Sunday, July 22, 2007

ഹമ്മോ, പത്ത് വര്‍ഷം !!!

എന്റെ പ്രവാസി ജീവിതം ആരംഭിച്ചിട്ട് ഇന്നലെ 10 വര്‍ഷം തികഞ്ഞു ... കൊടും ചൂടുള്ള ഒരു ജൂലായിലായിരുന്നു ഞാന്‍ ആദ്യമായി കുവൈറ്റില്‍ കാലുകുത്തിയത് ... ജീവിതമെന്തെന്നറിയാത ഒരു 19 വയസ്സുകാരന്റെ അമ്പരപ്പ് അന്ന് എന്റെ മുഖത്തുണ്ടായിരുന്നൊ ?? എനിക്കോര്‍മ്മയില്ല.. അറിയാവുന്നതൊന്നു മാത്രം , നാട്ടില്‍ തകര്‍ത്ത് നടന്ന എനിക്ക് ഒരു ജോലി കിട്ടിയപ്പോള്‍ എനിക്കു സന്തോഷത്തേക്കാളേറെ സങ്കടമായിരുന്നു... എന്റെ നാടും എന്റെ കൂട്ടുകാരും നഷ്ട്‌പ്പെടുന്നതിന്റെ ..

10 വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ എന്തൊക്കെ നേടി ... ഇന്നലെ ചുമ്മാ ഇരുന്നു ആലൊചിച്ചു ... നേട്ടങ്ങള്‍ തന്നെ കൂടുതലും ... എങ്കിലും ചില നഷ്ടങ്ങള്‍ ഓര്‍ത്ത് പോയി ... എന്റെ മാത്രം നഷ്ടങ്ങളാവില്ല അത് ... ചെറു പ്രായത്തിലേ നാട്ടില്‍ നിന്നും യാത്ര പറയുന്ന ഓരൊ ചുള്ളന്‍മാര്‍ക്കും കാണും ഇതു പോലെ ചില നഷ്ടങ്ങള്‍ ... അവയില്‍ ചിലത് ഞാന്‍ ഇവിടെ പങ്കു വെയ്ക്കുന്നു...

1 . ഉറക്കം - എട്ടര വരെ എങ്കിലും നീളുന്ന മൂടിപുതച്ചുള്ള ഉറക്കം ( ബുധനാഴ്ച്ച ഒഴികെ, അന്നു നമുക്കു വേണ്ടപെട്ട ഒരു കൊച്ചിനെ രാവിലെ 7 മണിക്കു സ്പെഷ്യല്‍ ട്യൂഷന്‍ ഉണ്ട്)

2 . ആഞ്ഞിലി മൂട് ജങ്ഷന്‍ - അയല്‍വാസിയും ദരിദ്രവാസിയും എന്റെ ഉറ്റ സുഹ്രുത്തുമായ അജിലും ഞാനും കൂടി വീടിന്റെ മുന്നില്‍ തന്നെയുള്ള വലിയ ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ ചാരി നിന്നും , ഇരുന്നും സ്കൂളിലേക്കു പോവുന്ന എല്ലാ കിടാങ്ങളുടേയും ഹാജര്‍ എടുത്ത് കൊണ്ട് സ്കൂളില്‍ ഫസ്റ്റ് ബെല്‍ അടിക്കുന്ന വരെ തുടരുന്ന പല്ലു തേയ്പ്പ് .

3 . പ്രിണ്‍സ് ടെയിലേര്‍സ് (പ്രൊപ്രൈറ്റര്‍ -പാട്ട രവി) - ഒരു നിരയിലുള്ള മൂന്ന് കടകള്‍ . ആദ്യത്തേതു പ്രിണ്‍സ് ടെയിലേര്‍സ് , കൂടെയുള്ളത് ഭാര്‍ഗ്ഗവച്ചായന്റെ ( ഭാര്‍ഗ്ഗവനച്ചന്‍ എങ്ങനെ ഭാര്‍ഗ്ഗവച്ചായനായീന്നു എനിക്കിന്നും അറിയില്ല ) സ്റ്റേഷനറിയും ചായ കടയും . ഒരു പാടു കാലം ഞങ്ങളുടെ ടീമിന്റെ കേന്ദ്രമായിരുന്നു ഈ സ്ഥലം . പ്രിണ്‍സ് ടെയിലേര്‍സ് രാവിലെ 9 മുതല്‍ വൈകിട്ടു 7 വരെ തയ്യല്‍ കടയും ഒരു പത്ത് മണീക്ക് ഷട്ടറിട്ടു കഴിഞ്ഞാല്‍ പിന്നെ മനസമാധനമായിട്ടു നാടന്‍ വിസ്കി കഴിക്കാനും വല്ലപ്പോഴും മാട്ടം പൊക്കിയ കള്ളടിക്കനും ഉപയൊഗിച്ചിരുന്നു . ഹരീഷിന്റെ നനഞ്ഞ തോര്‍ത്തിലെങ്ങാനം വല്ല പൂവന്‍ കോഴിയും വന്നു കേറിയാല്‍ അടുത്തു തന്നെ ഭര്‍ഗവച്ചായന്റെ ചായ കട ഉള്ളതു ഒരു വലിയ അനുഗ്രഹമായിരുന്നു ... ഇടക്കെങ്ങാനം ഗള്‍ഫ് കാര്‍ വരുമ്പോള്‍ വല്ല ഭക്ത കുചേലാ , തൈ പൂയം ഇങ്ങനെ എന്തേലും വീഡിയോ കാസറ്റ് കിട്ടുകയാണെങ്കില്‍ 150 രൂപാ വാടകക്കു ഒരു VCP & TV സംഘടിപ്പിച്ച് പ്രിണ്‍സ് ടെയിലേര്‍സിനെ പലപ്പോഴും ഒരു മിനി സിനി ഹൌസ് ആക്കി മാറ്റിയിട്ടുമുണ്ട് ...

ഒരു കാലത്തു പ്രിണ്‍സ് ടെയിലേര്‍സിലെ ചേട്ടന്‍മാരെ ആരധിച്ചിരുന്ന ഞാനടക്കമുള്ള ജൂനിയേര്‍സ് പിന്നീട് സീനിയേര്‍സ് ആയപ്പോള്‍ ഉയര്‍ന്നു വരാന്‍ താല്പ്പര്യമുള്ള നെക്സ്റ്റ് ജെനറേഷന്റെ ആരധനയോടുള്ള നോട്ടം അഭിമാനത്തോടെ ഏറ്റുവാങ്ങിയിട്ടുണ്ട് ... ഇന്നാ പിള്ളേര്‍ അവിടെ ഇരുന്നു കള്ളടിക്കുമ്പോല്‍ ഒരു വിധിയുടെ നിയോഗമെന്ന പോലെ ഒഴിച്ചു കൊടുക്കാന്‍ പ്രൊപ്രൈറ്റര്‍ -പാട്ട രവി ഇന്നും അവിടെ തന്നെയുണ്ട് .

4 . മുട്ടത്തു വീട് - ഒന്നൊന്നര ഏക്കറില്‍ പരന്നു കിടക്കുന്ന ഒരു പഴയ തറവാട് .വിപ്ലവ രക്തം സിരകളിലൂടെ ഓടുന്ന ചെറുപ്പക്കാരുടെ ആവാസ കേന്ദ്രം . കോളേജില്‍ നിന്നും പുറത്താക്കിയതിനു ശേഷമുള്ള എന്റെ പ്രീ-ഡിഗ്രീ ഇവിടെയാരുന്നു ... കാവി രക്തമാണെന്ന പേരില്‍ പിന്നീടു മെമ്പര്‍ഷിപ്പ് നഷ്ട്ടപെട്ടു എങ്കില്‍ തന്നെയും കൂവി തെളിഞ്ഞു സീനിയര്‍ ടീമിലേക്കു സ്ഥാനകയറ്റം കിട്ടും വരെ അവിടെ തുടരാന്‍ സാധിച്ചിരുന്നു . ഹരിജന്‍ വില്‍സ് എന്നറിയപ്പെടുന്ന ഒരു സിസ്സര്‍ ഫില്‍റ്ററിന്റെ ഫില്റ്ററുണ്ടെങ്കില്‍ ഒരു പാക്കറ്റ് ബ്ലൂ ബേര്‍ഡ് സിഗററ്റ് ഫില്‍റ്റര്‍ വെച്ചു തന്നെ വലിക്കാമെന്നു പഠിച്ചതും , തറയില്‍ ഉരച്ചു തീപ്പെട്ടി കൊള്ളി കത്തിക്കാമെന്നു പഠിച്ചതും ഈ കലാലയത്തില്‍ നിന്നുമാണ്...

