Tuesday, October 23, 2007

വവ്വല്‍സും ബ്രൂസ് ലീയും

കുറച്ചു പഴയ കഥയാണു...നല്ല നാടന് ഭാഷയില് പറഞാല്, ഞാന് വള്ളിനിക്കറുമിട്ടു മൂക്കളയും ഒലിപ്പിച്ചു നടക്കുന്ന പ്രായം ... 5 വയസ്സു വരെ ഓറീസ്സയിലായിരുന്നു പഠിച്ചത്... അതു കൊണ്ടു തന്നെ മലയാളം അക്ഷരങ്ങള് അറിയില്ലയിരുന്നു...നാട്ടിലെത്തി ഒന്നാം ക്ളാസ്സില് ചേര്ത്തപ്പോള് എന്നെ മലയാളം അക്ഷരം പഠിപ്പിക്കാനായി നമ്മുടെ തന്നെ ഒരു അകന്ന ബന്ധു കൂടിയായ സുബഗ ആന്റിയെ ഏല്പ്പിച്ചു....

ഹിന്ദി അക്ഷരങ്ങളുടെ മുകളില് മലയാളം അക്ഷരം എഴുത്യിട്ടാണു ആന്റി എന്നെ മലയാളം പഠിപ്പിച്ചത്... മലയാളം അക്ഷരങ്ങള് ഒക്കെ മനസ്സിലാക്കിയപ്പോഴേക്കും അതിന്റെ താഴെ എഴുതിയിരുന്ന ഹിന്ദി അക്ഷരങ്ങള് ഒക്കെ ഞാന് മനസ്സില് നിന്നും ഡിലീറ്റ് ചെയ്തിരുന്നു (അല്ലേലും 2 വള്ളത്തില് കാലുവെച്ചുള്ള ഏര്പ്പാടു പണ്ടേ എനിക്കിഷ്ടമല്ല )...സത്യം പറഞ്ഞാല് എന്റെ പേരൊന്നു ഹിന്ദിയില് എഴുതാന് പോലും എനിക്കിപ്പോ അറിയില്ല ... അതു പിന്നെ എന്നെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല ... സാവന് ഭരദ്വാജന് എന്നൊക്കെ ഹിന്ദിയില് എങ്ങനെ എഴുതാനാ ?? അപ്പൂപ്പന്മാര് ചെയ്യുന്ന ഓരോ ചെയ്ത്തേ !!!

അപ്പോ പറഞ്ഞു വന്നതെന്താന്നു വെച്ചാ, രണ്ടാം ക്ലാസ്സിലെ പഠനം കഴിഞ്ഞതോടു കൂടി , എന്റെ അമ്മയുടെ ഭാഷയില് പറഞ്ഞാല് ഞന് സര്വജ്ഞ പീഠം കയറുകയും സുബഗ ആന്റിയെ ഞാന് അങ്ങോട്ടു പഠിപ്പിക്കാന് തുടങ്ങുകയും ചെയ്യുന്ന ഒരു സാഹചര്യം സംജാതമായി... ഞാന് അറിവിന്റെ മഹാസമുദ്രം നീന്തി കടക്കുമ്പോള് ഒരു വിഘാതമായേക്കുമോ എന്നു ഭയന്നിട്ടെന്നവണ്ണം സുബഗ ആന്റിയെ എന്റെ അമ്മച്ചി ഫയര് ചെയ്യുകയും ആസ്ഥാന ഗുരുവായി മോനച്ചന് സാറിനെ നിയമിക്കുകയും ചെയ്തു ...

മോനച്ചന് സാറന്നു വളരെ ചെറുപ്പമാണു.. മീശ പോലും കിളിര്ത്തിട്ടില്ല... ഡിഗ്രി ചെയ്തു കൊണ്ടിരിക്കുന്ന സമയം ... അപ്പോഴാണു എന്റെ വീട്ടില് നിന്നും സാറിനു ഓഫര് ലെറ്റര് ചെല്ലുന്നതും സാറിന്റെ ആദ്യ സ്റ്റുഡന്റ്റ് ആയി ഞാന് മാറുന്നതും (മുജ്ജന്മ പാപം ..അല്ലതെന്തു പറയാന്)

