്ത് മണീക്ക് ഷട്ടറിട്ടു കഴിഞ്ഞാല്‍ പിന്നെ മനസമാധനമായിട്ടു നാടന്‍ വിസ്കി കഴിക്കാനും വല്ലപ്പോഴും മാട്ടം പൊക്കിയ കള്ളടിക്കനും ഉപയൊഗിച്ചിരുന്നു . ഹരീഷിന്റെ നനഞ്ഞ തോര്‍ത്തിലെങ്ങാനം വല്ല പൂവന്‍ കോഴിയും വന്നു കേറിയാല്‍ അടുത്തു തന്നെ ഭര്‍ഗവച്ചായന്റെ ചായ കട ഉള്ളതു ഒരു വലിയ അനുഗ്രഹമായിരുന്നു ... ഇടക്കെങ്ങാനം ഗള്‍ഫ് കാര്‍ വരുമ്പോള്‍ വല്ല ഭക്ത കുചേലാ , തൈ പൂയം ഇങ്ങനെ എന്തേലും വീഡിയോ കാസറ്റ് കിട്ടുകയാണെങ്കില്‍ 150 രൂപാ വാടകക്കു ഒരു VCP & TV സംഘടിപ്പിച്ച് പ്രിണ്‍സ് ടെയിലേര്‍സിനെ പലപ്പോഴും ഒരു മിനി സിനി ഹൌസ് ആക്കി മാറ്റിയിട്ടുമുണ്ട് ...

ഒരു കാലത്തു പ്രിണ്‍സ് ടെയിലേര്‍സിലെ ചേട്ടന്‍മാരെ ആരധിച്ചിരുന്ന ഞാനടക്കമുള്ള ജൂനിയേര്‍സ് പിന്നീട് സീനിയേര്‍സ് ആയപ്പോള്‍ ഉയര്‍ന്നു വരാന്‍ താല്പ്പര്യമുള്ള നെക്സ്റ്റ് ജെനറേഷന്റെ ആരധനയോടുള്ള നോട്ടം അഭിമാനത്തോടെ ഏറ്റുവാങ്ങിയിട്ടുണ്ട് ... ഇന്നാ പിള്ളേര്‍ അവിടെ ഇരുന്നു കള്ളടിക്കുമ്പോല്‍ ഒരു വിധിയുടെ നിയോഗമെന്ന പോലെ ഒഴിച്ചു കൊടുക്കാന്‍ പ്രൊപ്രൈറ്റര്‍ -പാട്ട രവി ഇന്നും അവിടെ തന്നെയുണ്ട് .

4 . മുട്ടത്തു വീട് - ഒന്നൊന്നര ഏക്കറില്‍ പരന്നു കിടക്കുന്ന ഒരു പഴയ തറവാട് .വിപ്ലവ രക്തം സിരകളിലൂടെ ഓടുന്ന ചെറുപ്പക്കാരുടെ ആവാസ കേന്ദ്രം . കോളേജില്‍ നിന്നും പുറത്താക്കിയതിനു ശേഷമുള്ള എന്റെ പ്രീ-ഡിഗ്രീ ഇവിടെയാരുന്നു ... കാവി രക്തമാണെന്ന പേരില്‍ പിന്നീടു മെമ്പര്‍ഷിപ്പ് നഷ്ട്ടപെട്ടു എങ്കില്‍ തന്നെയും കൂവി തെളിഞ്ഞു സീനിയര്‍ ടീമിലേക്കു സ്ഥാനകയറ്റം കിട്ടും വരെ അവിടെ തുടരാന്‍ സാധിച്ചിരുന്നു . ഹരിജന്‍ വില്‍സ് എന്നറിയപ്പെടുന്ന ഒരു സിസ്സര്‍ ഫില്‍റ്ററിന്റെ ഫില്റ്ററുണ്ടെങ്കില്‍ ഒരു പാക്കറ്റ് ബ്ലൂ ബേര്‍ഡ് സിഗററ്റ് ഫില്‍റ്റര്‍ വെച്ചു തന്നെ വലിക്കാമെന്നു പഠിച്ചതും , തറയില്‍ ഉരച്ചു തീപ്പെട്ടി കൊള്ളി കത്തിക്കാമെന്നു പഠിച്ചതും ഈ കലാലയത്തില്‍ നിന്നുമാണ്...

