Tuesday, October 9, 2007

ടൊയോട്ട കോസ്റ്റര്‍

ഏതു നേരത്താണൊ ആവോ അങ്ങനെ പറയാന്‍ എനിക്കു തോന്നിയത് ... അവനവന്‍ കുഴിക്കുന്ന കുഴി..അല്ലതെന്താ... ഇനി അര മണിക്കൂര്‍ കൂടിയെ ഉള്ളു ബസ്സ് വിടാന്‍ ... അതിനു മുന്പേ ഈ ജോലി എല്ലാം തീര്‍ക്കണം ... ഒരു 120 പേജ് ലിസ്റ്റ് കൂടി പ്രിന്റ് ചെയ്യാനുണ്ടു ... കേറി ഏറ്റും പോയതാണു... ശരിക്കും പറഞ്ഞാല്‍ അതിന്റെ യാതൊരു ആവശ്യവുമില്ലായിരുന്നു ...

ഒരു മാസത്തേക്കു നാട്ടില്‍ പോവുകയാണ്... അപ്പൊ പിന്നെ പോവുന്നേനു മുന്നെ സായിപ്പിനെ ഒന്നു കാര്യമായി ഇമ്പ്രസ്സ് ചെയ്തു ഒരു ലാസ്റ്റിങ് മെമ്മറി ഉണ്ടാക്കിയിട്ടു പോയാല്‍ , അഥവാ ഇനി ഒരു 10 ദിവസം വക്കേഷന്‍ എക്സ്റ്റെന്‍ഷന്‍ എങ്ങാനം വേണ്ടി വന്നാല്‍ ഉപകരിച്ചാലോ എന്നു കരുതി ... അതാണു പതിവു ചോദ്യമായ , സര്‍ ശരീരത്തിനു അത്ര സുഖം പോരാ, ഞാന്‍ നേരത്തെ വീട്ടില്‍ പൊക്കോട്ടെ എന്നതിനു പകരം , സര്‍ ഇന്നു നാലു റിപ്പോര്‍റ്റ്സ് ചെയ്യാനുണ്ടു... അതും ചെയ്തു 120 പേജുള്ള വീക്‌ലി റിപ്പോര്‍ട്ടും കൂടി പ്രിന്റ് ചെയ്തു തീരുകയാണെങ്കില്‍ ഞാന്‍ 8.30 നു പൊയ്ക്കോട്ടെ എന്നു ചോദിച്ചത് ...

ഗുഡ്, യൂ ദ മാന്‍ !!! നീയതു ചെയ്തിട്ടേ പോകാവു ... സായിപ്പിനു സന്തോഷമായി ... എനിക്കും ...

അവിടം വരെ കാര്യങ്ങളെല്ലാം ഓക്കെ ആയിരുന്നു ... പക്ഷെ ജോലി തുടങ്ങിയതിനു ശേഷമാണു ഞാന്‍ പിടിച്ചതു പുലിവാലണെന്നു എനിക്കു മനസ്സിലായത്... എന്നും ഞാന്‍ തന്നെ ചെയ്യുന്ന പണികളാ ... ഈ റിപ്പോര്‍ട്സൊക്കെ ഒരു സംഭവമാണെന്നു സായിപ്പന്‍മാരെ കാണിക്കാനായി ഒരു 3 മണീക്കൂര്‍ വലിച്ചു നീട്ടാറുണ്ടെങ്കില്‍ തന്നെയും വേണമെന്നു വെച്ചാല്‍ ഒരു മണിക്കൂറു കൊണ്ടു ഞാന്‍ പാട്ടും പാടി തീര്‍ക്കുന്ന ജോലികളാ ...പക്ഷെ പറഞ്ഞിട്ടു കാര്യമില്ല... ഒന്നുമങ്ങോട്ടു ശരിയാവുന്നില്ല ...കൈകളൊന്നും കീബോര്‍ഡില്‍ നേരെ ചൊവ്വേ ഓടുന്നില്ല... തൊടുന്നതെല്ലാം പ്രശ്നങ്ങള്‍ ... ഒരു പ്രിന്റ് ഒക്കെ കൊടുത്താല്‍ സിസ്റ്റം അങ്ങു ഹാങ് ആവുകയാണ്... എന്റെ കാര്യമാണെങ്കില്‍ പിന്നെ നാട്ടില്‍ പോവുന്നെന്റെ ഒരു എക്സൈറ്റ്മെന്റ് ആണെന്നു വെക്കാം ...പക്ഷെ ഈ കമ്പ്യൂട്ടെറിനിതെന്തു പറ്റി ? അതൊന്നും ആലോചിച്ചു നില്‍ക്കാന്‍ ഇപ്പൊ ടൈമും ഇല്ല ... പണ്ടാരമടങ്ങാന്‍ കേറി ഏറ്റും പോയി ... എങ്ങനേലും ഇതു തീര്‍ത്തേ പറ്റൂ ...