അങ്ങനെ പിള്ളേര് പഠിക്കേണ്ടതെങ്ങനെയെന്നു സാര് എന്നേയും, പിള്ളേരെ പഠിപ്പിക്കേണ്ടതു എങ്ങനെയെന്നു ഞാന് സാറിനേയും പഠിപ്പിച്ചു തുടങ്ങി ... ഏതാണ്ടൊരു മാസക്കാലം ആ മധുവിധു തുടര്ന്നു ... പ്രശ്നങ്ങള് തുടങ്ങിയതു സാറിനു ആദ്യതെ ശമ്പളം കിട്ടിയപ്പോള് മുതലാണ്... കിട്ടിയ കാശിനു സാര് ആദ്യം തന്നെ പോയി ഒരു സെറ്റ് ചൂരല് വാങ്ങി (ഒരു കാര്യവുമില്ലതെ കാശു കളയുന്നതു നോക്കണേ)... പിറ്റേന്നു വന്നപ്പോള് തന്നെ സാര് ആ സന്തോഷ വാര്ത്ത അറിയിക്കുകയും ചെയ്തു ... ചൂരല് വാങ്ങിയിട്ടുണ്ട്, ചാണകത്തില് മുക്കി പഴുപ്പിക്കാന് വെച്ചിരിക്കുകയാണത്രെ !!!

ആരോടാ കളി, ഞാനുണ്ടോ വിട്ടു കൊടുക്കുന്നു ... നന്നായിട്ടങ്ങോട്ടു പഠിക്കാന് തുടങ്ങി... അല്ല പിന്നെ !! കൂടുതലായി പഠിച്ചു തുടങ്ങിയപ്പോഴാണു എന്റെ സംശയങ്ങളും കൂടി തുടങ്ങിയത് ... അത് കൂടി കൂടി വന്നു ലോക സമാധാനത്തിലേക്കും നിരായുധീകരണത്തിലേക്കും ഒക്കെ ഞാന് ഉടനെ കടക്കും എന്നു തോന്നി തുടങ്ങിട്ടാണൊ എന്തോ ഒരു ദിവസം മോനച്ചന് സാര് പ്രഖ്യാപിച്ചു ' നാളെ മുതല് നമ്മള് ഇങ്ലീഷ് ഗ്രാമര് പഠിക്കാന് തുടങ്ങുന്നു' CBSE സില്ലബസ് അല്ലേ...എന്തായലും ആവശ്യം വരും ...

അങ്ങനെ ഗ്രാമര് ഒക്കെ പഠിച്ചു ഞാന് നല്ല ഗ്ലാമറായി ഇരിക്കുന്ന ദിവസങ്ങളില് ഒന്നാണു സാര് പിറ്റേന്നു മുതല് പഠിപ്പിക്കാന് പോവുന്ന വവ്വല്സിനെ പറ്റി പറയുന്നത് ... അങ്ങനെ ഒരു വാക്കു ഞാന് കേള്ക്കുന്നത് തന്നെ അന്നാദ്യമായിട്ടയിരുന്നു...ഇതിനും ഇനി ചിറകൊക്കെ കാണുമൊ എന്നൊക്കെ ആലോചിച്ച് അന്നത്തെ രാത്രി ഞാന് ഒരു പോള കണ്ണടച്ചില്ല...സത്യം !!

ആദ്യമായി വവ്വല്സ് ഏതൊക്കെയാണെന്നും അതിന്റെ പ്രത്യേകതകളും , വവ്വല്സില് തുടങ്ങുന്ന വാക്കാണെങ്കില് അതിനു മുന്നെ 'ആന്' എന്നു ചേര്ക്കണം തുടങ്ങിയ കാര്യങ്ങള് ഒക്കെ പറഞ്ഞു തന്നു...എല്ലാം എനിക്കു പുതിയ അറിവുകളായിരുന്നു ... അതിനു ശേഷമാണു വവ്വല്സിന്റെ ആ ഒരു പ്രത്യേകത സാര് പറഞ്ഞത് ... " ഒരു വവ്വലും ഒരു വാക്കില് 2 തവണയില് കൂടുതല് അടുത്തടുതു വരില്ല" ഉദാഹരണത്തിനു " SHOOT, SPEED " Etc.

സാറിത്രയും കാലം പറഞ്ഞതില് എനിക്കു അംഗീകരിക്കാന് പറ്റാത്ത ആദ്യത്തെ കാര്യമായിരുന്നു അത്... എങ്ങനെ സമ്മതിച്ചു കൊടുക്കും ... ഞാന് അത് എവിടെയോ കണ്ടിട്ടുണ്ട് ... അതും നാലും അന്ചും തവണയൊക്കെ ഒരു വവ്വല് അടുപ്പിച്ചു വരുന്നതു ഞാന് കണ്ടിട്ടുണ്ട് ...