5 . പറങ്കി മാവ് - സന്തോഷിന്റെ പറമ്പിന്റെ മൂലയില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ഈ പറങ്കി മാവിന്റെചുവട്ടിലിരുന്നാണു ഞാന്‍ ചീട്ടു കളിയുടെ ബാലപാടങ്ങള്‍ അഭ്യസിച്ചത് . സര്‍വ്വാഭരണ വിഭൂഷിതനായി 28 കളിച്ചും , 25 പൈസക്കു കീച്ചു കളിച്ചും ചില്ലറ സമയമല്ല ചിലവഴിച്ചിട്ടുള്ളത് . 25 പൈസക്ക് കിട്ടുന്ന അച്ചാര്‍ കടിച്ചു പൊട്ടിച്ചു നാടനില്‍ കരിക്കൊഴിച്ചു ആദ്യമായി സേവിച്ചതും ഈ പുന്യ ഭൂമിയില്‍ വെച്ചു തന്നെയാണ്....

6 . പുത്തന്‍ പീടിക - 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിജീഷിന്റെ അച്ചന്‍ ചെല്ലപ്പന്‍ മുതലാളി സ്ഥാപിച്ച ഹൈപ്പര്‍ മാര്‍ക്കറ്റ് . ഒരു പ്രദേശത്തെ ജനങ്ങല്‍ മുഴുവന്‍ ആശ്രയിച്ചിരുന്ന ആ വലിയ കട അക്ഷരാര്‍ഥത്തില്‍ തന്നെ പൊളിച്ചടുക്കാനുള്ള ഭാഗ്യമുണ്ടായി ഞങ്ങള്‍ടെ ടീമിനു ... ഒരു കാലത്തു ലേഡീസ് കസ്റ്റമേര്‍സ് ക്യൂ നിന്നിരുന്ന കടയില്‍ , അത്യാവശ്യം മാന്യത ഉള്ള വീട്ടിലെ പെണ്ണുങ്ങള്‍ക്കു പോവാന്‍ പറ്റാത്ത സ്ഥലം എന്നൊരു പേരുണ്ടാക്കിയെടുക്കാന്‍ ഫുള്‍ടൈം കടയില്‍ കാണുന്ന 8-10 പേരടങ്ങിയ ടീമിനു സാധിച്ചു ... അങ്ങനെ ഒരു പേരു പതിച്ചു നല്‍കുവാന്‍ നല്ലവരായ നാട്ടുകാരൂടേയും സഹകരണമുണ്ടായിരുന്നു എന്നു ഈ അവസരത്തില്‍ ഓര്‍ക്കതെ വയ്യ ... ഇപ്പോള്‍ പോലും , ഓരോ തവണ യുദ്ധം വരാന്‍ പോവുന്നു എന്നു കേള്‍ക്കുമ്പോഴും , നാട്ടില്‍ പോയാല്‍ 2 കുപ്പി വാറ്റിയിട്ടാണെലും ജീവിക്കാം എന്ന ആത്മവിശ്വാസം ഉണ്ടാക്കി തന്നതിന്റെ ക്രെഡിറ്റ് ഈ കടയുടെ പിന്നിലുള്ള ചായിപ്പിനു മാത്രം സ്വന്തം ...

