Wednesday, June 11, 2008

ചക്കന്‍ചേരിലെ രാത്രികള്‍ ( ക്രൈം ത്രില്ലര്‍ )

ഒരു 13 വര്ഷം മുന്പ് ... കൂവി തെളിഞ്ഞിട്ടില്ല ആ പ്രായത്തില്, എങ്കിലും അത്യാവശ്യം ഉച്ചത്തില് കൂവി തുടങ്ങിയിരുന്നു…'ചെറുപ്പം ചെറുപ്പകാലത്തു തന്നെ അര്മ്മാദിച്ചു തീര്ക്കണം അല്ലാതെ അതിങ്ങനെ വലിച്ചു നീട്ടി കൊണ്ടു പോയിട്ടു ഒരു കാര്യവുമില്ല ഫൌജി ഭായീ' എന്നു സുഖമോ ദേവിയില് ജഗതി ശ്രീകുമാറിന്റെ കഥപാത്രം ശങ്കരടി ചേട്ടനോടു പറയും പോലെ തകര്ത്തു നടക്കുന്ന പ്രായം …

************************
3 മണിക്കു തുടങ്ങിയ ഫുട്ബോള് മാച്ചും കഴിഞ്ഞു വയ്യാത്ത കാലും വെച്ചു ക്രിക്കറ്റും കളിച്ചു , വിശാലമായ പാടത്തിന്റെ ഒത്ത നടുക്കു മണ്ണു വാരി വിറ്റപ്പോള് മിച്ചമായ ഒരു നാലു ലോറി താഴ്ച്ചയുള്ള ചാലില് നീന്തി തുടിച്ചു കയറിയപ്പോഴേക്കും ക്ഷേത്രത്തില് നിന്നും ദീപാരാധനക്കുള്ള മണി മുഴങ്ങിയിരുന്നു....അവശനായി വെറും മണ്ണില് മലര്ന്നു കിടന്നു ആത്മാവിനു നിത്യശാന്തി (കോപ്പാ ശാന്തി... ഒരു കട്ടന് ബീഡിയെ നാലു പേര് മാറി മാറി പീഡിപ്പിക്കുമ്പോല് എവിടെ ശാന്തി കിട്ടാന് ) നേരുമ്പോഴാണു ഞാന് അക്കാര്യം ​ഓര്മിച്ചത് ... രാവിലെ മുതല് സന്തോഷ് മിസ്സിങ് ആണു ... ഒരിക്കലും ഇങ്ങനെ സംഭവിക്കുന്നതല്ലല്ലോ ? .. കളി മിസ്സ് ആക്കിയാലും ചാലിലെ കുളി അവന് മിസ്സ് ആക്കാറില്ല , പ്രത്യേകിച്ചും ആനന്ദവല്ലി ചേച്ചിയുടെ തുണി അലക്കു ഞങ്ങളുടെ കുളി സമയത്തേക്കു സ്വിച്ച് ചെയ്തതിനു ശേഷം …

പന്നിയെലി സുനിക്കും , ഗിരീഷിനും ഇന്ചി ജയനും ഒന്നും ഒരു ഐഡിയയും ഇല്ല സന്തോഷിനെ കുറിച്ച്... ഹരീഷും മിസ്സിങ് ആണു ... ഇനി ഇവന്മാര് രണ്ടും കൂടി എവിടേലും പോയതായിരിക്കുമോ ? അതു പറഞ്ഞു കൊണ്ടിരിക്കുമ്പോള് തന്നെ ഹരീഷ് വന്നു ...

നീ സന്തോഷിനെ കണ്ടോടാ ..? ഞങ്ങള് ഹരീഷിനോടു ചോദിച്ചു ...

'ഇല്ലെടാ , ഞാന് ഇപ്പോ വരുന്ന വഴി അവന്റെ വീട്ടില് കേറിയരുന്നു ... എല്ലാം അടച്ചു പൂട്ടിയിട്ടിരിക്കുന്നു ... ഒരു പക്ഷി കുഞ്ഞു പോലുമില്ല അവിടെ' …

അതോടെ ഞങ്ങള്ക്കെല്ലാം ടെന്ഷന് ആയി ... ശരിക്കും എന്തായിരിക്കും അവിടെ സംഭവിച്ചിരിക്കുക ... ഇനി ഇവന്റെ വല്ല ബന്ധുക്കാരും അടിച്ചു പോയി കാണുമോ ? പന്നിയെലിയാണു ആ സംശയം ഉന്നയിച്ചത് ... വീട്ടിലെ എല്ലാരും കൂടി മിസ്സിങ് ആയ സ്ഥിതിക്കു അതു തന്നെയാവും കാരണം എന്നു ഞങ്ങള് സമാധാനിച്ചു …

ആകാശത്തേക്കു വട്ടത്തില് ഊതി വിട്ട പുക എന്റെ വായുടെ വലിപ്പത്തില് തുടങ്ങി ഒടുവില് പൂര്ണ്ണ ചന്ദ്രനെ വിഴുങ്ങുന്ന കണ്ടു സായൂജ്യമടഞ്ഞു ഞാന് ആളൊരു പുലിയാണല്ലൊ എന്നു മനസ്സില് കരുതി അങ്ങനെ കിടക്കുമ്പോള് അങ്ങു ദൂരെ റോഡില് നിന്നും ഒരു സൈക്കിള് താഴെ പാടത്തേക്കിറങ്ങി വരമ്പിലൂടെ കഷ്ടപെട്ടു ചവിട്ടി ആരോ വരുന്നതു കണ്ടു ...