ഒരു വിധം പണി തീര്‍ത്തു വാച്ചില്‍ നോക്കിയപ്പോള്‍ സമയം 8.20 .. ഒരാളോടും യാത്ര പോലും പറഞ്ഞില്ല... ഇനി ഇപ്പൊള്‍ എല്ലാര്‍ക്കും കൂടി ഒരു മെയില്‍ അയച്ചേക്കാം ... മെയിലും അയച്ചു ഔട്ട്ലുക്കില്‍ 'ഔട്ട് ഓഫ് ഓഫീസ്' മെസ്സേജും സെറ്റ് ചെയ്തു പുറത്തു ചാടി... നോക്കിയപ്പോള്‍ പാര്‍ക്കിങ് ഏരിയായില്‍ ബസ്സ് കിടപ്പുണ്ട് ... ടൊയോട്ട കോസ്റ്റര്‍ ആണു ... സിക്ക് വണ്ടി എന്നാണിതറിയപ്പെടുന്നത് ...ജോലിക്കു വന്നിട്ട് സിക്ക് ലീവെടുത്തു പോവുന്നവര്‍ക്കു വേണ്ടീട്ടുള്ളതാണു ഈ വണ്ടി... ഞാന്‍ പൊതുവേ ഈ സമയത്തു അങ്ങനെ പോയിട്ടില്ല ... നമുക്കു രാവിലെ എഴുന്നേല്‍ക്കുന്നതാ മടി ... കൊച്ചു വെളുപ്പാന്‍ കാലത്തെ എഴുന്നേറ്റു കുളിച്ചു റെഡി ആയി സെക്യൂരിറ്റി ഗെയ്റ്റില്‍ ക്യൂവും നിന്നു ഇവിടെ വരെ വന്നിട്ടു, ഉള്ള സിക്ക് ലീവ് കളയുന്ന പരിപാടിയോട് എനിക്കു വലിയ യോജിപ്പില്ല .

ബെസ്സിന്റെ അടുക്കല്‍ ചെന്നതോടെ എനിക്കാകെ കണ്‍ഫ്യൂഷനായി ... കോസ്റ്റര്‍ മിനി ബെസ്സ് രണ്ടെണ്ണം കിടക്കുന്നു ... ഇനി ഇപ്പോ ഇതില്‍ ഏതാണാവൊ സിക്ക് വണ്ടി ? ഒന്നില്‍ ഡ്രൈവര്‍ ഉണ്ട് .. അപ്പൊ ഇതു തന്നെയാവും എന്നു മനസ്സില്‍ കരുതി ഞാന്‍ വലതു കാല്‍ എടുത്തു അകത്തേക്കു വെച്ചു ...മുന്‍പിലത്തെ സീറ്റില്‍ ഒരു സായിപ്പു ഇരിപ്പുണ്ടു .. അതിന്റെ പുറകില്‍ ഒരു ഹിന്ദിക്കാരന്‍ , സൈഡില്‍ വെറെ ഒരു കറുമ്പന്‍ സായിപ്പു ... പുറകിലത്തെ സീറ്റില്‍ വേറെയും ഒന്നു രണ്ടു ഇന്‍ഡ്യക്കാര്‍ ... പക്ഷെ മലയാളികളല്ല... ഈ പൊട്ടന്‍മാരോടു ചോദിക്കണോ ?? ഒന്നാലോചിച്ചു..അല്ലേല്‍ വേറെ പണിയൊന്നുമില്ലെ ... ഇതു തന്നെയാവും എന്നുറപ്പിച്ചു ഒഴിഞ്ഞു കിടന്ന ഡബിള്‍ സീറ്റില്‍ ഇരിപ്പുറച്ചു ...3

