Friday, June 22, 2007

ബംഗാളിയും മൈക്രൊ ചിപ്പും

ഒരു സൈനിക ക്യാമ്പില്‍ ജോലി ചെയ്യുന്നതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ടു രാവിലെയും വൈകിട്ടുമുള്ള ചെക്കിങ്ങ് ആണു ... ജോലി ഒരു പ്രശ്‌നമേ അല്ല ... മണ്ടന്മാരായ സായിപ്പിനെ പറ്റിച്ചു പണി ചെയ്യാതെ കാശുണ്ടാക്കുന്നു എന്നു നമ്മള്‍ ഇന്ത്യക്കാര്‍ അഹങ്കരിക്കുമ്പോള്‍ , നക്കാപ്പിച്ച ശമ്പളം ഇന്ത്യക്കാര്‍ക്കു നല്കി കൊലയോടെ ഗവര്‍ണ്‍മെന്റിനെ പറ്റിച്ചു കാശുണ്ടാക്കുന്നു എന്ന സന്തോഷത്തില്‍ സായിപ്പന്‍മാരും ചിന്തിച്ചു പോരുന്നു... അങ്ങനെ വലരെ സൌഹാര്‍ധ പൂര്‍ണ്ണമായ ഒരു അന്തരീക്ഷം ക്യാമ്പിനകത്തു നിലനില്ക്കുമ്പോള്‍ തന്നെയും , കൊച്ചു വെളുപ്പാന്‍ കാലത്തെയുള്ള ഗെയ്റ്റ് ആക്സെസ്സ് അല്പ്പം കഠിനം തന്നെയാണു ...

വെളുപ്പിനെ ഏതാണ്ടു 3 മണി ആവുമ്പോള്‍ തുടങ്ങുന്ന ക്യൂ രാവിലെ ഒരു 8 മണി വരെ എങ്കിലും ഉണ്ടാവും .... ഇതിനിടക്ക് ഒരു പതിനായിരം പേരെങ്കിലും കയറിയിറങ്ങുന്നുണ്ടാവണം ... പട്ടാളത്തിലേക്കുള്ള റിക്രൂട്മെന്റ് പോലെ, പല ഘട്ടങ്ങളായുള്ള ചെക്കിങ് കഴിഞ്ഞേ ബാഡ്ജ് കയ്യില്‍ കിട്ടു ( ഈ പറയുന്നതെല്ലാം ഒരു 3-4 വര്‍ഷം മുന്പെ ഉള്ള കാര്യങ്ങളാണു.. ഇപ്പോള്‍ ഇതൊക്കെ കുറച്ചു ഭേദമായിട്ടുണ്ട്)...

എങ്ങനെ പോയാലും ഒരു 2 മണിക്കൂറെങ്കിലും ഗയ്റ്റ് പരിസരത്ത് നില്‍ക്കാതെ അകത്തു കടക്കാന്‍ സാധിക്കാറില്ല പൊതുവെ ... ഈ ഒരു അവസ്ഥയെ ചില ബുദ്ധി രാക്ഷസന്മാര്‍ കച്ചവടമാക്കിയതിന്റെ ഭലമായി ക്യൂ നില്ക്കുന്നതിന്റെ ഇടയില്‍ കൂടി ചില്ലറ സിഗററ്റ് - പാന്‍ പരാഗ് കചവടത്തിലൂടി തുടങ്ങി, പിന്നീടതു വലര്‍ന്നു ബിസ്കറ്റ്, ഉപ്പേരി, പക്കാവടയില്‍ എത്തി ചേര്‍ന്നതോടെ വിപണി സാധ്യത മനസ്സിലാക്കിയ ചില മലയാളി കുത്തക മുതലാളിമാര്‍ സമോസ, ബോണ്ടാ, വട-സാമ്പാര്‍ മുതലായ സാധനങ്ങള്‍ ബ്രെയ്ക്ക് ഫാസ്റ്റ് കിറ്റുകളായി വില്ക്കാന്‍ തുടങ്ങിയതോടെ ബാങ്ളൂരില്‍ സോഫ്റ്റ്വെയര്‍ എഞ്ജിനിയര്‍മാര്‍ എന്ന പോലെ 'ചില്ലറ കച്ചവടക്കാരെ' തട്ടി വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തി ചേര്‍ന്നു ...