'അളിയാ ... കോളടിച്ചെടാ ... എന്റെ അപ്പച്ചി പ്രസവിച്ചെടാ ...ഒരാഴ്ച അര്മ്മാദിക്കാം നമുക്ക് .... എന്തൊക്കെ വേണമെന്നു പ്ലാന് ചെയ്തോ …' അടുത്തെത്തുന്നതിനു മുന്പേ അലറി വിളിച്ചാണു സന്തോഷിന്റെ വരവ് …

ഞങ്ങള് ആകെ കണ്ഫ്യൂസ്ഡായി ... ഇവനിതെന്തു പറ്റി ... ഇന്നലെ പിരിയുമ്പോള് പ്രശ്നമൊന്നുമില്ലാരുന്നല്ലൊ …

എടാ സന്തോഷെ, നീ 'ഓക്കെ' ആണല്ലൊ അല്ലെ ...? നിന്റെ അപ്പച്ചി പ്രസവിച്ചതിനു നമ്മള് എങ്ങനെയാട അര്മ്മാദിക്കുന്നത് ? എന്റെ അത്ഭുതം മറച്ചു വെക്കാതെ ഞാന് ചോദിച്ചു …

എടാ പോടാ പുല്ലേ !! ചക്കന്ചേരിലെ താക്കോല് എന്നെ ഏല്പ്പിച്ചു ... ഒരാഴ്ച്ച കഴിഞ്ഞേ ഇനി അവിടെ ആരെലും വരൂ ... അതു വരെ ഞാന് ആണവിടെ കാവല് ... ബു ഹ ഹ

അതു കേട്ടതും ഞങ്ങള് എല്ലാരും ഒരുമിച്ചു കോള്മയിര് കൊണ്ടു ... പിന്നെ ഒരു നിമിഷം പോലും താമസിയാതെ ,വരും ദിവസങ്ങളിലെ പ്രധാന അജണ്ഡകള് തീരുമാനിച്ചു ... ഇന്നിപ്പൊ എതായാലും അധികം സമയമില്ല ... പോരത്തതിനു , ചക്കന്ചേരില് കൂട്ടു കിടക്കാന് പോണ സന്തോഷിനു കൂട്ടു കിടക്കാന് പോവാന് വീട്ടില് നിന്നും പെര്മിഷന് വാങ്ങുകയും വേണം ... സോ ഇന്നു രാത്രി സരസ്വതീ മെഡിക്കല്സില് പോയി ഒരു കുപ്പി വാറ്റ്-69 വാങ്ങി അതില് സംതൃപ്തി അടയാം ... അങ്ങനെ 9 മണിയോടെ ചക്കന്ചേരില് മീറ്റ് ചെയ്യാമെന്നു തീരുമാനമായി .

വീട്ടില് നിന്നും വിചാരിച്ച മാതിരി ഒരു പ്രതിഷേധം ഒന്നുമുണ്ടായില്ല ... എന്തോ, അമ്മച്ചിയിപ്പോ നമ്മളെ എഴുതി തള്ളിയ മട്ടാ ... എന്തായലും ഒരു വഴിക്കിറങ്ങുന്നതല്ലേ എന്നു കരുതി ഞാന് തട്ടിന് പുറത്തു കയറി 'സെയ്ഫില് 'വെച്ചിരുന്ന ഭക്ത കുചേലയുടെ കാസെറ്റ് കണ്ടു ഗദ്ഗധകണ്ഠനായി, കണ്ണില് ഈറനും അണിഞ്ഞു ... ആറു മാസമായി സ്മഗ്ളിങ്ങ് നടത്തി ഈ 'മൊതല് ' ഇവിടെ എത്തിച്ചിട്ട് ... ഇതു വരെ വെളിച്ചം കാണാന് ഭക്ത കുചേലനും ആ വെളിച്ചത്തിനു നിറം പകരാന് എന്റെ കണ്ണുകള്ക്കും സാധിച്ചിട്ടില്ല ...ഇത്തവണ എന്തായലും ഇതു വെളിച്ചം കണ്ടിരിക്കും എന്ന ദൃഡ പ്രതിജ്ഞ എടുത്തു ഞാന് ആ സാധനം നാഭിയില് താത്തു ...