2 വര്‍ഷത്തിനു ശേഷമാണു നാട്ടില്‍ പോവുന്നത്... ഇത്രയും ഗ്യാപ് ഇതു വരെ ഉണ്ടായിട്ടില്ല... അതു കൊണ്ടു തന്നെ ഒരു പ്രത്യേക ത്രില്‍ അനുഭവപ്പെടുന്നുണ്ടു... എന്തായലും ഇത്തവണ തകര്‍ക്കണം ...പോരാത്തതിനു അനിയന്റെ കല്യാണവും ... ഓരൊന്നാലോച്ചങ്ങനെ ഇരിക്കുമ്പോഴാണു അയാള്‍ടെ വരവ് ... ഒരു മലയാളി ലുക്ക് ഉണ്ട് ... പക്ഷെ മുന്പു കണ്ടിട്ടില്ല ... പത്ത് രണ്ടായിരം ആള്‍ക്കാര്‍ ജോലി ചെയ്യുന്ന സ്ഥലത്തു എങ്ങനെ ഓര്‍ത്തിരിക്കാനാ കാണുന്ന ഓരൊ മുഖങ്ങളും ... എതായലും ഇയാളോടു ചോദിക്കാം ...

ചേട്ടായി ... ഇതു സിക്ക് വണ്ടി ആണോ ?

എന്റെ സൈഡിലെ സിംഗിള്‍ സീറ്റില്‍ ഇരുന്നിട്ടു അയാള്‍ എന്നെ ഒന്നു നോക്കി ... എന്നിട്ടു ഒരു മയവുമില്ലാതെ പറഞ്ഞു

ഇതൊന്നും തിരക്കാതെ ആണൊ വണ്ടിയില്‍ കയറി ഇരിക്കുന്നതു ? എനിക്കെങ്ങും അറിഞ്ഞു കൂടാ..

ഞാന്‍ ആകെ ഒന്നു പതറി ... എന്റെ ചോദ്യത്തില്‍ അയാളെ പ്രകോപിതനാക്കാന്‍ മാത്രം എന്തെങ്കിലുമുണ്ടായിരുന്നൊ എന്നു ഞാന്‍ ഓര്‍ത്തു നോക്കി ... ഇല്ല ഒന്നും തന്നെയില്ല... ഞാന്‍ നമ്മുടെ കമ്പനിയിലെ നാലു പേര്‍ അറിയുന്ന ഒരു പുലിയാണെന്നതോ പോട്ടെ ... ആദ്യമായി കാണുന്ന ഒരു സഹ മലയാളിയോടു ഇങ്ങനെ കയര്‍ത്തു സംസാരിക്കുന്നതു ശരിയാണൊ ? ഇവനോടു എന്താ ഇതിനൊരു മറുപടി പറയുകാ...

ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ വിനോദ് ചേട്ടന്റെ കോള്‍ വന്നു, ബെസ്സിനു വെളിയില്‍ നില്‍പ്പുണ്ടു എന്നു പറഞ്ഞു ... എന്റെ മെയില്‍ കിട്ടിയിട്ടു യാത്ര പറയാന്‍ വന്നതാണു ...ബെസ്സ് വിടുന്ന വരെ അവിടെ നിന്നു കാര്യം പറഞ്ഞു ... ഇതിനിടക്കു ബിനുവും രാജേഷും വന്നിരുന്നു ... ഒടുവില്‍ എല്ലാരോടും ബൈ പറഞ്ഞു ഞാന്‍ ബസ്സില്‍ കയറി ... സീറ്റിനു അടുത്തു ചെന്ന ഞാന്‍ ആ കഴ്ച കണ്ടു നിന്നിടം അറിയാന്‍ വയ്യാതായി പോയി ...

