Thursday, October 18, 2007

മുരളി ആശാന്‍

ഇതിങ്ങനെ പോയാല്‍ ശരിയാവില്ല ... യാതൊരു പ്രതിപക്ഷ ബഹുമാനവുമില്ലാതെ ആണു ആശാന്‍ പെരുമാറുന്നത് ... സ്ക്രൂഡ്രൈവര്‍ കൊണ്ടു ഒരു അടി കാലിനു കിട്ടിയെന്നതു ഞാന്‍ പ്രശ്നമാക്കുന്നില്ല, പക്ഷെ പോയ മാനമോ ? ശോ ... ആ ശ്രീകുമാരിയുടേയും ധന്യയുടേയും മുന്നില്‍ ഇത്രയും കാലം കഷ്ടപെട്ടുണ്ടാക്കിയ ഇമേജ് എല്ലാം തകര്‍ന്നു തരിപ്പണമായി ... ഇനി ഞാന്‍ അവര്‍ടെ മുഖത്തെങ്ങനെ നോക്കും ...

ഇന്നു തന്നെ പ്രെത്യേകിച്ചു യാതൊരു കാരണവുമില്ലാതെ ആണു മുരളി ആശാന്‍ അക്രമാസക്തനായത് ... വെറും 3 മാസം എക്സ്പീരിയന്‍സ് മാത്രമുള്ള ആര്‍ക്കും സംഭവിക്കാവുന്ന വളരെ സിംപിള്‍ ആയ ഒരു തെറ്റ് .... സത്യം , സംഭവം ഇതായിരുന്നു... .. ഹന്‍സ് ഡ്രൈവിങ് സ്കൂളിന്റെ ശ്രീവിദ്യ (സിനിമാ നടി) എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ശ്രീവിദ്യയേക്കാള്‍ പ്രായമുള്ള അമ്പാസ്സിഡര്‍ കാറില്‍ വെച്ചാണതു നടന്നത് ...

NH-47 ഇല്‍ കൂടി എതാണ്ടു 3 കിലോമീറ്ററോളം ഒരു ബ്രേക്ക് പോലും പിടിക്കാതെ ഓടിച്ചു വന്ന എന്നോടു ഇടത്തേക്കു തിരിഞ്ഞു ബൈറോഡില്‍ കേറാന്‍ ആശാന്‍ പറഞ്ഞതിന്റെ ഉദ്ധേശം എന്റെ ഡ്രൈവിങ് വൈദഗ്ധ്യം അളക്കുക്ക എന്ന ലക്ഷ്യം ഒന്നുമല്ലാരുന്നു , മറിച്ചു ശ്രീകുമാരിയെ അവളുടെ വീടിന്റെ മുന്നില്‍ തന്നെ ഇറക്കാന്‍ വേണ്ടിയാരുന്നു ...

ഇടത്തേക്കു തിരിഞ്ഞു, രാജന്‍ പി ദേവിന്റെ മുഖം പോലെ മിനുസമായ റോഡിലൂടെ മുന്നോട്ടു പോയി ആദ്യത്തെ വളവു കഴിഞ്ഞതും നല്ല ഒന്നംതരം ഒരു ഡിപ്പ് !!! നൂറുക്കു നൂറേല്‍ വന്ന ഞാന്‍ ഒന്നു കണ്‍ഫ്യൂഷനടിച്ചു പോയി ...ചവിട്ടണോ വേണ്ടയോ ? പക്ഷെ എന്റെ കണ്‍ഫ്യൂഷന്‍ മാറുന്നതിനു മുന്നേ ആശാനൊരു തീരുമാനത്തില്‍ എത്തിയിരുന്നു ...

ഡാ !!! വിളീയും സ്ക്രൂ ഡ്രൈവര്‍ കൊണ്ടു കാലില്‍ ഒരടിയും ഒരുമിച്ചായിരുന്നു ... അടി കൊണ്ട ഇടത്തേ കാലില്‍ നിന്നും ഒരു സന്ദേശം തലച്ചോറിലെത്തി അവിടെ നിന്നു മറുപടി സന്ദേശം സ്വീകരിച്ചു വലത്തേകാലിലൂടെ ബ്രേക്കിലമര്‍ന്നു ... പിടിച്ചു നിര്‍ത്തിയ പോലെ നമ്മുടെ കാര്‍ ആ സ്പോട്ടില്‍ നിന്നു ... അടി മേടിച്ചെങ്കില്‍ തന്നെയും അപകടത്തെ വിത്ത് ഇന്‍ സെക്കന്‍ഡ്സ് കൊണ്ട് തരണം ചെയ്ത എന്റെ മനസാന്നിദ്ധ്യത്തെ സ്വയം അഭിനന്ദിച്ചു, അല്പം അഭിമാനത്തോടെ തന്നെ ഞാന്‍ ആശാനെ ഒന്നു നോക്കി ... പിറകിലത്തെ സീറ്റിലിരിക്കുന്ന കിടങ്ങളേയും ...