ചക്കന്ചേരില് ചെന്നു കയറിയപ്പോ തന്നെ സന്തോഷും ഗിരീഷും അവിടെ ഹാജര് വെച്ചിരുന്നു ... 5 മിനിട്ടിനുള്ളില് ഹരീഷ്, പന്നിയെലി, സുബിന് , സുനില് തുടങ്ങിയവര് ഒരു പടയായിട്ടു എത്തി ... അല്പ സമയത്തിനുള്ളില് ജയന് ഒരു ബിഗ് ഷോപ്പര് ഒക്കെ കയ്യില് പിടിച്ച് എത്തി ... എന്താടാ റേഷന് മേടിക്കാന് ഇറങ്ങിയതാണോ എന്നു ചോദിച്ചപ്പോഴേക്കും ജയന് സഞ്ജി തുറന്നിരുന്നു ... വളരെ സൂക്ഷ്മതയോടെ അവന് ഒരു വി.സി.പി പുറത്തെടുത്തു എന്നിട്ടു തെല്ലൊരഹങ്കാരത്തോടെ ഞങ്ങളെ ഒന്നു നോക്കി ... .
രാവിലെ എഴുന്നേറ്റപ്പോള് വളരെ വൈകിയിരുന്നു ...

എല്ലാവരുടേയും കണ്ണില് വാറ്റ്-69ന്റേയും കുചേലയുടേയും ക്ഷീണം .... വൈകിട്ടു 7 മണിയോടെ ഫ്ലാഷ് കളി തുടങ്ങുന്നതായിരിക്കും എന്നൊരു അറിയിപ്പും പോവുന്നതിനു മുന്പായി സന്തോഷ് തന്നു ...

****************
ക്ലബ്ബിന്റെ വാര്ഷികം നടത്തിയപ്പോള് കെട്ടിയ സ്റ്റേജ് ഇതു വരെ അഴിച്ചിട്ടില്ല... ഓരോ ദിവസവും എന്തേലും ഉഡായിപ്പിറക്കി മുങ്ങുകയാണു പതിവു ... ഇന്നിനി എന്തു പറയും ബാബു ചേട്ടനോടു...? വൈകിട്ടു ചക്കന്ചേരില് സമയത്തിനു ചെന്നില്ലേല് എല്ലാം കുളമാകും ... ഇന്നും എന്തേലും നമ്പര് ഇറക്കിയേ മതിയാവൂ ... കൂലംകഷമായി അതേപറ്റി ചിന്തിച്ചു കൊണ്ടു ഞാന് വീട്ടിലേക്കു പോയി ...

ഉച്ച കഴിഞ്ഞപ്പോ ഹരീഷ് വീട്ടില് വന്നു ... 'അളിയാ ഒരു പ്ലാന് ആസൂത്രണം ചെയ്തിട്ടുണ്ട് ... രാത്രിയില് നമ്മള് കോഴിയെ പൊക്കാന് തീരുമനിച്ചു ... ഫ്രൈ ചെയ്യാനുള്ള എണ്ണ നീ കൊണ്ടു വരണം ... കുറച്ചൊക്കെ സാധനങ്ങല് ചക്കന്ചേരില് തന്നെയുണ്ട് ...

എടാ അളിയാ സംഭവം ഒക്കെ എനിക്കിഷ്ടപെട്ടു ... പക്ഷെ കോഴിയെ ആരു പൊക്കും ...? ഞാന് ചോദിച്ചു ...
അതൊന്നും ഓര്ത്തു നീ വിഷമിക്കണ്ടാ ... അതു ഞാനും പന്നിയെലിയും കൂടി ചെയ്തോളാം ... നിങ്ങള് ബാക്കി ഉള്ള കാര്യങ്ങള് ശരിയാക്കിയാല് മതി ...

ഹരീഷിന്റെ മറുപടിയില് തൃപ്തനായെങ്കിലും ഞാന് പറഞ്ഞു... ' അളിയാ കാര്യം ഒക്കെ ശരിയാ , എന്നാലും കരിക്കു മോഷണം പോലെ അല്ല ഇത് ... കരിക്കിനു വായില്ല പക്ഷെ കോഴിക്കങ്ങനെ അല്ല ...

നിനക്കെന്തറിയാം ... ഞാനും പന്നിയെലിയും ഇതില് ആദ്യമായിട്ടൊന്നുമല്ല ... ഇതിനൊക്കെ ചില ട്രിക്ക് ഒണ്ട് ... നിങ്ങല് ചുമ്മാ കൂടെ നിന്നാ മതി ... ബാക്കി കാര്യം ഞങ്ങള് ഏറ്റു ...