5 . പറങ്കി മാവ് - സന്തോഷിന്റെ പറമ്പിന്റെ മൂലയില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ഈ പറങ്കി മാവിന്റെചുവട്ടിലിരുന്നാണു ഞാന്‍ ചീട്ടു കളിയുടെ ബാലപാടങ്ങള്‍ അഭ്യസിച്ചത് . സര്‍വ്വാഭരണ വിഭൂഷിതനായി 28 കളിച്ചും , 25 പൈസക്കു കീച്ചു കളിച്ചും ചില്ലറ സമയമല്ല ചിലവഴിച്ചിട്ടുള്ളത് . 25 പൈസക്ക് കിട്ടുന്ന അച്ചാര്‍ കടിച്ചു പൊട്ടിച്ചു നാടനില്‍ കരിക്കൊഴിച്ചു ആദ്യമായി സേവിച്ചതും ഈ പുന്യ ഭൂമിയില്‍ വെച്ചു തന്നെയാണ്....

6 . പുത്തന്‍ പീടിക - 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിജീഷിന്റെ അച്ചന്‍ ചെല്ലപ്പന്‍ മുതലാളി സ്ഥാപിച്ച ഹൈപ്പര്‍ മാര്‍ക്കറ്റ് . ഒരു പ്രദേശത്തെ ജനങ്ങല്‍ മുഴുവന്‍ ആശ്രയിച്ചിരുന്ന ആ വലിയ കട അക്ഷരാര്‍ഥത്തില്‍ തന്നെ പൊളിച്ചടുക്കാനുള്ള ഭാഗ്യമുണ്ടായി ഞങ്ങള്‍ടെ ടീമിനു ... ഒരു കാലത്തു ലേഡീസ് കസ്റ്റമേര്‍സ് ക്യൂ നിന്നിരുന്ന കടയില്‍ , അത്യാവശ്യം മാന്യത ഉള്ള വീട്ടിലെ പെണ്ണുങ്ങള്‍ക്കു പോവാന്‍ പറ്റാത്ത സ്ഥലം എന്നൊരു പേരുണ്ടാക്കിയെടുക്കാന്‍ ഫുള്‍ടൈം കടയില്‍ കാണുന്ന 8-10 പേരടങ്ങിയ ടീമിനു സാധിച്ചു ... അങ്ങനെ ഒരു പേരു പതിച്ചു നല്‍കുവാന്‍ നല്ലവരായ നാട്ടുകാരൂടേയും സഹകരണമുണ്ടായിരുന്നു എന്നു ഈ അവസരത്തില്‍ ഓര്‍ക്കതെ വയ്യ ... ഇപ്പോള്‍ പോലും , ഓരോ തവണ യുദ്ധം വരാന്‍ പോവുന്നു എന്നു കേള്‍ക്കുമ്പോഴും , നാട്ടില്‍ പോയാല്‍ 2 കുപ്പി വാറ്റിയിട്ടാണെലും ജീവിക്കാം എന്ന ആത്മവിശ്വാസം ഉണ്ടാക്കി തന്നതിന്റെ ക്രെഡിറ്റ് ഈ കടയുടെ പിന്നിലുള്ള ചായിപ്പിനു മാത്രം സ്വന്തം ...

7 . തവള പിടുത്തം - വേനല്‍ മഴ പെയ്യുമ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ട് 'പേക്രോം പേക്രോം ' കരയുന്ന തവളകളെ പിടിച്ചു വറുത്തടിക്കുക എന്നതു എന്റെ ഒരു വീക്ക്നെസ്സ് ആയിരുന്നു . അതില്‍ തന്നെ കൂടുതല്‍ ത്രില്‍ കിട്ടിയിരുന്നതു പോലീസ് സ്റ്റേഷന്റെ മുന്നിലുള്ള പാടത്തു സ്ഥിര താമസമാക്കിയ തവളകളെ പിടിക്കുമ്പോഴായിരുന്നു . തവള പിടുത്തം നിയമവിരുദ്ധമാണെന്നറിയാവുന്ന ചില കുബുദ്ധികളായ തവളകള്‍ അവിടെയാണു സ്ഥിര താമസം (അതു പിന്നേം സഹിക്കാം പക്ഷെ നമ്മളെങ്ങാനം അതു വഴി പോയാല്‍ നമ്മളെ ഒരു മാതിരി ആക്കിയൊരു ശബ്ധവുമുണ്ടാക്കും ഈ മര മാക്രികള്‍ ... സത്യം !!! ) 10 വര്‍ഷങ്ങള്‍ക്ക് ശേഷവും എന്റെ ആ പഴയ പേരു നഷ്ടപെട്ടിട്ടില്ല എന്നുള്ളതാണു ഏക ആശ്വാസം ... നാട്ടില്‍ ചെന്നാല്‍ ഇപ്പോഴും ചില അമ്മമ്മാര്‍ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്നത് കേള്‍ക്കാം ... മക്കളേ, ദെ ആ പോവുന്നതാണു തവളകളുടെ കാലന്‍ !!!

8 . മഴ - മഴ വെള്ളം പൊങ്ങിയാല്‍ പിന്നെ വീട്ടില്‍ ഇരുന്നാല്‍ ഇരിപ്പുറക്കില്ല ... പ്രസാദിനോടൊപ്പം ഒരു പോക്കാണു നല്ല നീളമുള്ള കത്തിയും ചുവപ്പു കളറുള്ള സാന്യോയുടെ ഒടിക്കുന്ന ടോര്‍ച്ചും എടുത്തു കൊണ്ട് ... പാടത്തു വെള്ളം നിറയുമ്പോള്‍ കുളത്തില്‍ നിന്നും കയറി വരുന്ന നല്ല വിളഞ്ഞ സൈസ് വരാല്‍ , കാരി, മുശി, കരട്ടി തുടങ്ങിയ മീനുകളെ വെട്ടി പിടിക്കുക എന്നതാണു ലക്ഷ്യം ... ഇടക്കു ബോണസ്സായിട്ടു നല്ല മുട്ടി കൊന്ചും കിട്ടും ചിലപ്പോള്‍ ... എത്ര വൈകിയാണു വീട്ടില്‍ വരുന്നതെങ്കിലും അമ്മച്ചിയെ കൊണ്ട് ആ രാത്രി തന്നെ മീനെല്ലാം വറുത്തും കുടമ്പുളി ഇട്ടു കറിയും വെപ്പിക്കും .. മീന്‍ വറുത്ത ചീനചട്ടിയില്‍ പറ്റിയിരിക്കുന്ന അരപ്പെല്ലാം കൂടി ഒരു സ്പൂണ്‍ കൊണ്ട് ഇളക്കിയിട്ടിട്ട് ചോര്‍ അതിലേക്കിട്ടു ഒരു തട്ടുണ്ട് ... എന്റമ്മച്ചിയേ !!!

മഴവെള്ളം കയറി റോഡ് മുങ്ങുമ്പോള്‍ ഞാനും അജിലും രാവിലെയുള്ള പല്ലു തെയ്പ്പു, മുങ്ങിയ റോഡിന്റെ അറ്റതേക്കു മാറ്റും . പാരലല്‍ കോളേജില്‍ പോവാന്‍ വരുന്ന പാവാടയുടുത്ത പെണ്‍കിടാങ്ങള്‍ !!!

9 . വടക്കന്‍ കോയിക്കല്‍ ക്ഷേത്രം - ചൊവ്വ വെള്ളി ദിവസങ്ങളില്‍ ക്രിക്കറ്റ് കളി അന്ചരക്കു തന്നെ നിര്‍ത്തി തൊട്ടടുത്തുള്ള സുകുമാരന്റെ ചാലിലെക്കു ഒരു ചാട്ടമാണ്... തകര്‍പ്പന്‍ ഒരു കുളിയും പാസ്സാക്കി നേരെ വീട്ടില്‍ പോയി ഡ്രെസ്സും മാറി ചുന്തര കുട്ടപ്പനായി ഒരൊറ്റ പോക്കാണു അമ്പലത്തിലേക്ക് ... ഒന്നു തൊഴുതിട്ടു നേരെ വന്നു ആല്‍തറയില്‍ കാറ്റു കൊണ്ടങ്ങനെ ഇരിക്കും ... ദീപാരാധന തുടങ്ങുമ്പോള്‍ വീണ്ടും ശ്രീ കോവിലിനു മുന്നിലെത്തും ... മനസ്സും ഹ്രിദയവും അര്‍പ്പിച്ചു ദേവീ കടാക്ഷത്തിനായി നില്‍ക്കുമ്പോഴും കണ്ണുകള്‍ രണ്ടും എതെങ്കിലും സുന്ദരി കുട്ടികളുടെ കടാക്ഷം നമ്മുടെ നേര്ക്കു വരുന്നുണ്ടോ എന്നു പരതി കൊണ്ടേയിരിക്കും ...