യാതൊരു മര്യാദയുമില്ലാതെ ആ 'സണ്‍ ഒഫ് എ ബിസ്കറ്റ്' എന്റെ ഡബിള്‍ സീറ്റില്‍ കയറി വിശാലമായി ഇരിക്കുന്നു.. അല്ല .. കിടക്കുന്നു ... എനിക്കാണേല്‍ എന്റെ തള്ള വിരലില്‍ നിന്നും ഒരു തരിപ്പങ്ങനെ മുകളിലേക്കു അരിച്ചു കേറി ... എങ്ങനെ തുടങ്ങണം എന്നു ഞാന്‍ ആലോചിച്ചു ... കണ്ടാലേ അറിയാം ഒരു തറ ടീമാണെന്നു ... അതു കൊണ്ടു തന്നെ ആ ഒരു ലൈനില്‍ പിടിക്കുന്നതാവും ഉചിതം ... ആദ്യം ഇവന്റെ അച്ചനും അമ്മക്കും സുഖമാണൊ എന്നു തിരക്കി കളയാം ...

ചേട്ടായി ... ഞാന്‍ അയാളെ വിളിച്ചു ...

യാതൊരു മൈന്റും ഇല്ലാതെ ആ പന്നീടെ മോന്‍ അനന്ത ശയനത്തിലാണ്... ഇവന്‍ കൊണ്ടേ പോവൂ എന്നു മനസ്സിലോര്‍ത്തതും എന്റെ മൊബൈല്‍ പിന്നെയും റിങ് ചെയ്തു ... ഈ മൊബൈല്‍ എന്നു പറയുന്ന സധനമേ ഇങ്ങനെയാ ... ഒരു കാര്യം അതിന്റെ ചൂടോടെ, വെടിപ്പായി ചെയ്യാന്‍ സമ്മതിക്കില്ല... ഇതിപ്പോ പല തവണയായുല്ല അനുഭവമാ ... ലവനോടു പറയനുള്ളതു മനസ്സില്‍ പറഞ്ഞു കൊണ്ടു ഞാന്‍ ഫോണെടുത്തു ...

വെക്കേഷന്‍ ആശംസകള്‍ നേരാനുള്ള വിളികളാണ്... ഒന്നു കട്ട് ചെയ്തതും അടുത്തയാളുടെ വിളി വന്നു ... ഒരു വിധം ഒന്നു തീര്‍ത്തപ്പോഴേക്കും ബെസ്സ് ഗെയ്റ്റില്‍ എത്തിയിരുന്നു ... ഇനി വണ്ടിയില്‍ നിന്നും ഇറങ്ങി ബാഡ്ജ് സ്കാന്‍ ചെയ്തതിനു ശേഷം തിരിച്ചു ബെസ്സില്‍ കയറണം ... ബാഡ്ജ് സ്കാന്‍ ചെയ്ത് ആദ്യം ഗെയ്റ്റിനു പുറത്തു കടന്നത് ഞാനായിരുന്നു ... നോക്കിയപ്പോള്‍ ബെസ്സും ചെക്കിങ് കഴിഞ്ഞു വന്നിട്ടുണ്ടു ...
ബാലിശമായ ആ ചിന്ത തന്നെയാണു എന്റെ മനസ്സിലും ആദ്യമെത്തിയത് ... കേറി ആ ഡബിള്‍ സീറ്റില്‍ അങ്ങിരിക്കുകയും ചെയ്തു ... ഇപ്പോ പണ്ടതെ പോലെ ഒന്നുമല്ല ദൈവത്തിന്റെ കാര്യം ... പാടത്തു പണിയും വരമ്പത്തു കൂലിയുമാ... ഒരു കാര്യത്തിനും ഒട്ടും താമസമില്ല, ഞാന്‍ ഓര്‍ത്തു ... എന്നാല്‍ മറ്റൊരു ചിന്തയും എന്റെ മനസ്സില്‍ അപ്പോള്‍ വന്നു ... ഇതു വരെ ഉള്ള ഒരു അനുഭവം വെച്ചാണെങ്കില്‍ , ഞാന്‍ ഇവിടെ ഇരിക്കുന്ന കണ്ടാല്‍ ലവന്‍ ഉറപ്പായും ഉടക്കും ... അങനെ വന്നാല്‍ മിക്കവാറും മുതലും പലിശയും ചേര്‍ത്തു ഇവനിട്ടു അടി പറ്റിക്കേണ്ടി വരുമെന്നതു മൂന്നു തരം ...