****************

വീട്ടില് നിന്നും എണ്ണയൊക്കെയെടുത്തു സൈക്കിളില് വെച്ചു ജങ്ഷനില് എത്തിയതും സീനിയര് ടീമെല്ലാം അവിടെ ഉണ്ട് ... ബാബു ചേട്ടനെ കണ്ടതും ഞാന് സൈക്കിള് നിര്ത്തി അടുത്തു ചെന്നു ... സന്തോഷിനു കൂട്ടു കിടക്കാന് പോകുവാ, സ്റ്റേജ് അഴിക്കുന്ന പണിക്കു കൂടാന് സാധിക്കില്ല എന്ന വിവരം വളരെ വിഷമത്തോടെ ഞാന് അവതരിപ്പിച്ചു ...

ഹും ... പൊക്കോ ...ഞങ്ങള് എതായലും ഇന്നിതു അഴിച്ചിട്ടേ ഉള്ളു ... ഇതെന്തുവാടാ എണ്ണ ഒക്കെയായിട്ടു ... കൂട്ടു കിടക്കാന് പോണതിനു എണ്ണ വേണോ ... വെറെ പരിപാടി വല്ലതും ഉണ്ടോടാ ? ബാബു ചേട്ടന് കള്ളചിരിയോടെ എന്നെ നോക്കി ...

അയ്യേ... ഞാന് ആ ടൈപ്പല്ല ചേട്ടാ... ഇന്നു ഞങ്ങള് ആ ഏരിയായില് മാക്രിയെ പിടിക്കാന് ഒന്നിറങ്ങിയാലൊ എന്നൊരു പ്ളാന് ഉണ്ട് ... അത്രേം പറഞ്ഞു ഞാന് പതുക്കെ അവിടുന്നു തടിയൂരി ചക്കന്ചേരി ലക്ഷ്യമാക്കി സൈക്കിളില് പാഞ്ഞു ....

**************

ചക്കന്ചേരില് ചെന്നപ്പോ കണ്ടതു മാസ്റ്റര് പ്ളാന് വിശദീകരിക്കുന്ന ഹരീഷിനേയും ഇമവെട്ടാതെ ശ്രദ്ധിച്ചിരിക്കുന്ന ബാക്കിയുള്ളവരേയുമാണു ...

മാസ്റ്റര് പ്ളാന് ഇങ്ങനെ
  • പത്ത് മണിയാവുമ്പോള് ഹരീഷിനേയും പന്നിയെലിയേയും കൂലിത്തേല് ജങ്ഷനില് ഞാനും സുബിനും കൂടി സൈക്കിളില് കൊണ്ടു പോയി ഇറക്കി വിടുക
  • ക്രിത്യം അരമണികൂര് കഴിഞ്ഞിട്ട്, അതായതു പത്തരക്ക് അതേ ജങ്ഷനില് ചെല്ലുക ... അപ്പോള് കോഴിയുമായി ഹരീഷും പന്നിയെലിയും അവിടെ ഉണ്ടാവും ...
  • ഇതിനിടക്കുള്ള സമയത്തു ഞാനും സുബിനും മറ്റാരുടെയും കണ്ണില് പെടാതെ ശ്രദ്ധിക്കുക ...
    വീട്ടില് ഇരിക്കുന്നവര് , ഫ്രൈ ചെയ്യാന് വേണ്ട സാധനങ്ങളും ചപ്പാത്തിയും ഉണ്ടാക്കി തയ്യാറായി ഇരിക്കുക ....

*************

ഹരീഷിനേയും പന്നിയെലിയേയും ക്രിത്യം പത്ത് മണിക്കു കൂലിത്തേല് ജങ്ഷനില് ഇറക്കി വിട്ടു കഴിഞ്ഞപ്പോഴാണു ഞങ്ങള് ഗുരുതരമായ അടുത്ത പ്രശ്നത്തെ പറ്റി ചിന്തിച്ചതു ... ആരുടെയും കണ്ണില് പെടാതെ എവിടെ പോയി ഇരിക്കും ... ഒടുവില് എനിക്കു ബുദ്ധി ഉദിച്ചു ... അടുത 15 മിനിറ്റ് നമുക്കു നിര്ത്താതെ എങ്ങോട്ടേലും സൈക്കിള് ചവിട്ടാം , 15 മിനിറ്റ് ആവുമ്പോള് തിരിച്ചു ചവിട്ടാം ... അപ്പോ അര മണിക്കൂര് ... പെര്ഫക്റ്റ്


പത്തരക്കു തിരിച്ചെത്തിയ ഞങ്ങള്ക്ക് കോഴിയെ പിടിക്കാന് പോയവരുടെ പൊടി പോലും കാണാന് കഴിഞില്ല ... 10.45 ആയി 11 ആയി ... പൊടി പോലുമില്ല കണ്ടുപിടിക്കാന് !! ടെന്ഷന് കൂടി വിറയല് സ്റ്റേജിലേക്കു നീങ്ങി തുടങ്ങി ... കണ്ണില് കണ്ണില് നോക്കി ഞാനും സുബിനും നിന്നു ... വാട്ട് നെക്സ്റ്റ് ??

