Sunday, July 1, 2007

നായര്‍ സായിപ്പ്

ഞാന്‍ സൂപ്പര്‍വൈസറുടെ ആഫീസില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ കണ്ടത് , അരുതാത്തതെന്തോ കണ്ട പോലെ കണ്ണു തള്ളി നില്‍ക്കുന്ന ജോയിയെ ആണു ...

ആയിടക്കു കണ്ടമാനം പട്ടാളക്കാരികളായ മദാമ്മമാര്‍ സൈനിക ക്യാമ്പില്‍ എത്തിയിരുന്നതിനാല്‍ ഇയാള്‍ എന്തേലും അരുതാത്തതു കണ്ടു കാണും എന്നു തന്നെ എനിക്കു തോന്നി .... പോരത്തതിനു നല്ല ചൂടു സമയവും ... യതൊരു ബൊധവുമില്ലാതെ ' സണ്‍ ബാത്ത് ' ' ബീച്ച് വോളി ' എന്നീ ഓമന പേരുകളില്, ചുട്ടു പഴുത്ത പൂഴിമണലില്‍ കുത്തി മറിയുക എന്നുള്ളതു ഇവളുമാര്‍ക്ക് ഒരു ഹോബി മാത്രമാണെങ്കില്‍ തന്നെയും , ആ പൊള്ളുന്ന പൂഴി മണല്‍ ചെന്നു വീഴുന്നത് ഇത് കാണാന്‍ വേണ്ടി മാത്രം നട്ടപ്പറ വെയിലത്തു പല തവണ അതു വഴി പോവുന്ന പാവം ഇന്ത്യന്‍ ബാച്ചികളുടെ ഇടനെഞ്ജിലാണു...

എന്നാലും ജോയിക്ക് എന്തു പറ്റിയതാണെന്നു ചോദിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍ തന്നെയും അയാളോടതു ചോദിച്ചാല്‍ ഒരു മാതിരി ചൊറിയുന്ന വര്‍ത്തമാനമേ അയാല്‍ പറയൂ... പോരാത്തതിനു, ഇയാള്‍ ശരിക്കും വല്ല സീനും കണ്ടിട്ടുണ്ടെങ്കില്‍ പിന്നെ എനിക്കതു മിസ്സ് ആയി എന്ന ഒറ്റ കാരണം കൊണ്ടു തന്നെ ഇയാള്‍ പൊടിപ്പും തൊങ്ങലും വെച്ചു എന്നെ മൂപ്പിക്കാന്‍ ശ്രമിക്കും എന്നുള്ളത് ഉറപ്പാണു ....ഒന്നും കണ്ടില്ലേലും അറിഞ്ഞില്ലേലും സാരമില്ല ... ഇയാളുടെ ആ മറ്റെ ചിരി കാണണ്ടാല്ലൊ ... ഞാന്‍ സ്വയം സമാധാനിച്ചു ...

ഉച്ചക്കു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണു ജോയി എന്നോടക്കാര്യം ചോദിച്ചത് ... അമേരിക്കയില്‍ നായന്‍മാരുണ്ടോ ??

പിന്നെ കാണാതിരിക്കുമൊ, എത്രയോ മലയാളികള്‍ അമേരിക്കയില്‍ ഉള്ളതാ...ഞാന്‍ പറഞ്ഞു

അതല്ലെടാ... അമേരിക്കക്കാരുടെ ഇടയില്‍ നായന്‍മാരുണ്ടോ ? അടുത്ത ചോദ്യം ജോയി തൊടുത്തു

ആ ചോദ്യം കേട്ടു തികട്ടി വന്ന ചോറു വീണ്ടുമിറക്കി ഞാന്‍ ജോയിയെ സൂക്ഷിച്ച് ഒന്നു നോക്കി, എന്നിട്ടു ആക്കിയൊരു ചിരി ചിരിച്ചു

ഒരു കാര്യം സീരിയസ്സായി സംസാരിക്കുമ്പോള്‍ ഒരു മാതിരി ആക്കരുത് ..ജോയി ചൂടായി

ശെഡാ... ഇതു വലിയ ശല്യമായല്ലോ...ഇയാള്‍ക്കിതു എന്താ പറ്റിയത് .... എത്ര ആലോചിച്ചിട്ടും എനിക്കു ഒരു പിടിയും കിട്ടിയില്ല ... എനിക്കറിയില്ല ജോയി, ഇനി ചിലപ്പോ വല്ല ഇന്ത്യന്‍ വംശജരായ അമേരിക്കനും ആയിരിക്കും ... ഞാന്‍ പറഞ്ഞു

അല്ലെടാ, അല്ലെടാ ... ശരിക്കും നല്ല വെളുമ്പന്‍ സായിപ്പാണു ... നമ്മുടെ ആള്‍ക്കാരെ കണ്ടാല്‍ എനിക്കറിയില്ലെ ....ജോയി വിടാനുള്ള ഭാവമില്ല

ഇനി ഇപ്പോ അവിടെയും കാണുമായിരിക്കും എന്‍ .എസ്സ്.എസ്സ് കരയോഗമൊക്കെ ... ഇയാള്‍ ശരിക്കും എന്താ സംഭവിച്ചത് എന്നു ആദ്യം മുതല്‍ പറ .... ഞാന്‍ പറഞ്ഞു

കുറച്ചു മുന്പേ ഒരു പട്ടാളക്കാരന്‍ ഇവിടെ വന്നു ... നല്ല വെളുമ്പന്‍ ഒരു സായിപ്പ് ... മെഡിക്കല്‍ ബറ്റാലിയനിലുള്ളതാ... നമ്മുടെ വെയര്‍ഹൌസില്‍ ഫസ്റ്റ് അയിഡ് കിറ്റ് എത്ര എണ്ണം സ്റ്റോക്ക് ഉണ്ടെന്നറിയാന്‍ വന്നതാ ... ആ പട്ടാളക്കാരന്‍ നായരാടാ !!!