7 . തവള പിടുത്തം - വേനല്‍ മഴ പെയ്യുമ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ട് 'പേക്രോം പേക്രോം ' കരയുന്ന തവളകളെ പിടിച്ചു വറുത്തടിക്കുക എന്നതു എന്റെ ഒരു വീക്ക്നെസ്സ് ആയിരുന്നു . അതില്‍ തന്നെ കൂടുതല്‍ ത്രില്‍ കിട്ടിയിരുന്നതു പോലീസ് സ്റ്റേഷന്റെ മുന്നിലുള്ള പാടത്തു സ്ഥിര താമസമാക്കിയ തവളകളെ പിടിക്കുമ്പോഴായിരുന്നു . തവള പിടുത്തം നിയമവിരുദ്ധമാണെന്നറിയാവുന്ന ചില കുബുദ്ധികളായ തവളകള്‍ അവിടെയാണു സ്ഥിര താമസം (അതു പിന്നേം സഹിക്കാം പക്ഷെ നമ്മളെങ്ങാനം അതു വഴി പോയാല്‍ നമ്മളെ ഒരു മാതിരി ആക്കിയൊരു ശബ്ധവുമുണ്ടാക്കും ഈ മര മാക്രികള്‍ ... സത്യം !!! ) 10 വര്‍ഷങ്ങള്‍ക്ക് ശേഷവും എന്റെ ആ പഴയ പേരു നഷ്ടപെട്ടിട്ടില്ല എന്നുള്ളതാണു ഏക ആശ്വാസം ... നാട്ടില്‍ ചെന്നാല്‍ ഇപ്പോഴും ചില അമ്മമ്മാര്‍ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്നത് കേള്‍ക്കാം ... മക്കളേ, ദെ ആ പോവുന്നതാണു തവളകളുടെ കാലന്‍ !!!

8 . മഴ - മഴ വെള്ളം പൊങ്ങിയാല്‍ പിന്നെ വീട്ടില്‍ ഇരുന്നാല്‍ ഇരിപ്പുറക്കില്ല ... പ്രസാദിനോടൊപ്പം ഒരു പോക്കാണു നല്ല നീളമുള്ള കത്തിയും ചുവപ്പു കളറുള്ള സാന്യോയുടെ ഒടിക്കുന്ന ടോര്‍ച്ചും എടുത്തു കൊണ്ട് ... പാടത്തു വെള്ളം നിറയുമ്പോള്‍ കുളത്തില്‍ നിന്നും കയറി വരുന്ന നല്ല വിളഞ്ഞ സൈസ് വരാല്‍ , കാരി, മുശി, കരട്ടി തുടങ്ങിയ മീനുകളെ വെട്ടി പിടിക്കുക എന്നതാണു ലക്ഷ്യം ... ഇടക്കു ബോണസ്സായിട്ടു നല്ല മുട്ടി കൊന്ചും കിട്ടും ചിലപ്പോള്‍ ... എത്ര വൈകിയാണു വീട്ടില്‍ വരുന്നതെങ്കിലും അമ്മച്ചിയെ കൊണ്ട് ആ രാത്രി തന്നെ മീനെല്ലാം വറുത്തും കുടമ്പുളി ഇട്ടു കറിയും വെപ്പിക്കും .. മീന്‍ വറുത്ത ചീനചട്ടിയില്‍ പറ്റിയിരിക്കുന്ന അരപ്പെല്ലാം കൂടി ഒരു സ്പൂണ്‍ കൊണ്ട് ഇളക്കിയിട്ടിട്ട് ചോര്‍ അതിലേക്കിട്ടു ഒരു തട്ടുണ്ട് ... എന്റമ്മച്ചിയേ !!!

മഴവെള്ളം കയറി റോഡ് മുങ്ങുമ്പോള്‍ ഞാനും അജിലും രാവിലെയുള്ള പല്ലു തെയ്പ്പു, മുങ്ങിയ റോഡിന്റെ അറ്റതേക്കു മാറ്റും . പാരലല്‍ കോളേജില്‍ പോവാന്‍ വരുന്ന പാവാടയുടുത്ത പെണ്‍കിടാങ്ങള്‍ !!!