ഇനി ഒറ്റ വഴിയേ ഉള്ളു ... നീ വാ ... അതും പറഞ്ഞു സുബിന് സൈക്കിള് ചവിട്ടി തുടങ്ങി ...

കാര്യം മനസ്സിലായില്ലെങ്കിലും ഞന് പിറകേ പോയി ... പോണ വഴിക്കു ഞന് ചോദിച്ചെങ്കിലും എങ്ങോട്ടാ പോണതെന്നു അവന് പറഞ്ഞില്ല ... ഒടുവില് ക്ഷേത്രത്തിനു മുന്നില് സൈക്കിള് നിര്ത്തി സ്റ്റാന്റില് വെച്ചപ്പോള് എനിക്കും കാര്യം മനസ്സിലായി ... നേരെ അകത്തേക്കു കയറി നിലത്തു കമിഴ്ന്നു കിടന്നു ദേവിയോടു കരഞ്ഞങ്ങ് പ്രാര്ഥിച്ചു , കോഴിയെ കിട്ടിയില്ലേലും സാരമില്ല അവന്മാര്ക്കൊന്നും വരുത്തല്ലേന്നു ...

ഒരിക്കല് കൂടി ജുങ്ഷനില് പോയി നോക്കി, അവരെ കാണാത്തതിനെ തുടര്ന്നു ഞങ്ങള് ചക്കന്ചേരിയിലേക്കു വലിച്ചു വിട്ടു ...

ഹരീഷ് വന്നോ എന്നു ചോദിച്ചു കൊണ്ടാണ്നു ഞങ്ങള് കയറി ചെന്നത് തന്നെ... ഒന്നും മനസ്സിലാവാതെ അവര് കണ്ണു തള്ളി ഇരുന്നു ... നടന്ന കാര്യങ്ങള് ഒരു വിധം അവരെ ബോധ്യപ്പെടുത്തി ... ഇനി എന്തു ചെയ്യും എന്നൊരു ഐഡിയാ ആര്ക്കുമില്ല ... അടിച്ച സധനത്തിന്റെ പെരുപ്പ് എല്ലാവര്ക്കും ഇറങ്ങി ...

ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് ഭാവനകള് കാടു കയറ്റി ... കോഴി മോഴണക്കേസില് പോലീസ് പിടിക്കുന്നതും , നാട്ടില് ഇതിനു മുന്പുണ്ടായ കോഴിക്കേസുകളെല്ലാം ഞങ്ങളുടെ തലയിലാവുന്നതും , സ്കൂള് വിട്ടു പെണ്കുട്ടികള് പുറത്തേക്കു വരുന്ന സമയത്തു പോലീസ് ജീപ്പില് ഞങ്ങളെ എല്ലാരേയും കൊണ്ടു വരുന്നതും മനസ്സില് തെളിഞ്ഞു വന്നു ....

ഒരു 12 മണിയയപ്പോള് ആരോ ഓടി വരുന്ന ശബ്ധം കേട്ടു ഞങ്ങള് കതകു തുറന്നു ... നോക്കിയപ്പോ ഹരീഷും പന്നിയെലിയുമാണ്... കയ്യില് കോഴിയില്ല ... കൊണ്ടു പോയ നനഞ്ഞ തോര്ത്തു കഴുത്തില് ചുറ്റിയിട്ടുണ്ട് ... ആകെ വിയര്ത്ത് കുളിച്ചിരിക്കുന്നു...

ഏതു ******** ഇടയില് പോയി കിടക്കുവാരുന്നെടാ നീയൊക്കെ ... എനിക്കു കണ്ട്രോള് ചെയ്യാന് സാധിച്ചില്ല ....

എടാ... നിങ്ങല് വിചാരിക്കുമ്പോലെ അല്ല... ഒരബദ്ധം പറ്റി ... ഞങ്ങള് ഒന്നു രണ്ടു സ്ഥലത്തു കോഴിയെ കണ്ടു വെച്ചിട്ടു തന്നെയാണു പോയതു ... പക്ഷെ അവിടെ ചെന്നപ്പോ ആ വീട്ടില് ഒക്കെ ആളുകള് ഉറങ്ങിയിട്ടില്ലാരുന്നു ... അന്നേരം പന്നിയെലിക്കു ഒരു ബുദ്ധി തോന്നി ... അവന് ഒരു കോഴി കൂട്ടില് ചുമ്മ ഒരു വടിയിട്ടു കുത്തി ... അപ്പൊ കോഴി കൂവുമല്ലോ ... അതു കേട്ടു അടുത്ത പ്രദേശങ്ങളിലുള്ള മറ്റു കോഴികളും കൂവും ... അങ്ങനെ എവിടെയൊക്കെ കോഴികള് ഉണ്ടെന്നറിയാന് പറ്റും ... പക്ഷെ കോഴികള് കൂവിയപ്പോള് സംഭവിച്ചത് മറ്റൊന്നാണ്... ആ അയലത്തെ വീടുകളിലെല്ലാം ലൈറ്റ് തെളിഞ്ഞു ... ഇനിയും നിന്നാല് പിടിക്കപ്പെടും എന്നുറപ്പായപ്പോള് ഞങ്ങള് ഓടി ...