കാര്യങ്ങള്‍ ഇത്രത്തോളം എത്തിയതോടെ ഈ പോക്ക് ശരിയല്ലാന്നു പട്ടാളക്കാര്‍ക്ക് മനസ്സിലായി തുടങ്ങി ... ക്യാമ്പിന്റെ സുരക്ഷ, ഏഷ്യക്കാരെല്ലാം ചേര്‍ന്നു പൊളിച്ചടുക്കി കയ്യില്‍ കൊടുക്കുമെന്നു അവര്‍ക്കു ബോധ്യപെട്ടതിനെ തുടര്‍ന്നു ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തി തുടങ്ങി... പ്രധാനമായും ജോലിക്കാരുടെ ബാഗുകള്‍ പരിശോധനയാണ്...

പക്ഷെ അത് അധികം നാള്‍ തുടര്‍ന്നില്ല... ഗെയ്റ്റ് ഡ്യുട്ടിക്കു സായിപ്പന്മ്മാരെ കിട്ടാതെ ആയി... ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയപ്പൊഴാണറിയാന്‍ സാധിച്ചതു , പ്രശ്നം ചാള കറിയാണ്... പരിശോധനയുടെ ഭാഗമായി പാത്രങ്ങള്‍ തുറന്ന പല സായിപ്പന്മാരുടേയും മൂക്ക്, 3 ദിവസം മുന്പലത്തെ ചാള കറിയുടെ മണമടിച്ചു ഫ്യൂസായത്രെ .... അതോടെ ബാഗ് തുറന്നുള്ള പരിശോധനക്കു അവസാനമായി... ഇടക്കൊന്നു നിന്നു പോയിരുന്ന 'ചില്ലറ കച്ചവടമൊക്കെ' വീണ്ടും തഴച്ചു വളരാന്‍ തുടങ്ങി...

ഏതു നല്ല കാര്യത്തിനും ഒരു അന്ത്യമുണ്ടാവുമെന്നു പറയുമ്പോലെ, ഈ സുഘകരമായ അവസ്ഥക്കും അധികം ആയുസ്സുണ്ടായിരുന്നില്ല... ഒരു സുപ്രഭാതത്തില്‍ ഗെയ്റ്റിലെത്തിയ ഞങ്ങള്‍ക്കു കാണാന്‍ സാധിച്ചത് എയര്‍പോര്‍ട്ടില്‍ ഒക്കെ കാണുന്ന തരത്തിലുള്ള ഒരു സ്കാനിങ് മെഷീന്‍ ആണ്... ബാഗ് ഒരു ബെല്‍റ്റിലൂടെ കടന്നു പോവുമ്പോള്‍ മെഷീനില്‍ തന്നെ ഘടിപ്പിച്ചിട്ടുള്ള ഒരു മോണിറ്ററില്‍ ഉള്ളിലുള്ളതെല്ലാം തെളിഞ്ഞു കാണാന്‍ സാധിക്കും ... സംശയമുള്ള ബാഗുകള്‍ മാത്രം തുറന്നാല്‍ മതി ...

അങ്ങനെ പുതിയ മെഷീന്റെ വരവു ബ്രെയ്ക്-ഫാസ്റ്റ് കിറ്റ് കുത്തകകളുടെ പള്ളക്കടിക്കലായി മാറി...എങ്കിലും ഉപ്പേരി - മുറുക്ക്, ബീഡി - തമ്പാക്ക് - സിഗററ്റ് കച്ചവടക്കാര്‍ സ്വന്തം ആവശ്യത്തിനു എന്ന ന്യായം പറഞ്ഞു ബിസിനസ്സ് തുടര്‍ന്നു കൊണ്ടിരുന്നു ... കൂടുതലും ബംഗാളികള്‍ ആണു ഇതിലേര്‍പെട്ടിരുന്നത് ... ഒത്തിരി ലാഭം ഒറ്റയടിക്ക് കിട്ടാത്ത കൊണ്ട് നമ്മുടെ ആള്‍ക്കാര്‍ വലിയ താല്പ്പര്യം ഇക്കര്യത്തില്‍ പ്രകടിപ്പിച്ചില്ല.... പിന്നെ ബംഗാളികള്‍ക്കാവുമ്പോള്‍ ഒരു ഗുണം കൂടി ഉണ്ട് ... "വാട്സ് ഗോയിങ്ങോണ്‍ ഹിയര്‍" എന്നെങ്ങാനം വല്ല സയിപ്പന്മാര്‍ ചോദിച്ചാലും , എലിയെന്നു പറഞ്ഞാല്‍ 'ട്രാന്‍സ്പോര്‍ട്ട് ബസ്സ്' എന്നു കേള്‍ക്കുന്ന ബംഗാളിക്കു വല്ല പ്രശ്നവുമുണ്ടോ ? ... വെറുതെ വായിട്ടലച്ചിട്ടു കാര്യമില്ലെന്നറിയാവുന്ന സായിപ്പന്‍മാരും കണ്ണടചു കൊടുത്തിരുന്നു ...