ഈ പറഞതൊക്കെ എനിക്കു മനസ്സിലായി ജോയി ... പക്ഷെ അയാള്‍ നായരാണെന്നു നിങ്ങള്‍ക്കെങ്ങനെയാ മനസ്സിലായത് ? എന്താ അയാള്‍ അങ്ങനെ പറഞ്ഞോ ??? ഞാന്‍ ചോദിച്ചു

അതു പിന്നെ അയാള്‍ യൂണിഫോമില്‍ ആയിരുന്നു ... നയിം പ്ലേറ്റില്‍ ഞാന്‍ വായിച്ചു നോക്കിയതാ ... "എം.സി. നായര്‍ " എന്നാണു പേര് !!!!

അവിശ്വസനീയതയോടെ നൊക്കിയ എന്നോട് ജോയി പറഞ്ഞു ... അയാള്‍ ഇനിയും വരും ...അപ്പോ നിനക്കു കാണാം ... ഞാന്‍ പറയുമ്പോഴല്ലേ നിനക്ക് വിശ്വാസമില്ലാത്തത്.

അധിക നേരമൊന്നും കണ്ണില്‍ എണ്ണയൊഴിച്ചിരിക്കേണ്ടി വന്നില്ല എനിക്ക് .. 1 മണിക്കൂറിനുള്ളില്‍ തന്നെ ആ നായര്‍ സായിപ്പ് എത്തിചേര്‍ന്നു . ഒരു ഒന്നൊന്നര സായിപ്പ് !!! അതില്‍ ഒരു സംശയവുമില്ല ... ഞാന്‍ അവിടെ ചുറ്റി പറ്റി ഒക്കെ നിന്നു ... ഒരു തരത്തിലും അങ്ങോട്ട് വ്യൂ ശരിയാവുന്നില്ല ... അല്പ്പം കഷ്ടപെടെണ്ടി വന്നു എങ്കിലും ഒടുവില്‍ ഞാന്‍ അത് കണ്ടു , ആ നെയില്‍ പ്ലേറ്റ് ... അതും നല്ല വെണ്ടക്ക അക്ഷരത്തില്‍" McNair" !!!!

10 comments:

കറുമ്പന്‍ said...

ഐശ്വര്യമായിട്ട് ജൂലൈ ഒന്നിനു തന്നെ കിടക്കട്ടെ കറുമ്പന്റെ വക ഒരു പോസ്റ്റ് !!!

വക്കാരിമഷ്‌ടാ said...

മോഹനന്റെ മഹന്‍ McMohan ഉം ഉണ്ടല്ലോ ധാരാളം. ചിലരൊക്കെ തെറ്റിച്ച് മഹന്റെ മഹന്‍ McMahon എന്നൊക്കെയെഴുതുമെങ്കിലും :)

(Mc - son of)

Sachin Polassery said...

പുള്ളി ഒരു ഐറിഷ്(Irish American) കാരനാവാനുള്ള സകല സാധ്യതയുമുണ്ട്.

kiranz..!! said...

ഹ..ഹ..അതു കലക്കിയല്ലോ കറുമ്പാ..!

ആഹ..കായംകുളത്തുകാരനാണോ..നാട്ടുകാരനാണല്ലോ :)

Kiranz..!! said...

ഹ..ഹ..അതു കലക്കിയല്ലോ കറുമ്പാ..!

ആഹ..കായംകുളത്തുകാരനാണോ..നാട്ടുകാരനാണല്ലോ :)

TonY Kuttan said...

ഹ ഹ ഹ....

കൊള്ളാം സായിപ്പിനെ M c Nair ആക്കിയാ ജോയികു ഒരു സുലാന്‍..

പോസ്റ്റ് കലക്കി....:)

O¿O (rAjEsH) said...

ഓ ഇതു എന്തുവാ സാവാ , അയ്യേ എനിക്ക് ഇഷ്ടപ്പെട്ടില്ല…
(അസൂയ അസൂയ)

ദില്‍ബാസുരന്‍ said...

ഓ ഈ അമേരിക്കക്കാരുടെ ഒരു കാര്യം! ഈ ചാതുര്‍വര്‍ണ്ണ്യമൊക്കെ നിര്‍ത്തിക്കേടാ പിള്ളേരേ എന്ന് ഞാന്‍ പറഞ്ഞതാ. കേള്‍ക്കണ്ടേ? :-)

ചക്കര said...

:)

Sul | സുല്‍ said...

കുറുമ്പാ അതു കലക്കി :)
-സുല്‍