'കോഴിയൊന്നുമില്ലേലും സാരമില്ല ... ആരും കണ്ടില്ലല്ലോ ... അതു തന്നെ ധാരാളം .. ഇനി ഇപ്പൊ നമുക്കു വല്ല അച്ചാറും കൂട്ടി ഉണ്ടാക്കി വെച്ച ചപ്പാത്തി കഴിക്കാം ' സന്തോഷ് പറഞ്ഞു ... ഏതായലും ഇവന്മാരെ രണ്ടിനേം കുറച്ചു നാളത്തേക്കു അപരാധിക്കാനുള്ള കാര്യം കിട്ടിയല്ലോ എന്നോര്ത്തപ്പോ ഒരു പൊടി സുഖവും തോന്നാതിരുന്നില്ല... അച്ചാറും കൂട്ടി ചപ്പാത്തിയും ഞണ്ണി ഒരു റൌണ്ട് കുചേലയും കണ്ടു എല്ലാവരും പെട്ടെന്നു തന്നെ ഉറക്കം പിടിച്ചു ...

കതകില് ശക്തിയായി മുട്ടുന്ന ശബ്ദം കേട്ടാണു ഞാന് എഴുന്നേറ്റത് ... അപ്പോഴെക്കും സന്തോഷ് ഉണര്ന്നു ലൈറ്റ് ഇട്ടിരുന്നു ... പുറത്ത് പരിചയമുള്ള കുറെ ശബ്ദങ്ങള് ... ഞങ്ങളില് പലരുടേയും പേരും ഉറക്കെ വിളിക്കുന്നുണ്ട് ... വാതില് തുറന്നപ്പോ നമ്മുടെ സീനിയര് ചേട്ടന്മാര് ... ബാബു ചേട്ടന്, മര്ഫി, രഘു, പ്രസാദ് എല്ലാരുമുണ്ടു ....

'ഹരീഷും സുനിയും ഇവിടെ ഉണ്ടോടാ...?' ബാബു ചേട്ടന് മുന്നോട്ടു വന്നു എന്നോടു ചോദിച്ചു ... എന്തൊക്കെയോ പ്രശ്നങ്ങള് മണത്തെങ്കിലും കള്ളം പറയാനുള്ള സാവകശം എനിക്കു കിട്ടിയില്ല , അതിനു മുന്പേ രഘു അകത്തു കയറി പന്നിയെലിയെ പിടിച്ചിറക്കി വെളിയില് ... ബഹളം കേട്ടിട്ടാവാം അയലത്തെ വീടുകളിലും ലൈറ്റ് തെളിഞ്ഞു തുടങ്ങി

'നീ കള്ളം പറയാനോ ഇവന്മാരെ രക്ഷിക്കാണോ ശ്രമിക്കണ്ട കാര്യമില്ല ...' ബാബു ചേട്ടന് എന്നോടായി പറഞ്ഞു ...കാര്യം എല്ലാം ഞങ്ങള്ക്ക് മനസ്സിലായി ... സ്കൂളിന്റെ അവിടെ വെച്ചു ഞങ്ങല് സുനിയുടെ അച്ചനെ കണ്ടു ... സ്വന്തം മോനെ ഏതു പാതി രാത്രിയില് കണ്ടാലും തിരിച്ചറിയാന് പറ്റും എന്നു കാണുവാണേല് ഇവനോടു പറഞ്ഞേക്കാനും പറഞ്ഞു ... നിനക്കെല്ലാം ഇതില് പങ്കുണ്ടെന്നും നമ്മള്ക്കറിയാം , സന്ധ്യക്കു നീ എണ്ണയുമായി വരുന്ന കണ്ടപ്പോഴെ എനിക്കു സംശയം തോന്നിയതാ ...