കുറേ നാളായി എണ്ണി എണ്ണി നൊക്കിയിരുന്നൊരു ദിവസമാണിന്ന് ... കറുമ്പി കുഞ്ഞിനേയും കൊണ്ടു ആദ്യമായി നാട്ടില്‍ പോവുന്നു ... അതും 2 വര്‍ഷത്തിനു ശേഷം ... എന്റെ ഇത്രയും നല്ലൊരു ദിവസം നശിപ്പിക്കാനുള്ള യൊഗ്യത ഇവനുണ്ടോ ? എന്റെ തലച്ചോര്‍ മന്ത്രിച്ചു ...

ഛെ ... എനിക്കെന്താണു പറ്റിയത് ... ഞാനെപ്പോഴാണു ഇങ്ങനെ ഭീരുവായി മാറിയത് ... എന്റെ ഹ്രിദയം ചോദിച്ചു ... ആകെ ധര്‍മ്മസങ്കടത്തിലായി ഞാന്‍... ഒടുവില്‍ വികാരം വിവേകത്തിനു വഴിമാറി കൊടുത്തു ... ഞാന്‍ എന്റെ സിങ്കിള്‍ സീറ്റില്‍ സ്ഥാനം പിടിച്ചു ... എന്റെയീ അങ്കങ്ങളെല്ലാം ദൂരെനിന്നേ കണ്ടുകൊണ്ടു കയറി വന്ന ലവന്‍ ഒരു പുഛ ഭാവത്തില്‍ എന്നെ അടിമുടി ഒന്നു നോക്കിയിട്ടു അനന്തശയനത്തിലേക്കു കടന്നു ...

പിന്നെയും എനിക്കു കോളുകള്‍ വന്നു തുടങ്ങി ... കൊച്ചിയല്ല തിരുവനന്തപുരത്താണു .. ബിസ്സിനസ്സ് ക്ളാസ്സ് ടിക്കറ്റ് ആയതു കൊണ്ടു കൂടുതല്‍ ലഗ്ഗേജ് കൊണ്ടു പോവ്വാം തുടങ്ങിയ ഒരേ കാര്യങ്ങള്‍ തന്നെ ഞാന്‍ എല്ലാവരോടും പറഞ്ഞു കൊണ്ടേയിരുന്നു ...

ഇടക്കെപ്പോഴോ എന്റെ മൊബൈല്‍ ഒന്നു നിശബ്ധമായപ്പോള്‍ 'ലവന്‍ ' എന്റെ നേരെ തിരിഞ്ഞു ചോദിച്ചു ...

നാട്ടില്‍ പോകുവാണോ ഇന്നു ?

അതെ - ഇവനെന്തു ഭാവിച്ചെന്ന മട്ടില്‍ ഞന്‍ അലസമായി പറഞ്ഞു

പക്ഷെ അയാള്‍ വിടാനുള്ള ഭാവമില്ലായിരുന്നു ...

ഞാനും ഇന്നു നാട്ടില്‍ പോകുവാണു .. എന്റെ ആദ്യത്തെ പോക്കാ... പക്ഷെ എമര്‍ജെന്‍സി വെക്കേഷന്‍ ആണ്... ഇന്നലെ രാത്രി എന്റെ അച്ചന്‍ മരിച്ചു.