9 . വടക്കന്‍ കോയിക്കല്‍ ക്ഷേത്രം - ചൊവ്വ വെള്ളി ദിവസങ്ങളില്‍ ക്രിക്കറ്റ് കളി അന്ചരക്കു തന്നെ നിര്‍ത്തി തൊട്ടടുത്തുള്ള സുകുമാരന്റെ ചാലിലെക്കു ഒരു ചാട്ടമാണ്... തകര്‍പ്പന്‍ ഒരു കുളിയും പാസ്സാക്കി നേരെ വീട്ടില്‍ പോയി ഡ്രെസ്സും മാറി ചുന്തര കുട്ടപ്പനായി ഒരൊറ്റ പോക്കാണു അമ്പലത്തിലേക്ക് ... ഒന്നു തൊഴുതിട്ടു നേരെ വന്നു ആല്‍തറയില്‍ കാറ്റു കൊണ്ടങ്ങനെ ഇരിക്കും ... ദീപാരാധന തുടങ്ങുമ്പോള്‍ വീണ്ടും ശ്രീ കോവിലിനു മുന്നിലെത്തും ... മനസ്സും ഹ്രിദയവും അര്‍പ്പിച്ചു ദേവീ കടാക്ഷത്തിനായി നില്‍ക്കുമ്പോഴും കണ്ണുകള്‍ രണ്ടും എതെങ്കിലും സുന്ദരി കുട്ടികളുടെ കടാക്ഷം നമ്മുടെ നേര്ക്കു വരുന്നുണ്ടോ എന്നു പരതി കൊണ്ടേയിരിക്കും ...

നല്ല തല്ലു എപ്പോള്‍ , എവിടെ എങ്ങനെ ഇരിക്കും എന്നു എനിക്കൊരു ഏകദേശ ഐഡിയ ഉണ്ടാക്കി തരാന്‍ ഈ അമ്പലത്തിലെ ഉല്സവങ്ങളും എന്റെ പ്രീയ സുഹ്രുത്തുക്കളും നല്ല പോലെ സഹായിച്ചിട്ടുണ്ട്... പറയുമ്പോ എല്ലാം പറയണമല്ലൊ, അടി കൊള്ളാതെ എങ്ങനെ തടി രക്ഷിക്കാം എന്നുള്ളതും ഇവിടെ നിന്നും തന്നെയാണു ഞാന്‍ പഠിച്ചത്...

10 . ടി.എസ്സ് നമ്പര്‍ # 1151 - കപ്പയും കക്കയിറച്ചി തോരനും (തേങ്ങാ കൊത്തിട്ടത്), പൊറോട്ടയും കണവ കറിയും , കരിമീന്‍ മപ്പാസ് ( വാഴയിലയില്‍ വെച്ചു തേങ്ങാ പാല്‍ ഒഴിച്ചു വേവിച്ചത്) , കൊക്ക് റോസ്റ്റ് , കുളകോഴി റോസ്റ്റ് . പിന്നെ നല്ല ഒന്നാതരം തണുത്ത മുന്തിരി കള്ളും (കുടത്തില്‍ ) ഇനിയും വിശദീകരിക്കാന്‍ എനിക്കാവുമെന്നു തോനുന്നില്ല ...

*ഈ ലിസ്റ്റ് ഇവിടെ തീരുന്നില്ല... എത്ര എഴുതിയാലും തീരുകയുമില്ലാ.. എങ്കില്‍ പിന്നെ ഓരോ വര്‍ഷത്തിനും ഓരോന്നിരിക്കട്ടേന്ന് കരുതി ... അതാണീ പത്തിന്റെ കണക്ക് ...

16 comments:

കറുമ്പന്‍ said...

അറിയിപ്പ്

ഇനി നിങ്ങളെ ബോറടീപ്പിക്കാനായി എന്റെ പോസ്റ്റുകള്‍ ഒരു മാസത്തേക്ക് കാണില്ല... 3 ദിവസം കൂടി കഴിഞ്ഞാല്‍ ഞാന്‍ യാത്രയാവുകയാണു നാട്ടിലേക്കു ... അനുജന്റെ വിവാഹമാണു ജൂലായ് 30 നു പിന്നെ എന്റെ കുറുമ്പി കുഞ്ഞിന്റെ ചോറൂണും ഉണ്ടാവും നാട്ടില്‍ ചെന്നിട്ട് :)

നേരത്തെ പറഞ്ഞ നഷ്ടങ്ങളില്‍ എത്ര എണ്ണം എനിക്കു തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നുറപ്പില്ല ... എങ്കിലും എല്ലാ വെക്കേഷനും ഞാന്‍ ശ്രമിക്കാറുണ്ട് !!! എന്തേലും നടന്നാല്‍ അറിയിക്കാം ...