ആശാനും എന്നെ തന്നെ നോക്കി കൊണ്ടിരുന്നു ... എതാണ്ട് ഒരു മിനിറ്റോളം ഞങ്ങള്‍ അങ്ങനെ ഇരുന്നു ...പിന്നെ ആശാന്‍ വളരെ ശാന്തനായി എന്നോട് ചോധിച്ചു ...

''ഡിപ്പ് പോയിട്ടു പോവാന്‍ വെയ്റ്റ് ചെയ്യുവാണോ നീ ?? '

ലവളുമാര്‍ അടക്കി പിടിച്ചു തുടങ്ങിയ ചിരി ആശാന്‍ സഹകരിക്കുമെന്നു കണ്ടപ്പോ കൂട്ടചിരിയായി മാറി ... ഇന്നലെ വരെ ആശനെ പറ്റിയുള്ള എന്റെ ഓരോ കമന്റുകള്‍ക്കും കുണുങ്ങി കുണുങി ചിരിച്ചവളുമാരാ ... ഒരവസരം കിട്ടിയപ്പോ നമുക്കിട്ടും തന്നു ... അല്ലേലും ഈ ....

എന്തായലും ഇവളുമാര്‍ക്കിട്ടു ഒരു പണി കൊടുത്തിട്ടെ ബാക്കി കാര്യമുള്ളു ... ഒടുവില്‍ ഞാനാ തീരുമാനമെടുത്തു ... ഇവളുമാരുടെ കൂടെ ഇനി ഡ്രൈവിങ്ങിനു പോണില്ല ... അങ്ങനെ ഇപ്പൊ എന്റെ കൂടെ ഡ്രൈവിങ്ങ് പഠിച്ചു സുഖിക്കണ്ട .. അല്ല പിന്നെ ...

അങ്ങനെ എന്റെ ഡ്രൈവിങ് പഠനം ആഴ്ചയില്‍ ഒരിക്കലായി റീ ഷെഡ്യൂള്‍ ചെയ്തു ... ഞായറാശ്ച മാത്രം ... ഒരു 12 മണീ ആവുമ്പോല്‍ ആശാന്‍ വീടിന്റെ വാതില്‍ക്കല്‍ എത്തും ... അപ്പോല്‍ ഓടിച്ചു കൊണ്ടിരിക്കുന്ന മണിയമ്മ ടീച്ചറെ 1 കിലോമീറ്റര്‍ അപ്പുറത്തുള്ള അവര്‍ടെ വീട്ടില്‍ ഇറക്കി കഴിഞ്ഞാല്‍ പിന്നെ എന്റെ അര്‍മ്മാധം ആണു ... ഒരാഴ്ച്ചത്തെ ദൂരം അന്നത്തെ ദിവസം എനിക്കു കവര്‍ ചെയ്യാം ... സുഖമായി ഒരു 2 മണീക്കൂര്‍ ഓടിക്കാം ... യാതൊരു ടെന്‍ഷനുമില്ല .. സമാധാനമായി തല്ലു കൊള്ളാം ...ആരും കാണാനില്ലല്ലൊ .. വന്നു വന്ന് അശാനും ഇപ്പൊ എന്നെ തല്ലണമെന്നില്ല ...എന്താണോ എന്തോ

അന്നും ഒരു ഞായറാഴ്ചയായിരുന്നു ... പതിവു പോലെ തന്നെ അന്നും 12 മണി ആയപ്പോല്‍ ഹോണടി കേട്ടു കാറില്‍ ചെന്നു കേറാന്‍ നോക്കിയപ്പോള്‍ പിറകിലത്തെ സീറ്റില്‍ ശ്രീകുമാരിയിരിക്കുന്നു ... ഒന്നു ഞെട്ടിയെങ്കിലും രണ്ടും കല്‍പ്പിച്ചു ഞാനും കൂടെ കേറിയിരുന്നു ... അല്ല, ഇപ്പൊ പേടിക്കണ്ട കാര്യവുമില്ലല്ലോ ... സമാന്യം തെറ്റില്ലാതെ ഡ്രൈവ് ചെയ്യും പിന്നെ അശാനണേല്‍ തെറിവിളിയുമില്ല ... ശ്രീകുമാരിയല്ല അവള്‍ടെ അമ്മയാണേലും നമുക്കു ഒരു മാങ്ങതൊലിയുമല്ല ...