നല്ല തല്ലു എപ്പോള്‍ , എവിടെ എങ്ങനെ ഇരിക്കും എന്നു എനിക്കൊരു ഏകദേശ ഐഡിയ ഉണ്ടാക്കി തരാന്‍ ഈ അമ്പലത്തിലെ ഉല്സവങ്ങളും എന്റെ പ്രീയ സുഹ്രുത്തുക്കളും നല്ല പോലെ സഹായിച്ചിട്ടുണ്ട്... പറയുമ്പോ എല്ലാം പറയണമല്ലൊ, അടി കൊള്ളാതെ എങ്ങനെ തടി രക്ഷിക്കാം എന്നുള്ളതും ഇവിടെ നിന്നും തന്നെയാണു ഞാന്‍ പഠിച്ചത്...

10 . ടി.എസ്സ് നമ്പര്‍ # 1151 - കപ്പയും കക്കയിറച്ചി തോരനും (തേങ്ങാ കൊത്തിട്ടത്), പൊറോട്ടയും കണവ കറിയും , കരിമീന്‍ മപ്പാസ് ( വാഴയിലയില്‍ വെച്ചു തേങ്ങാ പാല്‍ ഒഴിച്ചു വേവിച്ചത്) , കൊക്ക് റോസ്റ്റ് , കുളകോഴി റോസ്റ്റ് . പിന്നെ നല്ല ഒന്നാതരം തണുത്ത മുന്തിരി കള്ളും (കുടത്തില്‍ ) ഇനിയും വിശദീകരിക്കാന്‍ എനിക്കാവുമെന്നു തോനുന്നില്ല ...

*ഈ ലിസ്റ്റ് ഇവിടെ തീരുന്നില്ല... എത്ര എഴുതിയാലും തീരുകയുമില്ലാ.. എങ്കില്‍ പിന്നെ ഓരോ വര്‍ഷത്തിനും ഓരോന്നിരിക്കട്ടേന്ന് കരുതി ... അതാണീ പത്തിന്റെ കണക്ക് ...

Tuesday, July 17, 2007

ഒരു വെടി വെപ്പിന്റെ ഓര്‍മ്മക്ക് (കൊക്ക്)

ഞങ്ങള്‍ ഒരു 8-10 ചുള്ളന്‍മാര്‍ക്കു പെട്ടന്നൊരു ദിവസം തോന്നിയ വികാരമായിരുന്നു വെടി വെക്കാന്‍ പോവാം എന്നതു (തെറ്റിദ്ധരിക്കരുത്, കൊക്കിനെ വെടിവെക്കുന്ന കാര്യമാണ്) . 2 എയര്‍ഗണ്ണും ഒരു വലിയ ചാക്കുമായിട്ടു ഞങ്ങള്‍ അങ്ങനെ യാത്രയായി... ഉച്ച വരെ പാടത്തെല്ലാം അലഞ്ഞു നടന്നിട്ടും ഒരു കാക്കയെ പോലും കിട്ടിയില്ല എന്നു മാത്രമല്ല നാട്ടുകാരെല്ലാം ഞങ്ങള്‍ടെ ദൌത്യത്തെ പറ്റി അറിയുകയും ചെയ്തു ... ഇനിയിപ്പോ കൊക്കില്ലാതെ തിരിച്ചു ചെന്നാല്‍ ആകെ നാറും എന്നൊരു അവസ്ഥ സംജാതമായി...

തോട്ടപ്പിള്ളി പാലത്തില്‍ വില്‍ക്കാനിട്ടിരിക്കുന്ന കൊക്കിനെ വാങ്ങാന്‍ ആരെയെങ്കിലും വിട്ടാലോ എന്നൊരു ആലോചന കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണു ഞാന്‍ അത് കണ്ടത് ...പാടത്തേക്കു ചരിഞ്ഞു നില്‍ക്കുന്ന ഒരു തെങ്ങിന്റെ ഓലയില്‍ ഒരു ഇരണ്ട ഇരുന്ന് ടീ ബ്രേക്ക് എടുക്കുന്നു !!! ഏതായലും ഇതും കൂടി ട്രൈ ചെയ്തിട്ടു മതി തോട്ടപ്പിള്ളി പാലത്തില്‍ പോണതു എന്നും പറഞ്ഞിട്ടു ഞാന്‍ എയിം ചെയ്തു ഒരലക്കങ്ങലക്കി ... ദാണ്ടെ കിടക്കുന്നു ..തലയും കുത്തി നല്ല സ്റ്റൈലില്‍ ആ ഇരണ്ട വെള്ളം നിറഞ്ഞു കിടന്ന പാടത്തേക്ക് ....

അപ്പോഴേക്കും ബഹളം ഒക്കെ കേട്ടു ഒരുല്‍സവത്തിനുള്ള ജനം അടുത്തു തുടങ്ങിയിരുന്നു... തോക്കും പിടിച്ചു വാറുണ്ണിയെ പോലെ ഞെളിഞ്ഞു നില്‍ക്കുന്ന എന്നെ ആരാധനയോടെ നോക്കിയ കുട്ടികളേയും സ്ത്രീജനങ്ങളേയും ഒട്ടും അഹങ്കാരം കാണിക്കതെ ഞാന്‍ അഭിവാദ്യം ചെയ്തു

വെള്ളത്തില്‍ വീണ ഇരണ്ടയെ കുറച്ചു നേരത്തേക്കു കണ്ടതേ ഇല്ല ... നിര്‍നിമേഷരായി നോക്കി നില്‍ക്കുന്ന ഞങ്ങള്‍ടെ മുന്നില്‍ ഒരു തല വെള്ളത്തില്‍ നിന്നും പൊങ്ങി വന്നു... തോക്കൊക്കെ എടുത്തു വന്നപ്പോഴേക്കും അതു പിന്നേം മുങ്ങി ... 2 മിനിറ്റ് കഴിഞ്ഞു വീണ്ടും പൊങ്ങി ... ഇത്തവണ ഞാന്‍ ഒരു പില്ലറ്റ് പായിച്ചു... അതും കൊണ്ടു അതു പിന്നേം മുങ്ങി ... അങ്ങനെ ആ സാറ്റ് കളി ഏതാണ്ടു ഒരു 15 പില്ലറ്റോളം മുന്നോട്ടു പോയി ...

ഈ വെടിവെപ്പൊക്കെ കണ്ടു നിന്ന ജനത്തിന്റേയും ക്ഷമ നശിച്ചു തുടങ്ങിയെന്നു ചില സുന്ദരി കൊതകളുടെ ആക്കിയ ചില നോട്ടവും ചിരിയും കണ്ടപ്പോല്‍ മനസ്സിലായി ... ലവളുമാര്‍ എന്റെ നേരെ കായിചൂണ്ടി ചിരിച്ചപ്പോള്‍ എന്നെ ആക്കുകയാണെന്നു മനസ്സിലായി എങ്കിലും ഞാനും തിരിഞ്ഞു പിറകില്‍ നിന്നിരുന്ന എന്റെ ടീം മെമ്പേര്‍സിനെ നോക്കി ചിരിച്ചു...

ആദ്യ വെടി കൊണ്ടു വെള്ളതിലേക്കു ഡൈവ് ചെയ്യുന്ന ഇരണ്ടയെ കണ്ടു മതി മറന്ന ഞാല്‍ " ഹൌസാറ്റ് " എന്നു അലറി വിളിച്ച നിമിഷത്തെ മനസ്സാ ശപിച്ചു ... ആ അലര്‍ച്ചയാണു ഇത്രേം ജനത്തെ ഇവിടെ കോണ്ടെത്തിച്ചത് ...

ഇനി ഇപ്പൊ അതൊന്നും ആലോചിച്ചു നിന്നിട്ട് കാര്യമില്ല... കൂടുതല്‍ മാനം പോവാതെ എന്തേലും നമ്പര്‍ ഇട്ട് ഊരുന്നതാണു ബുദ്ധി... എന്ത് പറയും എന്നാലോചിച്ചു മുന്നോട്ടു നടന്ന ഞാന്‍ ആ സീന്‍ കണ്ട് തകര്‍ന്നു പോയി !!!