9 comments:

കറുമ്പന്‍ said...

ഗുരുത്വമില്ലാത്തവന്‍ എന്നൊരു പേരു വളരെ പണ്ടേ തന്നെ പലരും എനിക്കു നല്‍കിയിരുന്നു ... പിന്നീട് പലപ്പോഴും എനിക്കു തന്നെ അത് തോന്നിയിട്ടുമുണ്ട്... പക്ഷെ ഈ സംഭവം നടന്ന ദിവസം എനിക്കു തോന്നി ഒരല്പ്പം ഗുരുത്വം എനിക്കുണ്ടെന്ന്...

ശ്രീ said...

അതെ. ചില സമയത്തു നമ്മള്‍‌ ചെയ്യുന്നത് മറ്റുള്ളവരെ അറിയാതെയെങ്കിലും ബുദ്ധിമുട്ടിച്ചു എന്നു മനസ്സിലാക്കിയാല്‍‌ തോന്നുന്ന ആ കുറ്റബോധം വളരെ വലുതു തന്നെയാണ്‍. അതു കൊണ്ടു തന്നെ, ഇത്തരം അനുഭവങ്ങള്‍‌ വല്ലാത്ത ഒരു ആശ്വാസം തന്നെ തരുന്നു, അല്ലേ?
:)

മുസാഫിര്‍ said...

പാവം , ആ ടെന്‍ഷനില്‍ ആയിരുന്നു അല്ലെ ? ഒന്നും പറയാതിരുന്നത് നന്നായി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പണ്ട് തിരുവനന്തപുരത്തൂന്ന് കേരളത്തിന്റെ മറ്റേ അറ്റത്തേക്കുള്ള ബസ് യാത്രയില്‍ പനിയും ക്ഷീണവും രാവിലെ മുതല്‍ പച്ചവെള്ളം കഴിക്കാതെയും ഇരുന്നിരുന്ന് ഉച്ച കഴിഞ്ഞപ്പോഴേക്കും തലകറങ്ങി അടുത്തിരുന്ന ആളോട് തിരക്കുള്ള ബസ്സില്‍ ഒന്ന് എഴുന്നേറ്റ് നിന്ന് തരുവോ ചേട്ടാ ഒന്ന് കിടക്കാനാ എന്ന് ചോദിച്ചത് ഓര്‍മ്മവരുന്നു.

കുഞ്ഞന്‍ said...

എത്ര നന്നായി ഉടക്കാതിരുന്നത്..!

സംഭവിച്ചെതെല്ലാം നല്ലത്, സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലത്, സംഭവിക്കാന്‍ പോകുന്നതു നല്ലത്..!

മറ്റൊരാള്‍\GG said...

ചില നേരങ്ങളില്‍ നമ്മള്‍ക്ക് അങ്ങനെയൊക്കെ തോന്നും മാഷേ. അതായത് ഇല്ലാത്തത് ഉണ്ടെന്നും, ഉള്ളത് ഇല്ലായെന്നുമൊക്കെ (ഗുരു‍ത്വം).

എന്തായാലും കേറി ഉടക്കാ‍ാഞ്ഞത് ഭാഗ്യം.

TonY Kuttan said...

കറുമ്പന്‍സ് , കഥ കലക്കി.....

അടികൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം !!!!!!!

മെലോഡിയസ് said...

അത് ‘ലവന്‍’ തന്നെ ആദ്യം പറഞ്ഞത് നന്നായി. അല്ലെങ്കില്‍ പിന്നെ അത് ഒരു മനസ്സില്‍ കൂടുതല്‍ വിഷമം ഉണ്ടാക്കിയേനെ.

പകിടന്‍ said...

യെസ്..ഈ യാദൃശ്ചിതകള്‍ക്കാണു ഭാവനെയകാള്‍ ആസ്വാദ്യത കൂടുതല്‍ .....തിരിച്ചു വരവ് ഗംഭീരം .