***** ***** ***** ***** ***** ***** ***** ***** ***** *****

വൈഫ് നാട്ടില്‍ നിന്നും കുവൈറ്റിലെക്കു വന്നു ജോലിയൊന്നുമാവാതെ നില്ക്കുന്ന സമയം ... അതു കൊണ്ടു തന്നെ എന്റെ കീശക്കു ബില്‍ ഗേറ്റ്സിന്റെ കീശയേക്കാളും ഭാരമുണ്ടായിരുന്നു ( സത്യം ...മൊത്തം ചില്ലറയാരുന്നു ;)) ... അപ്പൊ പറഞ്ഞു വന്നതു എന്താന്നു വെച്ചാല്‍ , അന്നു ഞങ്ങള്‍ക്കു ഷെയറിങ്ങ് അക്കൊമഡേഷന്‍ ആയിരുന്നു ... ഫ്ളാറ്റ് ഷെയര്‍ ചെയ്തിരുന്നതു എന്റെ കൂടെ തന്നെ ജോലി ചെയ്തിരുന്ന രമേശും ഫാമിലിയും ...

അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞ് കമ്പനി ബസ്സില്‍ പഴയ ബാച്ചിലേര്സ് ക്യാമ്പില്‍ വന്നിറങ്ങി ... പെട്ടെന്നു രമേശിനൊരു ഉള്‍വിളി ഉണ്ടായത്... വീട്ടിലെ സിസ്റ്റം ഭയങ്കര സ്ലോ ... ടോണിയുടെ കയ്യില്‍ '128 MB RAM' ഉണ്ടെന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു... അവന്റെ റൂമില്‍ കയറി അതെടുത്തു കൊണ്ടു പൊയാലെന്താ ... 'നീ എന്തു പറയുന്നു' ചോദ്യം എന്നോടായി... 'എന്തു പറയാന്‍ , ഇവിടെ വരെ വന്നതല്ലെ... അതിനി പിന്നത്തേക്കു വെക്കണ്ടാ 'ഞന്‍ പറഞ്ഞു... അങ്ങനെ അതും വാങ്ങി ബാഗിലിട്ടു ഞങ്ങള്‍ വീട്ടിലേക്കു വെച്ചു പിടിച്ചു നടന്നു...


***** ***** ***** ***** ***** ***** ***** ***** ***** *****

അന്നു പതിവിലും വലിയ ക്യൂ ആയിരുന്നു ഗെയ്റ്റില്‍ ... മുജ്ജന്മ സുക്രുതം എന്നല്ലാതെ എന്തു പറയാന്‍ , കഠുകെണ്ണ ഒക്കെ തേച്ചു കുളിച്ചു നല്ല കുട്ടപ്പന്മാരായി വന്നു നില്ക്കുന്ന ഒരു കൂട്ടം ബംഗാളികളുടെ ഇടയില്‍ തന്നെ ഞാനും രമേശും നില്ക്കാനുള്ള സ്തലം സംഘടിപ്പിച്ചു ... ഏതാണ്ട് 1 മണിക്കൂറത്തെ നില്പ്പിനു ശേഷം ഞങ്ങള്‍ 18 പടിയും കടന്നു സന്നിധാനത്ത് എത്തിചേര്‍ന്നു ( സോറി...ചെക്കിങ്ങ് പോയിന്റില്‍ ) ...