അതു വരെ അവിടെ വള്ളി നിക്കറുമിട്ടു മൂക്കളയും ഒലിപ്പിച്ചു നിന്നിരുന്ന ആറേഴ് പിള്ളേര്‍ ഓരോ കപ്പ കമ്പും കയ്യിലെടുത്തു കൊണ്ടു ആ വെള്ളാത്തിലേക്കു ചാടിയിറങ്ങി ... എതാനും നിമിഴങ്ങള്‍ക്കകം , ഞാന്‍ 15 റൌണ്ട് വെടി വെച്ച , എന്റെ വെടി കൊണ്ട് തലയിപ്പോള്‍ അരിപ്പ പോലെ ആയി കാണണം എന്നു ഞാന്‍ അവകാശപെട്ടിരുന്ന ആ ഇരണ്ടയെ ആ പീക്രി പിള്ളേര്‍ തല്ലി കൊന്നു പാടത്തിന്റെ കരയില്‍ നിന്ന ഞങ്ങളുടെ ഇടയിലേക്കു വലിച്ചെറിഞ്ഞു :(( :((

Wednesday, July 11, 2007

ക്രാഷ് ലാന്‍ഡിങ് - കറുമ്പി കുഞ്ഞിന്റെ കുറുമ്പുകള്‍ (ഭാഗം - 1)


കുറച്ച് നാളായി കമഴ്ന്നു വീഴാന്‍ ശ്രമിക്കുന്നു ... ഇന്നെന്തായാലും രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം !!!!





ആഹാ.. നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടല്ലോ !!! ഒന്നാഞ്ഞു പിടിച്ചാല്‍ ഇന്നു തന്നെ ശരിയാക്കാം ....







ങീ......ക്യാമറായും പിടിച്ചു നോക്കി നില്‍ക്കാതെ വന്ന് എന്നെ രക്ഷിക്കെടാ അച്ഛാ !!!



Sunday, July 8, 2007

അങ്ങനെ ആ ഓഫും കുളമായി

മൂടി പുതച്ചുള്ള ഉറക്കം മതിയായിട്ടല്ല അന്നും 9.30 ആയപ്പോഴെക്കും എഴുന്നേറ്റത് .. കറുമ്പി എഴുന്നേറ്റപ്പോള്‍ മുതല്‍ ഒരേ അലട്ടായിരുന്നു .. അല്ലേലും ഈ പെണ്ണുങ്ങള്‍ക്കെല്ലാം ഇതൊരു കോമണ്‍ സൂക്കേടാണെന്നാണു എനിക്കറിയാന്‍ സാധിച്ചിട്ടുള്ളത് .. നമ്മള്‍ ഇങ്ങനെ മടി പിടിച്ചു കിടന്നുറങ്ങുന്നതു ഇവര്‍ക്കു അങ്ങോട്ടു സഹിക്കാന്‍ പറ്റണ കാര്യമല്ല.. ഒരു കാര്യവുമില്ലേലും ചുമ്മ ഇങ്ങനെ ചൊറിഞ്ഞു കൊണ്ടിരിക്കും .. ഒന്നും പറ്റിയില്ലെങ്കില്‍ കറുമ്പി കുഞ്ഞിനെ കൊണ്ടു വന്നു അടുത്തു കിടത്തിയിട്ടു ഒരൊറ്റ മുങ്ങലാണു .. കൊച്ചിനിതു വല്ലതും അറിയാമൊ , അതു സ്നേഹം കാണിക്കുന്നതു ചിലപ്പോള്‍ ചെവിയുടെ ഫ്യൂസ് അടിച്ചു പോണ രീതിയില്‍ ചെവിയില്‍ ഒരൊറ്റ കൂവല്‍ കൂവിയിട്ടാവും ... അതാത്രക്കങ്ങോട്ടേറ്റില്ലെങ്കില്‍ പിന്നെ അടുത്ത നടപടി ചിലപ്പോ ഞാന്‍ കൂര്‍ക്കം വലിക്കാനുള്ള സൌകര്യത്തിനായി തുറന്നു വെച്ചിരിക്കുന്ന വായിലും മൂക്കിലും ഒക്കെ കൂടി വിരലുകള്‍ കേറ്റിയിട്ടാവും ..

അങ്ങനെ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഒത്തു കൂടിയ ഒരു മനോഹര പ്രഭാതമായിരുന്നു അന്നും . ഇനി ഇപ്പോ കുറച്ചു നേരം സോഫയില്‍ കിടന്നു ടി വീ ഒക്കെ കണ്ടൂ റെസ്റ്റ് എടുത്തിട്ടു ഉറങ്ങാമെന്നു തീരുമാനിച്ചു ഞാന്‍ കറുമ്പി കുഞ്ഞിനേയും എടുത്തു കൊണ്ടു ഹാളിലേക്കു പോയി ..

ഞാന്‍ വരുന്ന കണ്ടപ്പോഴേ കസേരയിലിരുന്ന ലവള്‍ ചാടി വലിയ സോഫയിലിരുന്നു .. മനപ്പോരുത്തം എന്നു പറഞ്ഞാല്‍ അതാണു , അവള്‍ക്കറിയാം എന്റെ വരവിന്റെ ഉദ്ധേശം . മറ്റേ സോഫയിലാണെങ്കില്‍ എനിക്കു നിവര്‍ന്നു കിടക്കനുള്ള സ്ഥലവുമില്ല ... ഇവളോട് മാന്യമായി പറഞ്ഞാല്‍ മാറില്ലാന്നെനിക്കറിയാവുന്ന കൊണ്ടു ഞാന്‍ അതിനു മുതിര്‍ന്നില്ല . ഇവള്‍ ഓര്‍ക്കതിരിക്കുമ്പോ എന്തേലും നമ്പര്‍ ഇറക്കിയാലെ കാര്യം നടക്കുകയുള്ളു , പോരാതതിനു ഈയിടെയായി ഒരു വിധപെട്ട നമ്പര്‍ ഒന്നും അങ്ങോട്ടു എല്‍ക്കുന്നുമില്ല ... അവസരം വരുന്ന വരെ കാത്തിരിക്കുകയെ രക്ഷയുള്ളു എന്നു മനസ്സിലാക്കിയ ഞാന്‍ അടുത്ത സോഫയിലേക്കിരുന്നു ..

ഇവളൊടൂള്ള കലിപ്പെങ്ങനെ തീര്‍ക്കുമെന്ന് ആലൊചിച്ചിരിക്കുമ്പോഴാണു ടി വി യിലെക്കു എന്റെ ശ്രധ തിരിഞ്ഞത് ... അമ്മ മനസ്സു സീരിയലിന്റെ പുന സംപ്രേഷണം .. ആഹാ തേടിയ വള്ളി കാലില്‍ ചുറ്റി , ഇതേല്‍ തന്നെ അങ്ങു തുടങ്ങാം ..

ഒരു ഓഫ് ദിവസമെങ്കിലും സ്വസ്ഥത കിട്ടില്ലെ ഈ വീട്ടില്‍ ?? രാവിലെ ഓരോ ക്ണാപ്പു സീരിയലും കാണ്ടിരിക്കുന്നു .. "ചനല്‍ മറ്റെടീ " ഞാന്‍ ഗര്‍ജ്ജിച്ചു ..

എന്താന്നറിയില്ല, യാതൊരു തരതിലുള്ള എതിര്‍പ്പും കൂടാതെ അവല്‍ റിമോട്ട് എന്റെ അടുത്തെക്കു ഇട്ടു തന്നു .

അതും ഏശിയില്ല ... ഇനി ഇപ്പൊ അവളെ പ്രകോപിപ്പിക്കാന്‍ ഒരു വഴിയേ ഉള്ളു .. ഞാന്‍ ചാനലുകല്‍ തുരു തുരെ മാറ്റി കൊണ്ടേയിരുന്നു .. ഒരിടത്തും ഒരു മിനിറ്റ് പോലും വെക്കാത്ത രീതിയില്‍ .. ആ കളി ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കുമ്പൊഴാണു ഏതൊ ഒരു ചാനലില്‍ വെച്ചു എന്റെ കൈ ഫെവികോള്‍ വെച്ചൊട്ടിച പോലെ ഒട്ടിപോയത് ...

കാര്യമെന്താന്നല്ലെ ? നല്ല കിടിലന്‍ ഒരു പീസ്, ടൂ- പീസ് സ്യൂട്ടില്‍ സ്വിമ്മിങ് പൂളില്‍ കിടന്നങ്ങനെ മറിയുകയാണു . മുഖം കാണിക്കുന്നില്ല ... കാലുകള്‍ തന്നെ ഫോക്കസ് ചെയ്തിരിക്കുകയാണു കാമറാമാന്‍ ... അല്ലെങ്കില്‍ തന്നെ ഹൂ കെയര്‍സ് !!