അങ്ങനെ വരില്ല...അതെ പറ്റി യാതൊരു സംശയവും വേണ്ട ... സാര് എനിക്കുറപ്പു നല്കി ...എന്നിട്ടും എന്റെ സംശയം മാറിയില്ല ... ഞാന് പിന്നെം ഇതു തന്നെ ആവര്ത്തിച്ചു കൊണ്ടിരുന്നു ...ഒടുവില് സഹി കെട്ടു സാര് ചൂരല് എടുത്തു ഒരെണ്ണം തന്നിട്ടു പറഞ്ഞു ഇനി നീ അതു തെളിയിച്ചു കാണിച്ചിട്ടു മതി പഠിത്തം ...

ഞാന് സാറിന്റെ കയ്യില് നിന്നും തല്ലു മേടിച്ചു ആദ്യമായി കരഞ്ഞു ... തല്ലു കൊണ്ടതില് ആയിരുന്നില്ല എന്റെ വിഷമം ... ഞാന് വാദിച്ച കാര്യം സത്യമായിരുന്നിട്ടും സാറതു വിസ്വസിക്കാതെ എന്നെ തല്ലി :(

എവിടെയാണു ഞാനതു കണ്ടത് ?... എനിക്കു വളരെ പരിചയമുള്ള എവിടെയോ ആണത്... ഞാന് എന്നും കാണുന്ന ഒരു വാക്ക്.. എത്ര ആലോചിച്ചിട്ടും മനസ്സിലേക്കു വരുന്നില്ല... ഒടുവില് ഉറങ്ങാന് കിടന്നപ്പോഴാണു എന്റെ മനസ്സില് ആ ബള്ബ് കത്തിയത് ... യുറേക്കാ ... യുറേക്കാ !!!! അന്നു രാത്രി ആത്മ സംതൃപ്തിയോടെ ഞാന് ഉറങ്ങി ...

പതിവില്ലാതെ അന്നു രാവിലെ മുതല് ഞാന് മോനച്ചന് സാറിനേ നൊക്കി ഇരുന്നു ...എന്റെ ഉല്സാഹം കണ്ടു കാര്യമറിയാത്ത എന്റെ അമ്മച്ചിയുടെ മനം കുളിര്ത്തു .... നാളു മണിയായപ്പോള് സാറെത്തി ... അഭിമാനത്തോടെ ഞാന് സാറിന്റെ മുന്പില് നിന്നു ... എന്റെ നില്പ്പു കണ്ടപ്പോഴെ പന്തികേടു തോന്നിയ സാര് ചോദിച്ചു ... എന്താടാ... ?

ഞാനതു കണ്ടുപിടിച്ചു സാര് !!എവിടെ ? ഞാനൊന്നു കാണട്ടെ ...സാറിനു ആകംക്ഷയായി ... ഞാന് ഒരു ഗൂഡസ്മിതത്തോടെ എന്റെ കയ്യില് ഇരുന്ന ഒരു മാതൃഭൂമി ദിനപത്രം സാറിനു കൈമാറി ... എന്നിട്ടതിലെ ബ്രൂസ് ലി എന്ന ഇങ്ലീഷ് ചിത്രകഥ കാണിച്ചു കൊടുത്തു ...

അതില് ബ്രൂസ്ലി ഇടിക്കുകയും തൊഴിക്കുകയും ചെയ്യുമ്പോഴുള്ള " KHIYAAAAAAAAAAAA " , "DISHOOOOOOOOOOOOM " എന്നീ വാക്കുകള് കണ്ട മോനച്ചന് സാര് തരിച്ചിരുന്നു...പിന്നെ വളരെ ദയനീയമായി എന്നെ നോക്കി ...ആ രൂപം ഇന്നും എന്റെ മനസ്സില് മായതെ നില്ക്കുന്നു

2 comments:

കറുമ്പന്‍ said...

ഈ പോസ്റ്റ് ഞാന്‍ ഇന്നും ഏറ്റവും അധികം ബഹുമാനിക്കുന്ന മോനച്ചന്‍ സാറിനു സമര്‍പ്പിക്കുന്നു

"ഇവനെ ഞാനിതെങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്റെ പള്ളീ " ഇതായിരിക്കുമല്ലേ മോനച്ചന്‍ സാറിന്റെ മനസ്സിലൂടെ അപ്പോള്‍ കടന്നു പോയിരിക്കുക ....

Anonymous said...

ഇതിനു തക്ക പാപം മൊനിച്ചന്‍ സാര്‍ എന്തു ചെയ്തു സാവാ....