മുന്നില്‍ നിന്ന ബംഗാളിയും , രമേശും പിന്നെ ഞാനും ഞങ്ങളുടെ 3 പേരുടേയും ബാഗുകള്‍ ഒരു തുറന്ന പ്ളാസ്റ്റിക് പെട്ടിയില്‍ ആക്കി (അതാണു റൂള്) സ്കാനിങ്ങ് മെഷീന്റെ ബെല്‍റ്റിലേക്കു വെച്ചു കൊടുത്തു ... അതിങ്ങനെ സ്ലോ മോഷനില്‍ മുന്നോട്ടു നീങി കൊണ്ടിരിക്കുന്നു ... പെട്ടെന്നു, യാതൊരു പ്രകോപനവുമില്ലാതെ , ഞെട്ടാനൊരു ഗ്യാപ് പോലും തരാതെ സെക്യുരിറ്റി സായിപ്പു ഗര്‍ജ്ജിച്ചു ... ഓ ഷിറ്റ് !!! ഹൂ ബ്രോട്ട് തിസ് മൈക്രൊ ചിപ് ????

ഞാന്‍ ശ്രദ്ധിക്കാനേ പോയില്ല ... അതല്ലേലും ഇവിടെ ഇത് പതിവാ ... ഹാര്‍ഡ് ഡിസ്ക് , മെമ്മറി സ്റ്റിക്സ് , കാമറ ഫോണ്‍ എന്നിവയെല്ലാം 'ബാന്‍ ' ചെയ്തിരിക്കുകയാണു ... ആരെങ്കിലും കൊണ്ടു വന്നു പിടിക്കപെട്ടാല്‍ ജോലി പൊയതു തന്നെ ... ജോലി പൊവുന്നതും സഹിക്കാം , അതിന്റെ പേരില്‍ ഉള്ള ഇന്‍വെസ്റ്റിഗേഷനാനു സഹിക്കാന്‍ പറ്റാത്തത് ... എന്തായലും നമ്മളെ ബാധിക്കുന്ന കാര്യമൊന്നുമല്ലല്ലൊ ... ഞാന്‍ ഒരു തനി മലയാലിയേ പോലെ 'മുക്കാല മുക്കാബില' പാട്ടൊക്കെ പാടി അങ്ങനെ എന്റെ ബാഗും വെയ്റ്റ് ചെയ്തു നില്ക്കുകയാണു ... സായിപ്പു പിന്നെയും ഗര്‍ജ്ജനം തുടര്‍ന്നു കൊണ്ടിരുന്നു ... അപ്പൊഴാണു ഞാന്‍ രമേശിന്റെ മുഖം ശ്രദ്ധിച്ചതു ...എന്തൊ വശപിശകുണ്ടല്ലൊ !!! ഞാനവനെ ഒന്നൂടെ നോക്കി ... എനിക്കെല്ലാം മനസ്സിലാവന്‍ തുടങ്ങി ... തലേ ദിവസം ടോണിടെ കയ്യില്‍ നിന്നും വാങ്ങിയ സാധനം ബാഗിലുണ്ട് ...ദൈവമേ കുരിശായല്ലൊ ...

ടെല്‍ മീ , ഹൂ ബ്രോട്ട് ദിസ് മൈക്രോ ചിപ്പ് ??? ... ഐ മീന്‍ "ചിപ്പ്" .... സംഗതി കയി വിട്ടു പോയിന്നുറപ്പായ രമേശ് രണ്ടു കണ്ണും പൂട്ടി ... കുറ്റം ഏറ്റു പറയാന്‍ തയ്യാറായി ... പെട്ടെന്നാണു ഞങ്ങളെ രണ്ടു പേരെയും സ്തബ്ധരാക്കി കൊണ്ട് ബംഗാളി സായിപ്പിനോടു പറഞ്ഞു ... "ചിപ്സ് സാര്‍ " "മൈ സാര്‍ " "സോറി സാര്‍ " "യെസ്സ് സാര്‍ " ...

ഒന്നും മനസ്സിലായില്ല എങ്കിലും അടികൊള്ളാതെ എങ്ങനെ തടിയൂരാം എന്ന വിദ്യ ജന്മനാ വശമുള്ളതിനാല്‍ ഞാന്‍ രമേശിനോടു പറഞു " അളിയാ വണ്ടി വിട്ടൊ " ... മെസ്സേജ് കിട്ടി മൈക്രോ സെക്കന്റിനുള്ളില്‍ തന്നെ ഞങ്ങള്‍ ബാഗുകളും എടുത്തു പുറത്തു കടന്നിരുന്നു ....