മാക്സിമം എയര്‍ പിടിച്ചു ഞാന്‍ ഇരുന്നെങ്കിലും അവള്‍ തന്നെ ഇങ്ങോട്ടു കാര്യം പറഞ്ഞു തുടങ്ങി ... നാളെ എനിക്കു ഡ്രൈവിങ് ടെസ്റ്റ് ആണു ... ആശാന്‍ പറഞ്ഞു ഇന്നു വരികയാണെങ്കില്‍ കുറച്ചു അധിക നേരം ഓടിച്ചു പഠിക്കാമെന്ന് ... അതു കൊണ്ട് ഇയാളെ കാണാനും പറ്റിയല്ലോ ...

ലവള്‍ സോപ്പു പതപ്പിക്കുകയാണെന്നെനിക്കു മനസ്സിലായെങ്കിലും ഒന്നും തിരിച്ചു പറഞ്ഞില്ല ... ദൈവമേ ... ഇന്നു ഇവളോടിക്കുമ്പോള്‍ എവിടേലും വണ്ടി കൊണ്ടു ചാമ്പിയാഅല്‍ ഒന്നട്ടഹസിച്ച ശേഷം ചാവാനുള്ള ഒരവസരം എനിക്കു തരണേ ... ഞാന്‍ മനമുരുകി തന്നെ പ്രാര്‍ഥിച്ചു

എതാണ്ടൊരു ഒന്നര ആയപ്പോള്‍ മുരളി ആശാന്റെ വീടിന്റെ അടുത്തെത്തി ... വണ്ടി അവിടെ പാര്‍ക്ക് ചെയ്തിട്ടു ആശാന്‍ ഊണു കഴിക്കാന്‍ പോവും ... എന്നേയും ക്ഷണിക്കും ... വരുന്നില്ല, വണ്ടിയില്‍ തന്നെയിരുന്നോളാം എന്നു ഞാനും പറയും ... അതാണു പതിവ് ... ഇന്നും വിളിച്ചു ... ലവള്‍ ചാടി തുള്ളി അങ്ങേര്‍ടെ പിറകേ പോയി ... ഞാന്‍ വണ്ടിയില്‍ തന്നെ ഇരുന്നു ...

കുറേ നേരം കഴിഞ്ഞപ്പോല്‍ ബോറടിച്ചു തുടങ്ങി ... അപ്പോഴാണെനിക്കു ആ ഐഡിയ വന്നതു ..എതായലും ചുമ്മാ ഇരിക്കുവാ ...എന്നാ പിന്നെ കുറച്ചു നേരം ഗിയര്‍ ഒക്കെ ഇട്ടു കളിച്ചാലെന്താ ... ഒരു പ്രാക്ടീസുമാവും ... കുറേ സമയം കഴിഞ്ഞപ്പോള്‍ അതും മടൂത്തു ... പതിയെ ഞാന്‍ സ്റ്റിയറിങില്‍ തല വെച്ചു ഒന്നു രെസ്റ്റ് എടുത്തു ...

ഡോര്‍ തുറന്നു 2 പേരും അകത്തു കയറിയതും ആശാന്‍ ചോദിച്ചു ... ഇത്രേം നേരം നിനക്കു കിട്ടിയിട്ട് എന്തു ചെയ്തു നീ ? ചുമ്മാ ഇരുന്നപ്പോള്‍ ആ ഗിയര്‍ ഒക്കെ മാറ്റി പഠിച്ചു കൂടായിരുന്നൊ നിനക്ക് ... അശാന്‍ അല്പ്പം ദേഷ്യത്തോടെയാണതു പറഞ്ഞത് ...

ദാ വരുന്നു ഔറ്റ് സൈഡ് ഓഫ് സ്റ്റിക്കില്‍ ഒരു ഹാഫ് വോളി... എനിക്കും ഷൈന്‍ ചെയ്യാന്‍ ഒരവസരം !!!

ആശാനെന്തുവാ എന്നെ പറ്റി വിചാരിച്ചത് ? ഇത്രേം നേരം പിന്നെ ഞാന്‍ എന്തെടുക്കുവാരുന്നെന്നാ കരുതിയേ ...ഇതു തന്നെയാരുന്നു പണീ ... ഹ ഹ ...നല്ലൊരു ചിരിയും പാസ്സാക്കി , ഈ ശിഷ്യന്റെ മികവില്‍ അഭിമാനം കൊള്ളൂന്ന ആ ഗുരുവിനെ ഞാന്‍ സ്നേഹപൂര്‍വ്വം നോക്കി ...