പറയുന്ന പലതും അറിയാവുന്ന കാര്യങ്ങളാണെങ്കിലും എവിടെ ഒക്കെയോ ചില മിസ്സിങ് ലിങ്ക് ഉണ്ടെന്നെനിക്കു തോന്നി ... ഒടുവില് ഹരീഷ് തന്നെ ആ കഥ വിവരിച്ചു .. പിടിക്കപ്പെട്ടു എന്നുറപ്പായപ്പോള് ഞങ്ങളെ പോലും ഞെട്ടിച്ചു കൊണ്ട് ഹരീഷ് ആ കഥ വിവരിച്ചു

കോഴിയില്ലാതെ തിരിച്ചു വന്നാ പിന്നെ നിന്റ്റെയൊക്കെ മുന്നില് ജീവിക്കാന് പറ്റില്ലാല്ലോ എന്നോര്ത്തപ്പോല് മറ്റൊരു ഐഡിയ തോന്നി ... അങ്ങിനെയാണു ഞങ്ങള് പന്നിയെലിയുടെ വീട്ടില് തന്നെ കേറി അവര്ടെ കോഴിയെ പൊക്കാന് തീരുമനിച്ചത് ... അവിടെയാവുമ്പോ ഒരു കോഴി സ്ഥിരമായി കൂട്ടില് കേറാതെ ഇരിക്കുന്ന സ്ഥലം പന്നിയെലിക്കറിയാം ...

കോഴിയെ ഞങ്ങള് പിടിച്ചതാണ് ... പക്ഷെ ഒരനക്കവും , 'സുനി മോനാണോടാ അത്' എന്നൊരു ചോദ്യവും കേട്ടു തിരിഞ്ഞു നോക്കിയപ്പോ ഇരുട്ടെങ്കിലും അവ്യക്തമായി കണ്ടു.. സുനിയുടെ അച്ചന് !! കക്ഷി മൂത്രമൊഴിക്കാന് വന്നതാവണം ... ഞങ്ങള് കോഴിയേം കളഞ്ഞു ഓടി ... പുള്ളിക്കാരന് പുറകെ ഓടി ... സ്കൂലിന്റെ അവിടെ വരെ പുറകില് ഉണ്ടായിരുന്നു ... അതിനു ശേഷം കണ്ടില്ല ...

*************************

10 മണിയായി ഉണര്ന്നപ്പോ ... ജനലില് കൂടി പുറത്തേക്കു നോക്കിയപ്പോ അയലവക്കത്തുള്ള വീട്ടില് നിന്നൊക്കെ തലകള് പുറത്തേക്കെത്തി നോക്കുന്നുണ്ടു ... നാണക്കേടു വിചാരിച്ചു എത്ര നേരമെന്നും പറഞ്ഞു വീടു പൂട്ടിയിരിക്കും ... നമുക്കാരേം ശ്രദ്ധിക്കണ്ട ... ഞാന് പറഞ്ഞു ...

************************

പന്നിയെലീടെ കുടുംബ വീട് എന്റെ നേര് അയല്പക്കമാണ്... അതു കൊണ്ട് തന്നെ കാര്യങ്ങള് വീട്ടില് ഇതിനോടകം അറിഞ്ഞു കാണുമെന്നെനിക്കുറപ്പായിരുന്നു ... പതിവു ബഹളം ഒന്നുമുണ്ടാക്കാതെ ശാന്തനായി ഞാന് വീട്ടിലേക്കു കയറി ചെന്നു ... പ്രത്യക്ഷത്തില് വലിയ കുഴപ്പമൊന്നും തോന്നിയില്ലെങ്കിലും അമ്മച്ചി പറയുന്ന പല കാര്യങ്ങളും മുന വെച്ചല്ലേയെന്നു എനിക്കു സംശയം തോന്നി ... പക്ഷെ സംശയം മാറ്റാന് നോക്കി കുളമായലോ എന്ന ചിന്ത കാരണം ഞാന് അതിനു ശ്രമിച്ചില്ല ...

വീട്ടില് നിന്നിട്ടു ഭയങ്കര ശ്വാസം മുട്ടല് ... എന്തായലും സ്കൂളിന്റെ അവിടെ വരെ പോയി നോക്കാം എന്നു കരുതി പുറത്തേകിറങ്ങാന് നേരം അമ്മച്ചി വന്നിട്ടു പറഞ്ഞു 'നിന്നെ തിരക്കി സുനിയുടെ അച്ചന് ഇവിടെ വന്നിരുന്നു ... നീ അവിടെ വരെ അത്യാവശ്യമായി ചെല്ലണമെന്നും പറഞ്ഞു ...' ഞാന് ഞെട്ടി തരിച്ചിരുന്നു പോയി ... അപ്പൊ എന്റെ സംശയം ശരിയാവുന്നു ... എല്ലാരും എല്ലാമറിഞിരിക്കുന്നു ...

കൂടുതല് ആലോചിച്ചപ്പോള് എനിക്കു തോന്നി, സുനിയുടെ വീട്ടില് ചെന്നു അവന്റെ അച്ചനോടു മാപ്പു പറയാം ... തെറ്റു പറ്റി പോയി ... നാറ്റിക്കരുത് എന്ന് ... പിന്നെ ഒന്നും ആലോചിച്ചില്ല ...നേരെ പന്നിയെലി സുനിയുടെ വീട്ടിലേക്കു വെച്ചു പിടിച്ചു ...