Navi said...

കറുമ്പാ.... ഇതുപോലത്തെ നഷ്ട്ടങള്‍ക്കു പൊന്‌വിലയിട്ട കാരണമാണ്‍ ഞാന്‍ 10 മാസത്തെ പ്രവാസിജീവിതം അവസാനിപ്പിച്ച് മടങിയത്. എന്തു കിഴപ്പമുണ്ടായാലും ഇന്ത്യയിലിരുന്നു മതി എന്നു തീരുമാനിച്ചു.
മഴയും, ഇവിടത്തെ തിരക്കും, കാക്കയും, മൈനയും, ബസിലെ സാധാരണക്കരുടെ തിരക്കും, റോഡിലെ ഓട്ടോക്കരുടെ തിക്കിതിരക്കിയുള്ള പോക്കും, പച്ചകറീമാര്‍കറ്റിലെ കലപിലയും ,തട്ട് കടയിലെ ചൂടുചായയും ദോശയുമോക്കെ അങനെ ഇവിടത്തെ ഓരോ നിമിഷങളും എനിക്കന്ന് വല്ലാതെ മിസ് ചെയ്തു ..

വേഗം ഓടിപ്പോന്നു..ഇപ്പൊ ബാങ്ലൂരില്‍ സ്വര്‍ഗ്ഗം....

O¿O (rAjEsH) said...

തവളകള്‍ ഇല്ലാതെ 10 വര്‍ഷം!!! ഹൊ എങനെ തള്ളിനീക്കി?

ബയാന്‍ said...

കുവൈറ്റില്‍ പോയി കുറേകൂടി കരിഞ്ഞുപോയഇ അല്ലെ; തവളകളുടെ പ്രാര്‍ത്ഥനയാകും. കറുമ്പാ പ്രവാസം - ഇവിടെ എല്ലാം ജീവിതം അവസാനിക്കുന്നു.

റീനി said...

നേടിയതും നഷ്ടമായതും കൂട്ടിക്കിഴിച്ചുനോക്കുമ്പോള്‍ എങ്ങനെയുണ്ട്‌?
എന്നാലും 19 വര്‍ഷത്തിനിടയില്‍ ഇത്രയും കാര്യങ്ങള്‍ ചെയ്തോ?

കറുമ്പന്‍ said...

ആ ചോദ്യത്തിനൊരുത്തരം തരാന്‍ പ്രയാസമാണു റിനീ ... എന്നെ സ്നേഹിക്കുന്നവര്‍ടെ കണ്ണില്‍ ഈ 10 വര്‍ഷം നേട്ടമാണ്.. എനിക്കെന്തോ എപ്പോഴും അങ്ങനെ ചിന്തിക്കാന്‍ സാധിക്കുന്നില്ല ... കുറച്ചും കൂടി പ്രായം ആവുമ്പോള്‍ മാറുമായിരിക്കും

പിന്നെ ഇപ്പോഴത്തെ പിള്ളേര്‍ക്ക് 16 വര്‍ഷം തന്നെ ധാരാളമാ !!

asdfasdf asfdasdf said...

10 വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ എന്തൊക്കെ നേടി ... ഞാനും ഇടക്ക് ആലോചിക്കാറുണ്ട് 14 വര്‍ഷം കൊണ്ട് എന്ത് നേടിയെന്ന് ..നഷ്ടങ്ങളുടെ കണക്കേ ഉള്ളൂ. ഞാന്‍ നാട്ടില്‍ നിന്നും പോരുമ്പോള്‍ ആല്‍ത്തറയ്ക്കടുത്ത് ചീട്ടുകളിച്ചിരുന്ന രാജീവന്‍ ഇന്നും അവിടെയിരുന്ന് ചീട്ടുകളിക്കുന്നു. രണ്ടുനിലയുള്ള വീടും മുന്നുപിള്ളേരും ഒരു ഭാര്യയും സ്വന്തം. മുടങ്ങാതെ ഗുരുവായൂര്‍ ഏകാദശിക്കും മണത്തല നേര്‍ച്ചക്കും കൊടുങ്ങല്ലൂര്‍ ഭരണിക്കും അവന്‍ പോകും. നമ്മളിവിടെ അറബികളുടെ ഭരണിപ്പാട്ട് കേട്ട് ദിനാറിന്റെ വിലയിടിവ് ചര്‍ച്ചചെയ്ത് 50 ഡിഗ്രി ചൂടില്‍ ചൂളമടിച്ച് രസിക്കുന്നു.