ഫാ... @$#%$^

നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടീയിലാണോടാ ഗിയര്‍ ഇട്ടു പടിക്കുന്നത് **** നീയിതു ചെയ്യും എന്നെനിക്കറിയാരുന്നെടാ ... അതാ ഞാന്‍ അങ്ങനെ തന്നെ ചോദിച്ചത് ...

ആശാന്‍ പിന്നെയും ഗര്‍ജ്ജിച്ചു കൊണ്ടേയിരുന്നു ...

ഞാന്‍ മരിച്ചു പോയി

11 comments:

കറുമ്പന്‍ said...

ഭൂലോകത്തില്‍ ഡ്രൈവിംഗ് കഥകള്‍ക്കു ഒരു ക്ഷാമവുമില്ല എന്നെനിക്കറിയാം ... എങ്കിലും പ്രെത്യേകിച്ചൊരു കാരണവുമില്ലാതെ മുരളി ആശാനെ ഓര്‍ത്തു ഇന്നു ... എങ്കില്‍ പിന്നെ പുള്ളീക്കിട്ടു തന്നെ ആവട്ടെ ഇത്തവണ എന്നു വിചാരിച്ചു ...

ശ്രീ said...

“പ്രെത്യേകിച്ചൊരു കാരണവുമില്ലാതെ മുരളി ആശാനെ ഓര്‍ത്തു ഇന്നു ... എങ്കില്‍ പിന്നെ പുള്ളീക്കിട്ടു തന്നെ ആവട്ടെ ഇത്തവണ എന്നു വിചാരിച്ചു ...”

അതെ, അതു വേണം... ആശാനിട്ടു തന്നെ പണി പഠിക്കണം... ഹ ഹ.


സംഭവം ഏതായാലും കലക്കീട്ടോ...
:)

R. said...

ഞാന്‍ മരിച്ചു പോയി

ദിതിതാണ്‌ അയിന്റെ ഹൈലൈറ്റ് !!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചതി, അതൊരുമാതിരി പൂഴിക്കടകന്‍ ആയിരുന്നു ആശാനാരാ മോന്‍.:) ഒരു മുഴം മുന്‍പേ എറിഞ്ഞ് കളഞ്ഞല്ലോ.

Manoja said...

Dip ??? I did not undersnatd it

കറുമ്പന്‍ said...

Dip means slope or extend downwards (road dips).

ഉഡായിപ്പ് ബിനു said...

മുരളി ആശാന്‍ ജീവിതത്തില്‍ അങ്ങനെ എന്തെല്ലാം നല്ലകാര്യങ്ങള്‍ ചെയ്യാനുണ്ടു.. അതൊന്നും അയാള്‍ ചെയ്യില്ലല്ലോ......
ഞാനും അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ ആണു.

കുഞ്ഞന്‍ said...

ഹഹ.. ആശാന്റെ ആട്ട് അസ്സല്‍...!

ദിലീപ് വിശ്വനാഥ് said...

അതു നന്നായി. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത്. സംഭവം വളരെ ഇഷ്ടപ്പെട്ടു. ഇനിയും കാണുമല്ലോ ഡ്രൈവിങ്ങ് കഥകള്‍. പറച്ചില്‍ കേട്ടിട്ട് ഏകദേശം ഒരു വര്‍ഷത്തോളം പഠിച്ചു എന്നു തോന്നുന്നല്ലോ?

കറുമ്പന്‍ said...

നാട്ടുകാര്‍ക്കു പണിയുണ്ടാക്കണ്ട എന്നു വിചാരിച്ചിട്ടാവം , ദൈവം തമ്പുരാന്‍ നേരിട്ടിടപെട്ട് ലൈസന്‍സ് കിട്ടുന്നതിനു മുന്നെ കുവൈറ്റിനു കടത്തി ... അതു കൊണ്ട് ഡ്രൈവിങ് കഥകള്‍ അവിടെ തീര്‍ന്നു ...

മെലോഡിയസ് said...

ആശാന്‍ ആളു കൊള്ളാം. കുറച്ച് കാലം കഴിഞ്ഞെങ്കിലും ബ്ലോഗിലുടെ ആശനിക്കിട്ട് വെച്ചല്ലോ. അത് മതി ;)