എന്താണു സംഭവിച്ചത് എന്നറിയാനുള്ള ആകാംഷ അടക്കാനാവതെ വന്നപ്പോള്‍ ഞാന്‍ ഇറങ്ങിയ വാതിലിലൂടെ തന്നെ അകത്തേക്കു ഒളിഞ്ഞു നോക്കി ...അപ്പോള്‍ കണ്ടത് , തുറന്ന ബാഗും ഒരു കയ്യില്‍ മൂന്ന് കവര്‍ മുറുക്കും മറുക്കയ്യില്‍ നാലു കവര്‍ വാഴക്ക ഉപ്പേരിയുമായി നില്ക്കുന്ന സായിപ്പിനെയാണു ... അതേന്നേ ... നമ്മുടെ സ്വന്തം കായംകുളം മെയ്ഡ് "ചിപ്പ്"സ്

9 comments:

കറുമ്പന്‍ said...

ഒരു പൊസ്റ്റ് കൂടി ... ഇതിന്റെ ത്രെഡ് വെച്ച് എന്റെ ഒരു സഹപ്രവര്‍ത്തകന്‍ ബൂലോകത്ത് ഒരു പോസ്റ്റ് പൂശിയിട്ടുണ്ട് ... ഇതു കായംകുളം വേര്‍ഷന്‍

ദില്‍ബാസുരന്‍ said...

കറുമ്പാ,
സംഭവം ഊഹിക്കാന്‍ പറ്റിയില്ല. രസമായിട്ടുണ്ട്. :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
സംഭവം രസായിട്ടുണ്ട് പക്ഷേ ഒരു അന്തോം കുന്തോം ഇല്ലാ. ചിപ്പ് ക്യാമ്പീന്ന് പുറത്തേക്കാണോ കൊണ്ടോയത്? ബാച്ചി വീ‍ടീന്ന് സ്വന്തം താമസസ്ഥലത്ത് എത്തുന്നതിനു ഇടയിലാണോ ചെക്കിംഗ്? ആര്‍ക്ക് എവിടെയാണ് പണി!! മൊത്തം കണ്‍ഫ്യൂഷം... തമാശ മാത്രം മനസ്സിലായി.

കറുമ്പന്‍ said...

ചോദ്യങ്ങള്‍ ഓരോന്നോരോന്നായി ചോദിക്കു ചാത്താ... ചുമ്മാ എന്നെ കൂടി കണ്‍ഫ്യൂഷന്‍ ആക്കാതെ ... അപ്പോ പറഞ്ഞു വന്നതെന്താന്നു വെച്ചാ...അല്ലാ ആരെന്തു പറഞ്ഞൂന്നാ...?

TonY Kuttan said...

ആപ്പം ഇതും പോസ്റ്റി....

പോസ്റ്റ് നന്നായി :))))

തെച്ചിക്കോടന്‍ said...

സംഗതി രസികന്‍. അവസാനം ഒന്നും മനസ്സിലായില്ല

O¿O (rAjEsH) said...

കറുമ്പാ,
സംഗതി ഞെരിപ്പന്‍!!

[ ബെര്‍ളി തോമസ് ] said...

ഇത്രേം ആക്കിയ സ്ഥിതിക്ക് ബ്ലോഗിന്റെ ടേംപ്ലേറ്റ് കൂടി കറുകറുപ്പാക്കാമായിരുന്നു...

കൈപ്പള്ളി said...

ഓര്‍മ്മ കുറിപ്പ് വളരെ ഇഷ്ടപ്പെട്ടു. അല്പം ഹൃസ്വമക്കാന്‍ ശ്രമിക്കു.

പണ്ടു് (1990 -91) സദ്ദാം കുവൈത്തില്‍ കയറിയപ്പോള്‍ ഇവിടെ അബു ദാബിയില്‍ എങ്ങോട്ട് തിരിഞ്ഞാലും വണ്ടി നിര്ത്തി പരിശോദനയായിരുന്നു.

പാവം പഠാണികളുടെ ടാക്സിയും, ദുബയിക്ക് കള്ള വണ്ടി ഓട്ടിക്കുന്ന മലബാറികളുടെ വണ്ടിയും പിടിച്ചു നിര്‍ത്തി പാരിശോദിക്കുമായിരുന്നു.

എല്ലാം നല്ല തമാശയായിരുന്നു ഇവിടെ.