എന്റെ നോട്ടം അത്ര പന്തിയല്ലാന്നു മനസ്സിലയിട്ടാണോ എന്തോ , ഒട്ടും പ്രതീക്ഷിക്കാതെയാണാ ചോദ്യം വന്നത് .. " ഏതു പെണ്ണ ഏട്ടാ അത് ?"

ഞാനും അതു വരെ അതേ പറ്റി അത്രക്ക് ഡീറ്റയില്ഡ് ആയിട്ടു ചിന്തിചിരുന്നില്ല ... സത്യം പറഞാല്‍ ടൈം കിട്ടിയില്ല ... ലവള്‍ടെ ചോദ്യം കേട്ട ഞാന്‍ ഒന്നു കൂടി വിശദമായി നീരീക്ഷിച്ച ശേഷം ഒട്ടും ആലൊചിക്കാതെ പ്രഖ്യാപിച്ചു " ആ തുട കണ്ടാലറിയില്ലേ അതു രംഭയാണെന്ന് "

ഇടി വെട്ടാനായിട്ടു അതു വരെ കാലുകളില്‍ മാത്രം കോണ്‍സന്‍ട്രേറ്റ് ചെയ്തിരുന്ന കാമറമാന്‍ ക്രിത്യമായി മേലേക്കു ഫോക്കസ്സ് ചെയ്തു ... അതെ, മറ്റാരുമായിരുന്നില്ല അത് ... " വണ്‍ & ഒണ്‍ലി രംഭ " അല്ലെങ്കിലും അക്കര്യത്തില്‍ എനിക്കൊരിക്കലും സംശയമുണ്ടായിരുന്നില്ലല്ലോ ...

ഛേ ... വ്രിത്തികെട്ടവന്‍ !! എനിക്കീ ഗതി വന്നല്ലോ എന്നൊരു നോട്ടവും നോക്കി എന്റെ കയ്യിലിരുന്ന കറുമ്പി കുഞ്ഞിനേയും പിടിച്ചു വാങ്ങി ചാടി തുള്ളി അവള്‍ അകത്തേക്കു പാഞ്ഞു ..

ശേഷം ചിന്തനീയം!!!!

Friday, July 6, 2007

ഇരട്ടപ്പഴ കേസ്

പതിവ് അലച്ചിലിനു ശേഷം അന്നും ഉച്ചയോട് കൂടി മഹാദേവന്‍ കായംകുളം ടൌണില്‍ എത്തി ... ഇന്നത്തെ ബിസ്സിനസും തഥൈവ , വെറുതെ രാവിലെ മുതല്‍ വണ്ടി ഓടിച്ചതു മിച്ചം . ഒരാഴ്ച്ച ആവുന്നു അവസാനതെ ഓര്‍ഡര്‍ കിട്ടിയിട്ട് .. ഇങ്ങനെ പോയാല്‍ ഈ മാസം ടാര്‍ജറ്റ് തികക്കാന്‍ പറ്റുമൊ എന്നു ദൈവത്തിനറിയാം ... പെട്രോള്‍ അടിക്കാനുള്ള കാശു പോലും കിട്ടുന്നില്ലെങ്കില്‍ പിന്നെ ഈ കഷ്ടപ്പെടുന്നതിനൊക്കെ എന്തര്‍ഥം ... കായംകുളം മുഴുവന്‍ വ്രിത്തിയാക്കിയേക്കാം എന്നുള്ള മഹാ മനസ്സൊന്നും ഉണ്ടായിട്ടല്ല യൂറേക്ക ഫോബ്സില്‍ തന്നെ ജോലിക്കു കയറിയത് , വീട്ടുകാരെ ഇനിയും ബുദ്ധിമുട്ടിക്കാതെ ഇനി കുറച്ചു നാള്‍ നാട്ടുകാരെ പറ്റിച്ചു ജീവിക്കാം എന്നു വിചാരിച്ചിട്ട് മാത്രമായിരുന്നു .

ബൈക്ക് റിസര്‍വിലായിട്ട് 20 കിലോമീറ്റര്‍ ആയി . ഇനിയും പെട്രോള്‍ അടിക്കാതിരുന്നാല്‍ ഈ വെയിലത്ത് എം . എസ്സ് . എം കോളേജിന്റെ മുന്നിലൂടെ തള്ളേണ്ടി വരും ... അതറിയാന്‍ വയ്യാഞ്ഞിട്ടല്ല , വെറുതെ കോളേജ് പിള്ളേര്‍ക്ക് പണിയണ്ടാക്കുന്നതെന്തിനാ ... അങ്ങനെ പമ്പില്‍ കയരി ബൈക്കിന്റെ ദാഹം തീര്‍ത്തെങ്കിലും മഹാദേവനു നല്ല ദാഹം തോന്നി . രാവിലെ എപ്പോഴൊ ഒരു സോഡ കുടിച്ചതാണു . എന്തായലും ഒരു സോഡാ നാരങ്ങ കുടിച്ചു കളയാം . ആദ്യം കണ്ട പെട്ടി കടയോടു ചേര്‍ന്നു തന്നെ ബൈക്കു നിര്‍ത്തി ..

"ചേട്ടാ , ഒരു സോഡാ നാരങ്ങ എടുക്ക് , ഗ്യാസിച്ചിരി കൂടിയാലും തണുപ്പു കുറയല്ലെ " മഹാദേവന്‍ പറഞ്ഞു

ടൈ ഒക്കെ കെട്ടിയ ഈ 5 അടി 3 ഇഞ്ജ് മൊതല്‍ എതാണെന്നറിയാനായി കടക്കാരന്‍ പുറത്തേക്കു തലയിട്ടോന്നു എത്തി നോക്കി. എന്നിട്ട് " ദാ വരുന്നേ " ന്നു പറഞ്ഞിട്ട് കടക്കാരന്‍ ചേട്ടന്‍ കടയോടു ചേര്‍ന്നുള്ള വീട്ടിലേക്കോടി . തണുത്ത സോഡാ എടുക്കാനായിരിക്കണം , മഹാദേവന്‍ മനസ്സില്‍ കരുതി .

കടയുടെ മുന്നില്‍ തൂക്കിയിട്ടിരുന്ന വാരികകള്‍ കണ്ടപ്പോഴാണു മഹാദേവന്‍ അതോര്‍ത്തത് ... ഇന്നാണു മനോരമ വരേണ്ട ദിവസം . പോലീസുകാരന്റെ മകള്‍ താരയുടെ കാര്യം എന്തായോ എന്തൊ ... അവള്‍ ജോയിയെ ഉപേക്ഷിക്കുമൊ ? എന്തായലുമൊന്നു നോക്കി കളയാം . മനോരമ തുറക്കാന്‍ നോക്കിയപ്പോഴാനു മനസ്സിലായതു അതിന്റെ സൈഡ് എല്ലാം തുറക്കാന്‍ പറ്റാത്ത വിധം പിന്‍ ചെയ്തിരിക്കുകയാണു പഹയന്‍ ... കടക്കരനെ മനസ്സില്‍ 2 തെറി പറഞ്ഞു ...

ഇതിനിടയില്‍ കടക്കാരന്‍ ചേട്ടന്‍ തിരിച്ചെത്തിയിരുന്നു. കക്ഷി സോഡ നാരങ്ങാ ഉണ്ടാക്കുന്നതില്‍ മുഴുകിയിരിക്കുകയാണു. അപ്പൊഴാണു ആ പാളയം കോടന്‍ പഴക്കൂല മഹാദേവന്റെ ശ്രധയില്‍ പെട്ടത് . നല്ല ഒന്നാന്തരം പഴം . കണ്ടപ്പോള്‍ ഒരു കൊതി .. എന്നാ പിന്നെ ഒരെണ്ണം കഴിച്ചുകളയാം .

"ചേട്ടായീ, പഴതിനെന്താ വില ?" മഹാദേവന്‍ ചോദിച്ചു

"50 പൈസയാ മോനെ" കടക്കരന്‍ പറഞ്ഞു

ഉം .. അതിച്ചിരി കൂടുതലാ , 40 പൈസയേ ഉള്ളു എല്ലയിടത്തും . കടക്കാരനെ മനസ്സില്‍ പ്രാകി കൊണ്ടു മഹാദേവന്‍ ഏറ്റവും വലിയ പഴം തന്നെ തിരയാന്‍ തുടങ്ങി .. പെട്ടന്നാണു ആ മനോഹര ദ്രിശ്യം മഹാദേവന്റെ കണ്ണില്‍ പതിഞ്ഞത് . "ഇരട്ട പഴം " ഒരു നിമിഷം പോലും പാഴാക്കതെ ആ ഇരട്ട പഴം മഹാദേവന്‍ കരസ്ഥമാക്കി . സോഡാ നാരങ്ങയും പഴവും നല്ല കോമ്പിനേഷനാണെന്നും മനസ്സിലാക്കി. അതിനേക്കാള്‍ ഉപരിയായി കടക്കാരന്‍ ചേട്ടനു ഒരു പണി കോടുക്കാന്‍ സാധിച്ചതില്‍ ഉള്ള സന്തോഴം ആ മുഖത്തു തെളിഞ്ഞു നിന്നിരുന്നു .