Unknown said...

നൊസ്റ്റാള്‍ജിയ എന്ന അസുഖം പാരസെറ്റമോള്‍ കഴിച്ചാല്‍ മാറില്ലല്ലോ. :-(

സാജന്‍| SAJAN said...

കറുമ്പാ, എന്താ ഇഷ്ടാ ഉദ്ദേശം?
വയസ്സ് ഇരുപത്തിയൊമ്പതേ ആയുള്ളൂ എന്ന് കാണിക്കാനാണോ ഈ വിസ്തരിച്ചെഴുത്ത്?
ദിപ്പൊ എന്തായാലും എഴുത്ത് നന്നായി..ഏതെങ്കിലും പെണ്‍കുട്ട്യോളുകളുടെ
തെറിയും തല്ലും വാ‍ങ്ങിയതൊക്കെ കൂടെ (അതിന്റെ ഒരു സാധ്യത പ്രശ്ന വശാല്‍ ഈ ജാതകത്തില്‍ തെളിഞ്ഞ് കാണുന്നു) എഴുതാമായിരുന്നു..:)

കറുമ്പന്‍ said...

അതെ സാജാ... ഞാനിപ്പൊ എന്താ പറയുക...എന്റെ അനുജന്റെ പേരും സാജന്‍ ന്നാ... ഹും ... മിസ്സ് ചെയ്യുന്ന കാര്യങ്ങള്‍ അല്ലേ ഞാന്‍ എഴുതിയത് ???

ഞാന്‍ തമാശിച്ചതാണേ ...സത്യായിട്ടും പെമ്പിള്ളേരുടെ അടിയും തെറിയും ഒന്നും എനിക്കു കിട്ടിയിട്ടില്ല .... അയ്യേ..ഞാനാ ടൈപ്പ് അല്ലാ

കൊച്ചുത്രേസ്യ said...

ഇത്രേം വായിച്ചതീന്ന്‌ ഒരു കാര്യം ഉറപ്പായി. നാട്ടുകാര്‌ പിരിവെടുത്ത്‌ കേറ്റിവിട്ടതാണല്ലേ ഗള്‍ഫിലേക്ക്‌???

സു | Su said...

ഇനി കുറേ കഴിഞ്ഞ് നാട്ടില്‍ത്തന്നെ താമസം തുടങ്ങുമ്പോള്‍, കുവൈറ്റില്‍ എന്തൊക്കെ മിസ് ചെയ്തു എന്നു മനസ്സിലാകും.

:)

മുസാഫിര്‍ said...

പത്തൊമ്പതാം വയസ്സില്‍ തന്നെ കയറി ഇങ്ങ് പോന്നത് നന്നായി കറുമ്പാ,അല്ലെങ്കില്‍ ഈ പത്താം വാര്‍ഷികാനുസ്മരണം ഒരു സീരിയല്‍ ആക്കേണ്ടി വന്നേനേ !

mazha said...

ഉറക്കം - എട്ടര വരെ എങ്കിലും നീളുന്ന മൂടിപുതച്ചുള്ള ഉറക്കം ( ബുധനാഴ്ച്ച ഒഴികെ, അന്നു നമുക്കു വേണ്ടപെട്ട ഒരു കൊച്ചിനെ രാവിലെ 7 മണിക്കു സ്പെഷ്യല്‍ ട്യൂഷന്‍ ഉണ്ട്)

www.orumazhakkalath.blogspot.com
www.aadivasikal.blogspot.com

Anonymous said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Se você quiser linkar meu blog no seu eu ficaria agradecido, até mais e sucesso.(If you speak English can see the version in English of the Camiseta Personalizada.If he will be possible add my blog in your blogroll I thankful, bye friend).

Anonymous said...

test