***********************

അവിടെ എത്തിയപ്പോ കോഴി കേസ്സിലെ എല്ലാവരും ഹാജരുണ്ട് ... വിചാരണയാണോ അതോ ശിക്ഷ വിധിക്കലാണോ എന്നു മാത്രമറിഞ്ഞാ മതി ...എന്നെ കണ്ട ഉടനെ സുനിയുടെ അച്ചന് അടുത്തു വന്നു അകത്തു കയറി ഇരിക്കാന് പറഞ്ഞു ... അതും യാതൊരു സ്നേഹക്കുറവുമില്ലാതെ ... മടിച്ചു നിന്ന എന്നെ സുനിയുടെ അമ്മ വന്നു വിളിച്ചു അകത്ത് കൊണ്ടു പോയി ... ബാക്കിയുള്ളവരും അകത്തേക്കു കയറി ... സുനിയുടെ അനിയന് ഒരു വലിയ പായ് കൊണ്ടു വന്നു നിലത്ത് വിരിച്ചു ... കുറേ വാഴയിലയും കൊണ്ടു വെച്ചു ... അപ്പോഴേക്കും അമ്മ ചപ്പാത്തിയും നല്ല ചൂടുല്ല കോഴിക്കറിയും വിളമ്പി ...

'ഇനി എല്ലാവരും വന്നിരുന്നു കഴിച്ചേ ' അമ്മ എല്ലാവരോടുമായി പറഞ്ഞു ...

കഴിക്കാനിരിക്കുമ്പോള് ഇലയില് വിളമ്പി വെച്ച ഒന്നും എനിക്കു കാണാന് സാധിച്ചിരുന്നില്ല .... എനിക്കു മാത്രമല്ല ഞങ്ങളിലാര്ക്കും

***************************

വാല് കഷ്ണം : രണ്ടു വര്ഷങ്ങള്ക്കു മുന്പ് ആ അമ്മ , സ്നേഹം കൊണ്ടു ഞങ്ങളുടെ തെറ്റു മനസ്സിലാക്കിച്ചു തന്ന ആ അമ്മ ഈ ലോകത്തോട് വിട പറഞ്ഞു ... ഈ പോസ്റ്റ് ആ അമ്മക്ക്...

9 comments:

കറുമ്പന്‍ said...

'അളിയാ ... കോളടിച്ചെടാ ... എന്റെ അപ്പച്ചി പ്രസവിച്ചെടാ ...ഒരാഴ്ച അര്‍മ്മാദിക്കാം നമുക്ക് .... എന്തൊക്കെ വേണമെന്നു പ്ലാന്‍ ചെയ്തോ …'

ചക്കന്‍ചേരിലെ രാത്രികള്‍ - ശ്രീയുടെ കപ്പ മോഴണത്തിനു കമന്‍റ്റിടാന്‍ റ്റൈപ്പ് ചെയ്തതാ... കൈ വിട്ടു തുടങ്ങിയപ്പോ വിചാരിച്ചു പോസ്റ്റാന്നു ... 8-9 മാസത്തിനു ശേഷം ഒരു പോസ്റ്റ് ... എല്ലാവരും അനുഭവിക്കുക ...

പകിടന്‍ said...

വായിച്ചു തുടങ്ങുന്നതിനു മുന്നേ എനിക്കു കണ്ണും അടച്ചു പറയാം ഇതു നന്നായി എന്ന് ....കാരണം , ഞാന്‍ ചേട്ടനോടു പറഞ്ഞപോലെ എഴുതാനറിയുന്നവനു ദൈവം സമയം കൊടുക്കില്ല...അതന്നെ

പകിടന്‍ said...

ചേട്ടാ...കവിളുകള്‍ നനച്ചു....കഴിവു താങ്കള്‍ക്കന്ന്യം വന്നിട്ടില്ല...

ശ്രീ said...

മാഷേ...
മനോഹരമായ പോസ്റ്റ്. ആ വാല്‍ക്കഷ്ണത്തില്‍ എല്ലാമടങ്ങിയിരിയ്ക്കുന്നു.

നന്നായി ഇഷ്ടമായി.
:)

Anonymous said...

TEST

Anonymous said...

Supper..
by
Suniyude Ayalathukaran (now in blore)

അരുണ്‍ കരിമുട്ടം said...

അതേ ആ അമ്മ അര്‍ഹിക്കുന്ന സമര്‍പ്പണം.ശ്രദ്ധതെറ്റാതെ വായിക്കാന്‍ പറ്റി

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal................

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഫെയ്സ് ബുക്കിൽ കുവൈറ്റിലെ മലയാളി ബ്ലോഗേർസിന്റെ ഒരു ഗ്രൂപ് ഉണ്ട്..
ഇവിടെ ഞെക്കി അതിൽ അംഗമാകുമല്ലോ?? ആശംസകൾ..!!


http://www.facebook.com/groups/243104899060161/