" എത്രയായി ചേട്ടാ " മഹാദേവന്‍ ചോദിച്ചു .

" രണ്ടര രൂപ " കടക്കാരന്‍ ചേട്ടന്‍ പറഞ്ഞു

അതെന്തു കണക്ക ചേട്ടാ ... സോഡാ നാരങ്ങാക്കു എത്രയാ അപ്പോള്‍ ..വില കൂടിയോ ?

വിലയോന്നും കൂടിയിട്ടില്ല ... ഒന്നര രൂപ സോഡ നാരങ്ങ , ഒരു രൂപ പഴത്തിന്. ഇരട്ട പഴമല്ലെ കഴിച്ചത് , അപ്പൊ ഒരു രൂപ ... കടക്കാരന്‍ നയം വ്യക്തമാക്കി

അതങ്ങു ഉസ്ബെക്കിസ്ഥാനില്‍ പോയി പറഞ്ഞാ മതി .. പഴത്തിനു അന്‍പത് പൈസയാന്നല്ലെ ഇയാള്‍ ആദ്യം പറഞ്ഞതു. എന്നിട്ടിപ്പോ ഒരു മാതിരി മറ്റേ വര്‍തമാനം പറയല്ലേ .. മഹാദേവന്‍ പൊട്ടിതെറിച്ചു

ടാ ചെറുക്കാ , മര്യാദക്കു സംസാരിക്കടാ ... നിന്റെ കഴുത്തിലെ കോണകം ഒക്കെ കണ്ടപ്പൊ ഡീസ്ന്റാണെന്നു കരുതിയാ മോനെന്നൊക്കെ വിളിച്ചത് ... ഇനി എന്നെ കൊണ്ടു വേറെ മോനേന്നു വിളിപ്പിക്കാതെ കാശു തന്നിട്ടു പോടാ ചെക്കാ...

ഓഹൊ എങ്കില്‍ പിന്നെ കാണിച്ചു കൊടുത്തിട്ടെ ഉള്ളു ... ഈ അണ്‍ സിവിലൈസ്ഡ് കടക്കാരനെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം ... മഹാദേവനത് മനസ്സില്‍ ഉറപ്പിച്ചു കൊണ്ടു പത്ത് രൂപാ നോട്ടൊരെണ്ണം എടുത്തു കടക്കരന്റെ കയ്യില്‍ കൊടുത്തു . എന്നിട്ടോരു താക്കീതും "ഇപ്പോഴും ചേട്ടനു അവസരമുണ്ട് ഒരു കോമ്പ്രമൈസിന്‍ , അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും "

കടക്കാരന്‍ രന്ടര രൂപ എടുത്തു ബാക്കി ഏഴര രൂപ തിരിച്ചു കൊടുത്ത്ട്ടു പറഞ്ഞു " വാസവദത്തയെ !@#$ പടിപ്പിക്കരുതെ" ... നീ പോയി തരത്തില്‍ കളിക്കെടാ ചെറുക്കാ .. അല്ലെങ്കില്‍ കൊണ്ടു പോയി കേസ് കൊടുക്ക് " .. "ഹും .. മൂക്കി പൊടി കുപ്പീടെ അത്രേ ഉള്ളൂ, അവന്‍ എന്നെ കണക്കു പടിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു " പോടാ പോടാ , തടി കേടാക്കാതെ തെക്കോട്ടൊ വടക്കോട്ടോ പോടാ ...

കാശും പോയി മാനവും പോയി ... മഹാദേവനു പോട്ടിക്കരയണോ അതോ പൊട്ടി തെറിക്കണൊ എന്ന കണ്ഫ്യൂഷനായി . പൊട്ടിതെറിച്ചാല്‍ തടി കേടാവാന്‍ സാധ്യത ഉണ്ടു എന്നു തിരിച്ചറിഞ്ഞപ്പോ എന്താന്നറിയില്ല , ആ കണ്ഫ്യൂഷന്‍ അങ്ങില്ലാതായി ... എങ്കിലും ഇവനു ഒരു പണി കൊടുക്കണം ... അല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല ...

എത്ര ആലോചിച്ചിട്ടും ഒരു ഐഡിയ കിട്ടുന്നില്ല . ആരോടെങ്കിലും ഉപദേശം സ്വീകരിക്കാന്‍ പോയാല്‍ ആകെ നാറും . ഇതാണെങ്കില്‍ ഇപ്പോ ആരും അറിഞ്ഞിട്ടില്ല . കടക്കാരന്‍ പറഞ്ഞ തെറികള്‍ ഓരോന്നായി ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നതായി മഹാദേവനു തോന്നി .. യെസ്സ് , അതു തന്നെ !!!! അയാള്‍ പറഞ്ഞതു പോലെ തന്നെ ചെയ്തു കളയാം ...

***** ***** ***** ***** ***** ***** ***** ***** ***** ***** ***** ***** ***** ***** *****

മഹാദേവാന്‍ രാവിലെ തന്നെ കുളിച്ചു ഫ്രഷ് ആയി ക്ഷേത്രത്തില്‍ ഒക്കെ പോയി ഭഗവാനെ കണ്ടു അനുഗ്രഹങ്ങള്‍ ഒക്കെ വാങ്ങി കോടതിയിലേക്കു പോവാന്‍ തയ്യാറായി നിന്നു . അതെ , ഇന്നാണു 'ഇരട്ട പഴ' കേസ് വിളിച്ചിരിക്കുന്നത് . കോടതിയില്‍ പറയേണ്ടതൊക്കെ മഹാദേവന്‍ ഒന്നു കൂടി മനസ്സില്‍ പറഞ്ഞു .

10.30 ആയപ്പോള്‍ ഇരട്ടപഴ കേസ് വിളിച്ചു . ആദ്യം പരാതിക്കാരനായ മഹാദേവന്‍ തന്നെയാണു കൂട്ടില്‍ കയറിയത് . തന്റെ ഭാഗമെള്ളാം മഹാദേവന്‍ കോടതി മുന്പാകെ ബോധിപ്പിച്ചു . ഇരട്ട പഴത്തിനു ഒരു ഞെട്ടു മാത്രെ ഉള്ളു എന്നതു കൊണ്ടു അതിനെ ഒരു പഴമായി കണ്സിഡര്‍ ചെയ്യണമെന്നതായിരുന്നു മഹാദേവന്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം .

ഞെട്ടൊന്നാണെങ്കിലും അതിനു 2 പഴത്തിന്റെ കാശാണു കാലകാലങ്ങളായി താനും തന്നെ പോലെ ഉള്ള എല്ലാ കച്ചവടക്കാരും വാങ്ങുന്നത് എന്നതായിരുന്നു കടക്കാരന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പ്രധാനമായും പറഞ്ഞത് .

ഏതായലും ജഡ്ജിക്കു അധിക നേരമൊന്നും വേണ്ടി വന്നില്ല ഒരു തീരുമാനത്തില്‍ എത്താന്‍ . നിയമ ചരിത്രത്തിലെ തന്നെ നാഴികകല്ല്ലാവന്‍ സാധ്യത ഉള്ള ഒരു സുപ്രധാന വിധിയാണു അന്നു അവിടെ പുറപ്പെടുവിച്ചത് .

പരാതിക്കാരന്‍ ഉന്നയിച്ച പോലെ ഒരു ഞെട്ടില്‍ പഴം ഒന്നായലും രണ്ടായലും അതിനെ ഒന്നായി മാത്രെ പരിഗണിക്കാന്‍ പാടുള്ളു . ആയതിനാല്‍ ദിവാകരന്‍ (കടക്കാരന്) അധികമായി ഈടാക്കിയ 50 പൈസയും കോടതി ചിലവും പരാതിക്കാരനായ മഹാദേവനു നല്കാന്‍ കോടതി വിധിച്ചിരിക്കുന്നു . അതോടൊപ്പം തന്നെ നിസ്സാര പ്രശ്നത്തിന്റെ പേരില്‍ കോടതിയുടെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്തിയ മഹാദേവന്‍ പിഴയായി 500 രൂപ അടക്കാനും ഈ കോടതി വിധിക്കുന്നു.

Tuesday, July 3, 2007

വരാനുള്ളത് വഴിയില്‍ തങ്ങുമൊ ?

അതേ ഏട്ടാ ...

കാശു ചിലവിനുള്ള എന്തോ ഒരു വക ആ വിളിയില്‍ ഉണ്ടെന്നു മനസ്സിലാവാന്‍ 3 വര്‍ഷത്തെ വിവാഹ ജീവിതം ധാരാളം മതിയയിരുന്നു...എങ്കിലും ഞാന്‍ ചോദിച്ചു ...

എന്താ പെണ്ണേ ...

അതു പിന്നെ ഏട്ടാ ... ഇന്നു നമ്മള്‍ പുറത്തു പോവുമ്പോള്‍ അച്ചനും അമ്മക്കും ഓരൊ വാച്ച് വാങ്ങിയാലോ ...ഏട്ടന്റെ അഭിപ്രായം എന്താ ?

ഞാന്‍ എന്തു അഭിപ്രായം പറയാന്‍ , അങ്ങനെ തന്നെ ആയിക്കോട്ടേ (ഒരു ഓഫ് ഡേ കുളമാക്കണ്ട കാര്യമില്ലല്ലൊ - ഞാന്‍ മനസ്സില്‍ പറഞ്ഞു)

അങ്ങനെ അന്നു വൈകിട്ടു തന്നെ കറുമ്പി കുഞ്ഞിനെ മെയ്ഡിനെ ഏല്പ്പിച്ചു ഞങ്ങള്‍ രണ്ടു പേരും കൂടി സിറ്റിക്കു വെച്ചു പിടിച്ചു ... ആദ്യം നമ്മള്‍ എവിടേക്കാണു പോവുന്നത് ? ആലൂക്കാസില്‍ പോയാലോ ? അനിയനുള്ള കല്യാണ മാലയും വാങ്ങി അതിന്റെ അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നും കരക്കാര്‍ക്കുള്ള ആക്രി-പൂക്രി സാധനങ്ങളും വാങ്ങാം ...ഞാന്‍ ഭാര്യയോട് പറഞ്ഞു

അതു വേണ്ടാ ഏട്ടാ ... ആ മാര്‍കറ്റില്‍ കയറിയാല്‍ നമ്മള്‍ നടന്നു നടന്നു ഒരു വഴിക്കാവും ... പിന്നെ ഒരു മൂഡും കാണില്ല ... അതു കൊണ്ടു ആദ്യം നമുക്കു വാച്ചു കടയില്‍ കയറി അതും വാങ്ങി ഡ്രസ്സ് മാര്‍ട്ടിലും കയറിയതിനു ശേഷം പോയപ്പോരെ ആലുക്കാസിലും പിന്നെയാ മാര്‍ക്കറ്റിലും ??

ആ പറഞ്ഞതില്‍ അല്പ്പം ലോജിക് ഉണ്ടെന്നു എനിക്കും തോന്നിയതിനാല്‍ ഞങ്ങള്‍ ആദ്യം വാച്ചു കടയിലേക്കു തന്നെ കയറി.. കോട്ടയം അയ്യപ്പാസ് പോലെ അതി വിശാലമായ ഷോറൂം ... ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്ക പഴം കണ്ടമാതിരി ലവള്‍ ഒരാക്രമണം തന്നെ അഴിച്ചു വിട്ടു . എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആ കടയിലെ കണ്ണാടി കൂട്ടില്‍ ഞെളിഞ്ഞിരുന്ന മുക്കാല്‍ ഭാഗം വാച്ചുകളും അഹങ്കാരമെല്ലാം കളഞ്ഞു താഴെയിറങ്ങി ... ഓരൊന്നെടുത്തു വെച്ചും എങ്ങനെയുണ്ടു എന്നു ചോടിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പതുക്കെ സ്കൂട്ടായി ...

എതാണ്ടൊരു മണിക്കൂര്‍ കഴിഞ്ഞപ്പോഴെക്കും അവള്‍ പൂര്‍ണ്ണ മനസ്സോടെ അല്ലെങ്കിലും 2 വാച്ചുകല്‍ സെലെക്റ്റ് ചെയ്തിരുന്നു ... ഈ സമയത്തിനിടക്കു എപ്പോഴോ ഒരു വാച്ച് എന്റെ കണ്ണില്‍ തടയുകയുണ്ടായി... ഇറങ്ങാറായപ്പൊ അതെടുത്തു കെട്ടിയിട്ട് ഞാന്‍ ചുമ്മാ ഭാര്യയോട് ചോദിച്ചു..എങനെയുണ്ട് ?? നല്ല ചേര്‍ച്ചയുണ്ടെന്നു അവള്‍ പറഞ്ഞ നിമിഷത്തില്‍ തന്നെ ഞാന്‍ സേല്‍സ് ബോയിയോട് പറഞ്ഞു, അതും കൂടി പാക്ക് ചെയ്തു ബില്‍ എടുത്തുകൊള്ളാന്‍ ... പാവം എന്റെ കറുമ്പി ... ഒരു വാച്ചെടുത്തു അതവള്‍ക്ക് ചേരുന്നുണ്ടോ എന്നു ചോദിക്കാനുള്ള ടൈം പോലും കിട്ടിയില്ല ...

അങ്ങനെ 67 ദിനാര്‍ എണ്ണി കൊടുത്തപ്പോള്‍ എനിക്കൊരു ഉള്‍വിളിയുണ്ടായി !!! ഈ നിലയില്‍ ഡ്രസ്സ് മാര്‍ട്ടിലൂടെ പോയാല്‍ മിക്കവാറും അനിയനു മാല വാങ്ങുന്നതു ഗോപിയാവന്‍ സാധ്യത ഉണ്ട് ... പോരത്തതിനു വാച്ചു കടയില്‍ നടന്നതിനു ലവള്‍ ഡ്രസ്സ് മാര്‍ട്ടില്‍ വെച്ചു പകരം വീട്ടാനുള്ള സാധ്യതയും തള്ളി കളയനാവില്ല ... അങ്ങനെ വരുമ്പോള്‍ ആലുക്കാസില്‍ പോവുന്നതാണു ബുദ്ധി ... അങ്ങനെ ഞങ്ങള്‍ ആലുക്കാസിനെ ലക്ഷ്യമാക്കി നടന്നു

ദുബായില്‍ മാത്രമുള്ള പ്രെത്യേക അച്ചിനെ പറ്റിയും അതിന്റെ സവിശേഷതകളെ പറ്റിയും സേല്‍സ്മാന്‍ പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്കു മനസ്സിലായി ഇതിന്റെ മെയ്ക്കിങ് ചാര്‍ജ്ജ് കൂടാനുല്ല കാര്യത്തെ പറ്റിയാണു ലവന്‍ സംസാരിച്ചു വരുന്നതു എന്ന് ... എന്തായലും എന്റെ ഊഹം തെറ്റിയില്ല, അല്ലേലും ഊഹിക്കാന്‍ പറ്റിയ കൊണ്ടു പ്രെത്യേകിച്ചു കാര്യമില്ലല്ലോ ..കാശു പോവാനുള്ളതു പോവാതിരിക്കില്ലല്ലോ ... അങ്ങനെ സമാധനിച്ചു നില്‍ക്കുമ്പോഴും വാച്ചു കടയില്‍ കൊടുത്ത കാശിച്ചിരി അധികമായി പോയില്ലെ എന്നൊരു ചിന്ത അലട്ടാതിരുന്നില്ല ...

മാലയൊക്കെ സെലെക്റ്റ് ചെയ്തു കൌണ്ടറില്‍ എത്തി ... കുറേ നേരം വായിട്ടലച്ചിട്ടാണേലും ഒരു 10 ദിനാര്‍ കുറച്ചു കിട്ടി ... ഉള്ളതാവട്ടെ ...ഞന്‍ മനസ്സില്‍ കരുതി . കാശു കൊടുത്തു സാധനം കയ്യില്‍ കിട്ടിയതും ഭാര്യയുടെ ഒരു ചോദ്യം , ഗിഫ്റ്റ് ഒന്നുമില്ലെ ?? അല്ലേലും ഇവള്‍ ഇങ്ങനെയാ ...അര കിലോ ചുവന്നുള്ളി വാങ്ങിയാലും ചോദിക്കും ഫ്രീ ഒന്നുമില്ലെ എന്ന് ...

ഗിഫ്റ്റ് ഉണ്ടല്ലോ ... അത് ആ പാക്കറ്റില്‍ തന്നെ വെച്ചിട്ടുണ്ടു... കൌണ്ടറില്‍ നിന്ന പയ്യന്‍ പറഞ്ഞു

ഗിഫ്റ്റ് എന്താണെന്നറിയാതെ ഒരു സമാധാനവും ഇല്ലതിരുന്ന ലവള്‍ കാറില്‍ കയറിയ നിമിഷം തന്നെ പാക്കറ്റ് പൊട്ടിച്ചു ... പക്ഷെ ഞെട്ടിയത് ഞങ്ങള്‍ ഒരുമിച്ചായിരുന്നു

നല്ല ഒന്നാന്തരം 2 വാച്ചുകള്‍ , ഒന്നു ലേഡീസും ഒന്നു ജെന്റ്സും :(

Sunday, July 1, 2007

നായര്‍ സായിപ്പ്

ഞാന്‍ സൂപ്പര്‍വൈസറുടെ ആഫീസില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ കണ്ടത് , അരുതാത്തതെന്തോ കണ്ട പോലെ കണ്ണു തള്ളി നില്‍ക്കുന്ന ജോയിയെ ആണു ...

ആയിടക്കു കണ്ടമാനം പട്ടാളക്കാരികളായ മദാമ്മമാര്‍ സൈനിക ക്യാമ്പില്‍ എത്തിയിരുന്നതിനാല്‍ ഇയാള്‍ എന്തേലും അരുതാത്തതു കണ്ടു കാണും എന്നു തന്നെ എനിക്കു തോന്നി .... പോരത്തതിനു നല്ല ചൂടു സമയവും ... യതൊരു ബൊധവുമില്ലാതെ ' സണ്‍ ബാത്ത് ' ' ബീച്ച് വോളി ' എന്നീ ഓമന പേരുകളില്, ചുട്ടു പഴുത്ത പൂഴിമണലില്‍ കുത്തി മറിയുക എന്നുള്ളതു ഇവളുമാര്‍ക്ക് ഒരു ഹോബി മാത്രമാണെങ്കില്‍ തന്നെയും , ആ പൊള്ളുന്ന പൂഴി മണല്‍ ചെന്നു വീഴുന്നത് ഇത് കാണാന്‍ വേണ്ടി മാത്രം നട്ടപ്പറ വെയിലത്തു പല തവണ അതു വഴി പോവുന്ന പാവം ഇന്ത്യന്‍ ബാച്ചികളുടെ ഇടനെഞ്ജിലാണു...

എന്നാലും ജോയിക്ക് എന്തു പറ്റിയതാണെന്നു ചോദിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍ തന്നെയും അയാളോടതു ചോദിച്ചാല്‍ ഒരു മാതിരി ചൊറിയുന്ന വര്‍ത്തമാനമേ അയാല്‍ പറയൂ... പോരാത്തതിനു, ഇയാള്‍ ശരിക്കും വല്ല സീനും കണ്ടിട്ടുണ്ടെങ്കില്‍ പിന്നെ എനിക്കതു മിസ്സ് ആയി എന്ന ഒറ്റ കാരണം കൊണ്ടു തന്നെ ഇയാള്‍ പൊടിപ്പും തൊങ്ങലും വെച്ചു എന്നെ മൂപ്പിക്കാന്‍ ശ്രമിക്കും എന്നുള്ളത് ഉറപ്പാണു ....ഒന്നും കണ്ടില്ലേലും അറിഞ്ഞില്ലേലും സാരമില്ല ... ഇയാളുടെ ആ മറ്റെ ചിരി കാണണ്ടാല്ലൊ ... ഞാന്‍ സ്വയം സമാധാനിച്ചു ...

ഉച്ചക്കു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണു ജോയി എന്നോടക്കാര്യം ചോദിച്ചത് ... അമേരിക്കയില്‍ നായന്‍മാരുണ്ടോ ??

പിന്നെ കാണാതിരിക്കുമൊ, എത്രയോ മലയാളികള്‍ അമേരിക്കയില്‍ ഉള്ളതാ...ഞാന്‍ പറഞ്ഞു

അതല്ലെടാ... അമേരിക്കക്കാരുടെ ഇടയില്‍ നായന്‍മാരുണ്ടോ ? അടുത്ത ചോദ്യം ജോയി തൊടുത്തു

ആ ചോദ്യം കേട്ടു തികട്ടി വന്ന ചോറു വീണ്ടുമിറക്കി ഞാന്‍ ജോയിയെ സൂക്ഷിച്ച് ഒന്നു നോക്കി, എന്നിട്ടു ആക്കിയൊരു ചിരി ചിരിച്ചു

ഒരു കാര്യം സീരിയസ്സായി സംസാരിക്കുമ്പോള്‍ ഒരു മാതിരി ആക്കരുത് ..ജോയി ചൂടായി

ശെഡാ... ഇതു വലിയ ശല്യമായല്ലോ...ഇയാള്‍ക്കിതു എന്താ പറ്റിയത് .... എത്ര ആലോചിച്ചിട്ടും എനിക്കു ഒരു പിടിയും കിട്ടിയില്ല ... എനിക്കറിയില്ല ജോയി, ഇനി ചിലപ്പോ വല്ല ഇന്ത്യന്‍ വംശജരായ അമേരിക്കനും ആയിരിക്കും ... ഞാന്‍ പറഞ്ഞു

അല്ലെടാ, അല്ലെടാ ... ശരിക്കും നല്ല വെളുമ്പന്‍ സായിപ്പാണു ... നമ്മുടെ ആള്‍ക്കാരെ കണ്ടാല്‍ എനിക്കറിയില്ലെ ....ജോയി വിടാനുള്ള ഭാവമില്ല

ഇനി ഇപ്പോ അവിടെയും കാണുമായിരിക്കും എന്‍ .എസ്സ്.എസ്സ് കരയോഗമൊക്കെ ... ഇയാള്‍ ശരിക്കും എന്താ സംഭവിച്ചത് എന്നു ആദ്യം മുതല്‍ പറ .... ഞാന്‍ പറഞ്ഞു

കുറച്ചു മുന്പേ ഒരു പട്ടാളക്കാരന്‍ ഇവിടെ വന്നു ... നല്ല വെളുമ്പന്‍ ഒരു സായിപ്പ് ... മെഡിക്കല്‍ ബറ്റാലിയനിലുള്ളതാ... നമ്മുടെ വെയര്‍ഹൌസില്‍ ഫസ്റ്റ് അയിഡ് കിറ്റ് എത്ര എണ്ണം സ്റ്റോക്ക് ഉണ്ടെന്നറിയാന്‍ വന്നതാ ... ആ പട്ടാളക്കാരന്‍ നായരാടാ !!!

ഈ പറഞതൊക്കെ എനിക്കു മനസ്സിലായി ജോയി ... പക്ഷെ അയാള്‍ നായരാണെന്നു നിങ്ങള്‍ക്കെങ്ങനെയാ മനസ്സിലായത് ? എന്താ അയാള്‍ അങ്ങനെ പറഞ്ഞോ ??? ഞാന്‍ ചോദിച്ചു

അതു പിന്നെ അയാള്‍ യൂണിഫോമില്‍ ആയിരുന്നു ... നയിം പ്ലേറ്റില്‍ ഞാന്‍ വായിച്ചു നോക്കിയതാ ... "എം.സി. നായര്‍ " എന്നാണു പേര് !!!!

അവിശ്വസനീയതയോടെ നൊക്കിയ എന്നോട് ജോയി പറഞ്ഞു ... അയാള്‍ ഇനിയും വരും ...അപ്പോ നിനക്കു കാണാം ... ഞാന്‍ പറയുമ്പോഴല്ലേ നിനക്ക് വിശ്വാസമില്ലാത്തത്.

അധിക നേരമൊന്നും കണ്ണില്‍ എണ്ണയൊഴിച്ചിരിക്കേണ്ടി വന്നില്ല എനിക്ക് .. 1 മണിക്കൂറിനുള്ളില്‍ തന്നെ ആ നായര്‍ സായിപ്പ് എത്തിചേര്‍ന്നു . ഒരു ഒന്നൊന്നര സായിപ്പ് !!! അതില്‍ ഒരു സംശയവുമില്ല ... ഞാന്‍ അവിടെ ചുറ്റി പറ്റി ഒക്കെ നിന്നു ... ഒരു തരത്തിലും അങ്ങോട്ട് വ്യൂ ശരിയാവുന്നില്ല ... അല്പ്പം കഷ്ടപെടെണ്ടി വന്നു എങ്കിലും ഒടുവില്‍ ഞാന്‍ അത് കണ്ടു , ആ നെയില്‍ പ്ലേറ്റ് ... അതും നല്ല വെണ്ടക്ക അക്ഷരത്തില്‍



" McNair" !!!!